വീണ്ടും ഒരു ഫെബ്രുവരി 11 കൂടി. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 47 വര്‍ഷം! ആ ദുരന്തം കൗമാര പ്രായത്തിലെ ദുസ്വപ്നം പോലെ തോന്നിച്ചിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ അതൊരു നഷ്ടമായിരുന്നുവെന്നും അത് അപരിഹാര്യമായിരുന്നുവെന്നും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു.
ദീന ദയാല്ജിയെ കുറിച്ച് വായിച്ചും കേട്ടും കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒന്ന് മനസ്സിലായി, അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഘപ്രസ്ഥാനങ്ങള്‍ക്ക് പൂജനീയ ഡോക്ടര്‍ജിയുടെ ദേഹവിയോഗം സൃഷ്ടിച്ചതിനു തുല്ല്യം തന്നെ! രാജനൈതിക രംഗത്ത് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പില്ക്കാലങ്ങളില് വന്ന വീഴ്ചകളും കാണേണ്ടി വന്നപ്പോള്‍ ‘ദീന ദയാല്‍ജി ഉണ്ടായിരുന്നുവെങ്കില്‍’എന്ന് ചിന്തിക്കാത്തവര്‍ ദേശീയ ബോധമുള്ളവരില്‍ ഉണ്ടാകില്ല.
കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട ദീനദയാല്‍. അമ്മാവന്റെ സംരക്ഷണത്തില്‍ ജീവിക്കുകയും പഠിക്കുകയും ചെയ്യുമ്പോഴും സംഘത്തിന്റെ നിഷ്ഠാവാനായ സ്വയംസേവകന്. ഒന്നാം റാങ്കോടെ ഡിഗ്രിയും ബീടിയും പാസ്സായപ്പോള്‍ മഹാരാജാവ് നേരിട്ടിടപെട്ടു സര്ക്കാ ര്‍ ജോലി തരപ്പെടുത്തിയപ്പോഴും തന്റെ മാര്‍ഗം സംഘമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രചാരക ജീവിതത്തിന്റെ കല്ലും മുള്ളും തെരഞ്ഞെടുത്ത കാവിയണിയാത്ത സന്യാസി.
ഒരു യഥാര്‍ഥ കര്മയോഗിയില് നിന്നും രാഷ്ട്രവും സമാജവും പ്രതീക്ഷിക്കുന്നതെല്ലാം ദീന ദയാല്‍ജി തന്റെ ജീവിതചര്യയാക്കി. ആര്‍എസ്എസ് പ്രചാരകനായി ജീവിതം സമര്‍പ്പിച്ച ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം ഉത്തരപ്രദേശിലെ സഹ പ്രാന്ത പ്രചാരകനായി. സ്വര്‍ഗീയ ഭാവു റാവു ദേവറസ് ആയിരുന്നു അന്നത്തെ പ്രാന്ത പ്രചാരക്. പിന്നീടു ഭാരതീയ ജനസംഘം സ്ഥാപിച്ച കാലത്ത് ഡോക്ടര്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ സഹായിയായി പൂജനീയ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത് മുതല്‍ അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖല രാജനൈതിക രംഗമാക്കി.
അടല്‍ജി, അദ്വാനിജി, നാനാജി, സുന്ദര്‍സിംഗ് ഭണ്ഡാരിജി തുടങ്ങിയവര്‍ ആയിരുന്നു ജനസംഘത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ അനിതരസാധാരണമായ കര്‍മ്മശേഷി കണ്ട മുഖര്‍ജി അന്ന് പറഞ്ഞത് ദീനദയാലിനെപ്പോലെ രണ്ടു മൂന്ന് പേര്‍കൂടി ഉണ്ടായി രുന്നെങ്കില്‍ താന്‍ ഭാരത രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമായിരുന്നു എന്നാണ്.
ഏതായാലും തൊടുന്നതെല്ലാം അദ്ദേഹം പൊന്നാക്കി.
1967 ലെ പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭാരതീയ ജനസംഘം, ആകെ പോള്‍ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി കഴിഞ്ഞിരുന്നു. അതിനു മുന്‍പു തന്നെ ഏകാത്മമാനവവാദം എന്ന തത്വശാസ്ത്രം അദ്ദേഹം എഴുതി തയ്യാറാക്കി കഴിഞ്ഞിരുന്നു.
കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായ ഈ തത്വശാസ്ത്രം ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു. ഈ വര്‍ഷം ഏകാത്മ മാനവവാദ ദര്‍ശനത്തിന്റ സുവര്‍ണ്ണ ജുബിലി ആഗോളമായി ആഘോഷിക്കുകയാണ്. ലോകത്തിനു നല്കാന് ഭാരതത്തിനുള്ള സുവര്‍ണ്ണ സംഭാവനയാണ് ഏകാത്മമാനവ വാദം.
ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും മാനവികത കൈവിടാതെയുള്ള ശൈലിയായിരുന്നു ദീന ദയാല്‍ജി ജീവിതത്തില്‍ പാലിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്തുള്ള ഒരു നിസ്സാര സംഭവം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്നു. താമസസ്ഥലത്ത് പാകം ചെയ്യാനായി പച്ചക്കറി വാങ്ങി തിരിച്ചു വന്ന അദ്ദേഹം ബാക്കി പണം എണ്ണി നോക്കിയപ്പോള്‍ കണ്ടത് എപ്പോഴോ തന്റെ കൈവശം വന്നു ചേര്‍ന്ന ഒരു എടുക്കാത്ത നാണയം പച്ചക്കറിക്കാരന് കൊടുത്തു പോയിരിക്കുന്നു എന്നാണ്. അത് അദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചു. ഉടനെ അദ്ദേഹം ചന്തയില്‍ തിരിച്ചെത്തി.
പച്ചക്കറിക്കാരന് അന്നത്തെ കച്ചവടം മതിയാകി വീട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ഒരു നാണയം കണ്ടെത്താന്‍ അദ്ദേഹത്തിന് സമയമില്ലായിരുന്നു. എന്നാല്‍ ദീന ദയാല്‍ജി വെറുതെ വിട്ടില്ല. ആ കള്ളനാണയം തിരിച്ചു വാങ്ങി പകരം നല്ല നാണയം നല്കിയിട്ടു മാത്രമേ ദീന ദയാല്‍ജി തിരിച്ചു പോയുള്ളൂ.
ഒരിക്കല്‍ ദീന ദയാല്‍ജി കാര്യാലത്തില്നിന്നു നടന്ന് ഒരു ബാര്‍ബര്‍ ഷോപ്പ് അന്വേഷിച്ചിറങ്ങി. ഹെയര്‍ കട്ട് തന്നെ ലക്ഷ്യം. ചെന്ന കടകളിലെല്ലാം അസാധാരണ തിരക്ക് തന്നെ. അപ്പോള്‍ ഒരു ഇടവഴിയില്‍ കാണുന്നു നിലത്തിരുന്നു മുടിവെട്ടുന്ന ഒരു പാവപ്പെട്ട ബാര്‍ബര്‍. അയാളുടെ മുന്നില്‍ കിടക്കുന്ന ഒരു വലിയ കല്ലാണ് ‘കസേര’. ദീന ദയാല്‍ജി സുഖമായി കല്ലില്‍ ഇരുന്നു.
മുടിയും വെട്ടി. അതിനെപ്പറ്റി ചോദിച്ച സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: ‘ആ പാവത്തിന് ഒരു ജോലി. എന്റെ സമയം ലാഭം.’ സാധാരണക്കാരോട് സംവദിക്കാനുള്ള ഒരു അവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി അദ്ദേഹം നടത്തിയ പഠനങ്ങള്‍ക്കെല്ലാം വേണ്ട ‘റിസോഴ്സ് പേഴ്സണ്‍സ്’ ആയിരുന്നു അവര്‍. വേഗതയേറിയ തീവണ്ടികള്‍ ഒഴിവാക്കി സാവധാനമോടുന്ന തീവണ്ടികള്‍ അദ്ദേഹം യാത്രക്ക് തെരഞ്ഞെടുത്തതും ഇതേ കാരണത്താല്‍ ത്തന്നെ. കൂടാതെ എഴുതാനും വായിക്കാനും കൂടുതല്‍ സൗകര്യവും.
പെരുമാറ്റത്തിലെ നോബിള്‍ സ്വഭാവം ദീനദയാല്‍ജിയെ എന്നും വ്യത്യസ്തനാക്കി. ‘ലെക്സ്സിക്കന്’ കളി അദ്ദേഹത്തിന് ഇഷ്ടടമായിരുന്നു, എങ്കിലും തനിക്ക് പൂര്‍ണ ബോധ്യമുള്ള സ്പെല്ലിങ് പോലും തെറ്റാണെന്ന് എതിരാളി പറഞ്ഞാല്‍ അദ്ദേഹം തര്‍ക്കം ഒഴിവാക്കിയിരുന്നു. അദ്ദേഹവുമായി ഏറെ അടുപ്പം ഉണ്ടായിരുന്നവര്‍ പറയുന്നത് അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ‘ഞാന്‍’ എന്ന വാക്ക് വളരെക്കുറച്ചേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ്.
സ്വയം സസ്യഭുക്ക് ആയിരുന്നെകിലും തന്റെ കൂടെയുള്ളവര്‍ സസ്യേതരാഹാരം കഴിക്കുന്നതിന് അദ്ദേഹം എതിര് നിന്നില്ല. ഒരിക്കല്‍ ബാലാസാഹേബ് ദേവറസ്ജിയുമൊന്നിച്ചു ചായ കഴിക്കാനിരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചത് ഇതില്‍ ബാലാസഹേബിനു വേണ്ടതൊന്നും ഇല്ലല്ലോ എന്നായിരുന്നു. ആ കാലത്ത് കുറഞ്ഞ രക്ത സമ്മര്‍ദ്ദത്തിനുള്ള ചികിത്സയുടെ ഭാഗമായി ദേവ റസ്ജി ഇടയ്ക്കെല്ലാം സസ്യേതരാഹാരം കഴിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
ആഡംബരങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും സ്വീകരിക്കാത്ത നേതാവായിരുന്നു ദീന ദയാല്‍ജി. ജനസംഘത്തിനു പ്രസിഡന്റുമാര്‍ മാറിമാറി വന്നപ്പോഴും സംഘടനയുടെ നെടുംതൂണായി നിന്നത് ജനറല്‍ സെക്രട്ടറി ആയ ദീന ദയാല്‍ ഉപാദ്ധ്യായ തന്നെ. പക്ഷെ ജീവിത ശൈലിയില്‍ അദ്ദേഹം സാധാരണക്കാരന്റെ പ്രതിനിധി മാത്രമായിരുന്നു.
കുര്‍ത്തകളും പൈജാമകളും കീറിയത് കൊണ്ടുമാത്രം ഉപേക്ഷിക്കാതെ അദ്ദേഹം വീണ്ടു വീണ്ടും തുന്നി ഉപയോഗിച്ചു. ചെരിപ്പും അങ്ങനെ തന്നെ. കാര്യാലയത്തിനു മുന്നില്‍ കീറിയ ചെരുപ്പ് കണ്ടാല്‍ ദീന ദയാല്‍ജി അകത്തുണ്ടെന്നു തീരുമാനിക്കാം എന്ന് അന്നൊക്കെ ഒരു ചൊല്ലുണ്ടായിരുന്നു എന്ന് കേട്ടിട്ടിടുണ്ട്.
ചെരുപ്പിന്റെ ദയനീയ സ്ഥിതി കണ്ടു വിഷമം തോന്നിയ ഒരു ഗൃഹസ്ഥനായ പ്രവര്ത്തകന് അദ്ദേഹത്തിന് ചെരുപ്പ് വാങ്ങി കൊടുക്കാന്‍ തയ്യാറായി. പക്ഷെ മറുപടി ആ പ്രവര്‍ത്തകനെ ഞെട്ടിച്ചു: ‘ഒരു തുന്നലും കൂടി നടത്തിയാല്‍ ആറ് മാസംകൂടി ഈ ചെരുപ്പുപയോഗിക്കാം. പിന്നെ, ബ്രാഹ്മണനായ എനിക്ക് ചെരുപ്പ് ദാനം തരികയോ ? മോശം. പോയി കുറച്ചു മധുരം വാങ്ങി വന്നാല്‍ എല്ലാവര്ക്കും കഴിക്കാമല്ലോ’
രാഷ്ട്രീയം തനിക്കു ചേരുന്നതല്ലെന്നു വിശ്വസിച്ചിരുന്നു എങ്കിലും സംഘ ദൗത്യം എന്ന നിലയ്ക്കാണ് അദ്ദേഹം ജനസംഘത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത്. കഴിയുന്നത്ര വേഗം സംഘ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതം എന്നും സ്വയംസേവകന്റേതായിരുന്നു, ഒരു സംഘപ്രചാരകന്റേതായിരുന്നു.
1968 ഫെബ്രുവരി 11 നു മുഗള്‍സരായിലെ റെയില്‍വേ ട്രാക്കില്‍ അദ്ദേഹം നിര്‍ജ്ജീവനായി കിടന്നപ്പോള്‍ പൂജനീയ ഗുരുജി പറഞ്ഞതു രാഷ്ട്രത്തിന് ഉണ്ടായ നഷ്ടത്തെപ്പറ്റിയാണ്. അന്നത്തെ സര്‍കാര്യവാഹ് സ്വര്‍ഗീയ ബാലാസാഹേബ് ദേവറസ് പറഞ്ഞത് ദീന്‍ദയാല്‍ എന്നും ആദര്‍ശ സ്വയംസേവകനായിരുന്നു എന്നാണ്. ആചാര്യ കൃപലാനി പറഞ്ഞത് ദൈവിക ഗുണങ്ങളുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്നാണ്.
ദീന ദയാല്‍ജിയുടെ ബലിദാനം ഉണ്ടാക്കിയ നഷ്ടം കേവലം സംഘത്തിനോ ജനസംഘത്തിനോ ഈ രാജ്യത്തിനോ മാത്രമല്ല, വിശ്വമാനവികതയ്ക്കു കൂടിയാണ്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ
ഏകാത്മമാനവ ദര്‍ശനത്തിന്റെ ശില്പിയായി അറിയപ്പെടുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ 1916 സപ്തംബര്‍ 25 ന് ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ നഗല ചന്ദ്രബനില് ജനിച്ചു. ശ്രീഭഗവതി പ്രസാദ് ഉപാദ്ധ്യായയും രാംപ്യാരി ദേവിയുമായിരുന്നു മാതാപിതാക്കള്‍. നന്നേ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടമായ ദീനദയാല്‍ ഉപാദ്ധ്യായ പിന്നീട് വളര്‍ന്നത് അമ്മാവനോടൊപ്പമാണ്. പ്രതിസന്ധികളിലൂടെ കടന്നുപോയ ജീവിതത്തിനിടയിലും രാഷ്ട്രത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്.
രാഷ്ട്രത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഏകാത്മ മാനവ ദര്‍ശനം രൂപപ്പെടുത്തിയെടുത്തതും. 1937 ല്‍ കാണ്‍പൂരിലെ സനാതന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തോടടുക്കുന്നത്. സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി ആ മഹാപ്രസ്ഥാനത്തിലേക്ക് തന്നേത്തന്നെ സമര്‍പ്പിക്കുകയായിരുന്നു ദീനദയാല്‍ ഉപാദ്ധ്യായ.
1940 കളില്‍ ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്ര ധര്‍മ മാസിക ആരംഭിച്ചു. അതിനുശേഷം പാഞ്ചജന്യ, സ്വദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. 1951 ല്‍ ശ്യാമപ്രസാദ് മുഖര്‍ജി സ്ഥാപിച്ച ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ ആര്‍എസ്എസ് ദീനദയാല്‍ ഉപാദ്ധ്യായക്ക് നിര്‍ദ്ദേശം നല്കി. ജനസംഘത്തിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിവരെയായി.
സ്വജീവിതം തന്നെ രാഷ്ട്രനന്മയ്ക്കായി വിട്ടുനല്‍കിയ, ആദര്‍ശ ശുദ്ധി ജീവിതത്തിലൂടനീളം കാത്തുസൂക്ഷിച്ച ദീനദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യം ആരുടെ കരങ്ങളാലായിരുന്നു എന്നത് ഇന്നും അജ്ഞാതം. 1968 ഫെബ്രുവരി 11-ാം തിയതി അദ്ദേഹം ഇഹലോകവാസം വെടിയുമ്പോള്‍ വയസ്സ് കേവലം 51.
ലാല്‍കൃഷ്ണ അദ്വാനി എഴുതുന്നു…
ദൈവഹിതത്തിന്റെ വഴികള്‍ അജ്ഞാതമാണ്. ജനസംഘം വളര്‍ച്ചയിലേക്കു നടക്കുമ്പോള്‍, വരും വര്‍ഷങ്ങളില്‍ വമ്പിച്ച വിജയത്തിന്റെ ഉയരങ്ങള്‍ താണ്ടാനിരിക്കെ ആ ദുരന്തം പ്രഹരിച്ചു.
പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ടുമാസം തികയും മുമ്പാണ് ക്രൂരവിധി ദീനദയാല്‍ജിയുടെ ജീവന് അപഹരിച്ചത്. ലഖ്നൗവില്‍ നിന്ന് പാട്നയിലേക്കുള്ള രാത്രിട്രെയിനില്‍ യാത്രപോയ അദ്ദേഹത്തിന്റെ മൃതദേഹം യുപിയിലെ മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കണ്ടെത്തുകയായിരുന്നു; 1968, ഫെബ്രുവരി 11-ന്.
ഈ ദുരന്തവാര്‍ത്തകേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു. അപൂര്‍വമായേ ഞാന്‍ ജീവിതത്തില്‍ അങ്ങനെ ആകെ കുലുങ്ങിയിട്ടുള്ളു, അത് അന്നായിരുന്നു. തീര്‍ച്ചയായും രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കണം. ഈ നിമിഷംവരെ അദ്ദേഹത്തിന്റെ കൊലപാതകം ദുരൂഹഭരിതമാണ്; അത് ഒരു സാധാരണ കൊലപാതകമെന്ന് തോന്നുമായിരുന്നെങ്കിലും.വിവിധ പാര്‍ട്ടികളില്‍പെട്ട ഒരുപറ്റം എംപിമാരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു തയ്യാറായി. വൈ.വി. ചന്ദ്രചൂഡായിരുന്നു കമ്മീഷന്. (അദ്ദേഹം പിന്നീട് ചീഫ് ജസ്റ്റീസായി). അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും സാധാരണ കുറ്റകൃത്യമാണെന്നും എഴുതിയ വിധി ആരെയും ആശ്വസിപ്പിച്ചില്ല.
ഭാരതീയ ജനസംഘമെന്ന, 15 വയസുമാത്രം പ്രായമായ പാര്‍ട്ടിക്കത് താങ്ങാനാകാത്ത രണ്ടാം ദുരന്തമായിരുന്നു. ആദ്യത്തേത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടേത്, 1953-ല്‍; അതും സമാനമായ ദുരൂഹ സാഹചര്യത്തില്‍-അറസ്റ്റിലായി ശ്രീനഗറിലെ ജയിലില്‍ കഴിയുമ്പോള്‍.
ട്രെയിന്‍ യാത്ര ദീനദയാല്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍നിന്നു വേറിട്ടൊന്നായിരുന്നില്ല. അദ്ദേഹം ആകാശത്തൂടെ സഞ്ചരിച്ചില്ല, ഒരിക്കലും. യാത്ര അധികവും പാസഞ്ചര്‍ ട്രെയിനിലായിരുന്നു. അദ്ദേഹം പറയുമായിരുന്നു, ”ഇതുമൂലം രണ്ടുണ്ട് ഗുണം, ഒന്നാമത്, എനിക്ക് സാധാരണക്കാരെ കാണാന്‍ അവസരം കിട്ടുന്നു. രണ്ടാമത്, എഴുതാനും വായിക്കാനും സമയം കിട്ടുന്നു.’ ഒരു ചെറു സ്യൂട്കേസ്, അതില്‍ കുറച്ച് വസ്ത്രം, പിന്നെ കിടക്ക, സഞ്ചി നിറച്ച് പുസ്തകങ്ങളും നോട്ടുബുക്കുകളും കത്തുകളും. അതായിരുന്നു യാത്രയിലെ പതിവു ഭാരം; അവസാനം പറഞ്ഞതായിരിക്കും കൂടുതല്‍.
വര്‍ഷങ്ങള്‍ക്കു ശേഷം, 1980-ല്‍, മുംബൈയില്‍ ബിജെപിയുടെ സ്ഥാപന യോഗത്തില്‍ അടല്‍ജി അദ്ദേഹത്തിന്റെ അനനുകരണീയ ശൈലിയില്‍ ഡോ. മുഖര്‍ജിയുടെയും ദീനദയാല്‍ജിയുടെയും നഷ്ടം അനുസ്മരിച്ചു. ”ഡോ. മുഖര്‍ജിയും ദീനദയാല്ജിയുമായിരുന്നു നമ്മുടെ സമുന്നത നേതാക്കള്‍. ഒരാള്‍ ജയിലില്‍ മരിച്ചു, മറ്റൊരാള്‍ ട്രെയിനിലും. നമ്മുടെയെല്ലാം രാഷ്ട്രീയയാത്ര യാതനയുടെയും ത്യാഗത്തിന്റേതുമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഒരുകാല് ട്രെയിനിലും മറ്റൊന്ന് ജയിലിലും. പക്ഷേ, നമ്മള് പിന്തിരിയില്ല. നമ്മള് പാര്‍ട്ടിയെ മൂന്നിന കര്‍മ്മ പരിപാടികളിലൂടെ പുനസൃഷ്ടിക്കും- സംഘടന, സമരം, സാമൂഹ്യ സേവനം.”
ദീനദയാല്‍ജിയെപ്പോലെ അജാത ശത്രുവായിരുന്ന ഒരാളെ വകവരുത്താന്‍ ആരായിരുന്നിരിക്കണം പ്രേരണ? ആദ്യ ഞെട്ടലില്‍നിന്നു മുക്തനായ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഇന്നും എനിക്ക് ഒരുത്തരം കിട്ടിയിട്ടില്ല. എന്റെ അനുമാനം ഇതാണ്: അതൊരു വ്യക്തിക്കെതിരേയുള്ള കുറ്റകൃത്യമായിരുന്നില്ല, രാഷ്ട്രത്തിനെതിരായിരുന്നു…. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന് 52 വയസു തികഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: