പാലക്കാട്: ചിട്ടി കമ്പനി ഡയറക്ടറെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുമിറ്റക്കോട് ചാഴിയാട്ടിരി അകിലാണം അയ്യട്ട് വളപ്പില്‍ വീട്ടില്‍ എ.വി. സജിത്ത്(35) ആണ് പിടിയിലായത്.
സംഭവശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വഴി പാലക്കാട്ടെത്തിയപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം.
വിവിധ ചിട്ടി കമ്പനികളുടെ ഡയറക്ടറായ മോഹനനെയാണ് വധിക്കാന്‍ ശ്രമിച്ചത്. രാത്രി 9.30 ഓടെയാണ് ഗുണ്ടാസംഘം മോഹനനെ ആക്രമിച്ചത്. തലയ്ക്കും കൈയ്യിനും കാലിനും ഗുരുതരമായി വെട്ടേറ്റ മോഹനന് ഭാഗ്യം കൊണ്ടാണ് ജീവന്തിരിച്ചുകിട്ടിയത്. ഇപ്പോഴും നടക്കാന്‍ പ്രയാസമാണ്. കേസ് ആദ്യം അന്വേഷിച്ച ചാലിശ്ശേരി പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അന്വേഷണം പട്ടാമ്പി സി.ഐ ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീടാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൃത്യത്തില്‍ പങ്കെടുത്ത നാല് ഗുണ്ടകളെയും നേരത്തെ അറസ്റ്റ് ചെയ്തു. മോഹനനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ സജിത്തിനെയാണ് ഒന്നാംപ്രതിയാക്കിയത്. മൊത്തം ഏഴ് പ്രതികളുള്ള കേസില്‍ ഇതോടെ അഞ്ചുപേര്‍ അറസ്റ്റിലായി.
സജിത്തിനൊപ്പം വിദേശത്തേക്ക് കടന്ന ഒരാളെയും മറ്റൊരാളെയും പിടികൂടാനുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം പറഞ്ഞു. കറുകപുത്തൂര്‍ കുറീസ്, മേഴത്തൂര്‍ കുറീസ്, നന്ദികുലം കുറീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരായിരുന്നു മോഹനനും സജിത്തും. ഇവര്‍ തമ്മിലുണ്ടായ കുടിപ്പകയെ തുടര്‍ന്നാണ് മോഹനനെ വധിക്കാന്‍ പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: