തൃശൂര്‍:ബോക്സിങ്ങിന്റെ മുഴുവന്‍ കളിച്ചന്തവും ആവാഹിച്ച് പൊരുതിയ കേരളത്തിന്റെ എം.മീനാകുമാരി ദേശീയ ഗെയിംസിലെ വനിതാവിഭാഗം ബോക്സിങ്ങില്‍ ഫൈനലില്‍ കടന്നു. 57-60 കിലോ വിഭാഗത്തില്‍ ഡല്‍ഹിയുടെ ഗീതയെയാണ് മീനാകുമാരി വാശിയേറിയ മത്സരത്തില്‍ 13-09 എന്ന സ്കോറിന് കീഴടക്കിയത്.
രണ്ടുവര്‍ഷം മുന്‍പ് ദേശീയ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഗീതയോട് പരാജയപ്പെട്ടിരുന്നതിന്റെ മധുര പ്രതികാരം കൂടിയായി മീനാകുമാരിയുടെ ഈ വിജയം. എന്നാല്‍ ഏറെ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തിന്റെ അല്‍ഫോണ്‍സ മരിയ തോമസ് ഹരിയാനയുടെ സോണിയയോട് ദയനീയമായി തോറ്റു പുറത്തായി. സ്കോര്‍ 08-27.
ഇന്ന്നടക്കുന്ന ഫൈനലില്‍ മീനാകുമാരി മണിപ്പൂരിന്റെ എച്ച്. ചൗബാദേവിയെ നേരിടും. പരിചയസമ്പത്തും കളിമികവുമാണ് മീനാകുമാരിയെ വിജയിപ്പിച്ച ഘടകം. ഒന്നാം റൗണ്ടില്‍ 5-2 എന്ന സ്കോറിന് മീനാകുമാരി മുന്നിട്ടു നിന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ എതിരാളി 2-4 എന്ന ലീഡില്‍ തിരിച്ചടിച്ചപ്പോള്‍ നിറഞ്ഞു കവിഞ്ഞ ഗാലറികള്‍ അല്പനേരം നിശബ്ദമായി. മൂന്നാം റൗണ്ടില്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ കേരളത്തിന്റെ സ്വന്തം മീന മുന്നേറി. സ്കോര്‍ നില 3-1.
തുടര്‍ന്ന് അവസാന റൗണ്ടിലും ആത്മവിശ്വാസത്തോടെ പൊരുതിയ മീനാകുമാരി എണ്ണം പറഞ്ഞ പഞ്ചിങ്ങുകള്‍ നടത്തി എതിരാളിയെ വീഴ്ത്തി. ഇതിലെ സ്കോര്‍നില 3-2 ആയിരുന്നു. ഇതോടെ മീനാകുമാരി ഫൈനലിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.
48-51 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ സോണിയ 27-08 എന്ന സ്കോറിന് അല്‍ഫോണ്‍സ മരിയാതോമസിനെ പരാജയപ്പെടുത്തി. കളിയുടെ എല്ലാ റൗണ്ടുകളിലും ഇഞ്ചോടിഞ്ച് പോരാടിയാണ് ഗീത കീഴടങ്ങിയതെന്നും മത്സര വീര്യത്തെ ഉയര്‍ത്തി കാട്ടുന്നു.
അല്‍ഫോണ്‍സ മരിയ തോമസ് കളിയുടെ എല്ലാ റൗണ്ടുകളിലും പിറകിലായിരുന്നു. 2-6, 3-7, 1-6, 2-8 എന്നിങ്ങനെയായിരുന്നു എതിരാളി അല്ഫോണ്സക്കു മേല്‍ നേടിയ ലീഡ് നില. മറ്റു സെമിഫൈനലുകളില്‍ 57-60 കിലോവിഭാഗത്തില്‍ മണിപ്പൂരിന്റെ എച്ച്. ചൗബാദേവി ജാര്‍ഖണ്ഢിന്റെ അഞ്ജുബാലയെ 20-11 ന് പരാജയപ്പെടുത്തി ഫൈനലിലെത്തി. 69-75 കിലോ വിഭാഗത്തില്‍ മണിപ്പൂരിന്റെ ഇ. മെംതോയ് ദേവി അരുണാചല്‍ പ്രദേശിന്റെ സിബെംചാ ദേവിയെ 30-27 ന് തോല്‍പ്പിച്ചു ഫൈനലില്‍ കടന്നു. ഇതേവിഭാഗത്തില് ജാര്‍ഖണ്ഢിന്റെ അരുണാമിശ്ര ആന്ധ്രാപ്രദേശിന്റെ സാത്തി വാപ മാര്ത്തമ്മയെ കീഴടക്കി ഫൈനലില്‍ കടന്നു. സ്കോര്‍ നില 21-07.
പ്രതികരിക്കാൻ ഇവിടെ എഴുതുക: