തൃശൂര്‍: പഞ്ചാംഗം നോക്കി ശുഭദിവസവും നിശ്ചയിച്ച് ക്ഷേത്രമോഷണത്തിനിറങ്ങുകയെന്നതാണ് സംസ്ഥാനത്തെ ആറ് ജില്ലകളില്‍നിന്നായി 31 ക്ഷേത്രങ്ങളില്‍ മോഷണം നടത്തി പിടിയിലായ വര്‍ക്കല സ്വദേശി ജയരജ്ഞന്റെ മോഷണരീതി.
ജ്യോതിഷവും പൂജാകര്‍മ്മവും നല്ലവണ്ണം പഠിച്ചിട്ടുള്ള ജയരഞ്ജന്, മോഷണത്തിനായി ക്ഷേത്രത്തില്‍ കടക്കുംമുമ്പ് നന്നായൊന്ന് തൊഴും. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് കയറിയാല്‍ കുറച്ച് വെള്ളമെടുത്ത് ‘ഘോരം ഘോരം അശുദ്ധ ഭവഃ’ എന്ന മന്ത്രം ചൊല്ലി വെള്ളം തെളിക്കും. കോവിലിനുള്ളിലെ വിഗ്രഹത്തിന്റെ ചൈതന്യം തല്ക്കാലം വിട്ടുപോകാനാണ് കര്‍മ്മം. ഇത് ചെയ്താല്‍ ക്ഷേത്രം അശുദ്ധമാകുമെന്നാണ് വിശ്വാസം.
പത്ത് വര്‍ഷമായി സ്വന്തം വീടില്ലാത്ത പ്രതി ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണത്തിന് പദ്ധതിയിടുക. ടൂര്‍, ബിസിനസ് കാര്യങ്ങള്‍ക്കെന്നു പറഞ്ഞാണ് മുറി എടുക്കുക. ബസ്സില്‍ സഞ്ചരിച്ച് മോഷണത്തിനുള്ള ക്ഷേത്രം കണ്ടെത്തും. പുലര്‍ച്ചെ അഞ്ച് മണിയോടെ കുട്ടിയേയുംകൂട്ടി ലോഡ്ജിന്റെ സമീപത്തുനിന്നും ഓട്ടോറിക്ഷ വിളിച്ച് ലക്ഷ്യസ്ഥാനത്തെത്തും.
ശാന്തിക്കാരനെ വ്യാജപേര് പറഞ്ഞ് പരിചയപ്പെടും. ബാങ്ക് മാനേജര്‍, ഗള്‍ഫ് റിട്ടേണ്‍ വ്യവസായി എന്നീ നിലകളിലാണ് സ്വയം പരിചയപ്പെടുത്തുക. സുരേഷ്, രവീന്ദ്രന് എന്നീ പേരുകളിലും പരിചയപ്പെടുത്തും.
പാലഭിഷേകം നടത്തണമെന്ന് പറഞ്ഞ് ചെലവുകള്‍ ചോദിച്ചറിയുകയും ശാന്തിക്കാരനെ വശത്താക്കുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസം ക്ഷേത്രപരിസരത്ത് തമ്പടിച്ച് നിരീക്ഷിക്കുകയും എപ്പോഴാണ് നടതുറക്കല്‍ എന്നും അപ്പോള്‍ ആരൊക്കെ ക്ഷേത്രത്തില്‍ ഉണ്ടാകുമെന്നും ശ്രീകോവിലിലെ വിഗ്രഹത്തിലുള്ള തിരുവാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എന്തൊക്കെയാണെന്നും ശ്രീകോവില്‍ തുറന്ന് ശാന്തിക്കാരന് എങ്ങോട്ടൊക്കെ മാറുമെന്നും എപ്പോഴാണ് തിരിച്ചെത്തുകയെന്നും വിശദമായി പഠിക്കും. മോഷണം കഴിഞ്ഞ് രക്ഷപ്പെടാനുള്ള വഴികളും കണ്ടെത്തും.മോഷണദിവസം പുലര്‍ച്ചെ 5ന് ഓട്ടോറിക്ഷയില്‍തന്നെയാണ് എത്തുക. പത്ത് മിനിറ്റ് കാത്തുനില്ക്കാന് പറഞ്ഞ് ക്ഷേത്രത്തില്‍ കടക്കും.
ശാന്തിക്കാരന് ഉപദേവതകളുടെ പൂജയ്ക്ക് കടക്കുമ്പോള്‍ കുട്ടി ശ്രീകോവിലില്‍ കടന്ന് എടുക്കേണ്ടതെല്ലാം എടുക്കും. തിരികെ രണ്ടുപേരും ലോഡ്ജിന്റെ അകലെ ഓട്ടോയില്‍നിന്നും ഇറങ്ങും. ഉടന്‍ മുറി ഒഴിഞ്ഞ് ബസ്സിലോ ട്രെയിനിലോ മറ്റൊരു ജില്ലയിലേക്കോ ചേക്കേറും. ആദ്യദിവസം പദ്ധതി നടന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസംതന്നെ മോഷണം എന്നതാണ് രീതി. ചില ക്ഷേത്രങ്ങളില്‍ സന്ധ്യക്ക് നടതുറക്കുമ്പോഴാണ് മോഷണം നടത്തിയിട്ടുള്ളത്.
തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.കെ. സജീവന്, സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ രാധാകൃഷ്ണന്‍നായര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. ഫിലിപ്പ് വര്‍ഗ്ഗീസ്, എ.എസ്. ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, എസ്.ഐ. വി.കെ. മോഹനന്, എ.എസ്.ഐ. സതീഷ് പുതുശ്ശേരി, സീനിയര്‍ സി.പി.ഒ. കെ.എ.ഫ്രാന്‍സിസ്, ഇ.എ.ജയചന്ദ്രന്, എ.ശുഭ എന്നിവരും പ്രതിയെ അഞ്ച്വിളക്കിന് സമീപത്തുനിന്നും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: