പോയ നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രം കാന്‍സറിനെ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നതെങ്കില്‍, കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ മഹത്തായ ഗവേഷണങ്ങള്‍ കാന്‍സര്‍ രംഗത്ത് ഇന്ന് ഒരു പുതിയ ഉണര്‍വ്വും ആത്മവിശ്വാസവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറുകളും പ്രതിരോധിക്കുവാന്‍ സാധിക്കും. 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്താം. ചുരുക്കത്തില്‍, ഏതാനും ചില കാന്‍സറുകള്‍ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 142 ലക്ഷം പേര്‍ക്കാണ് കാന്‍സര്‍ ബാധിച്ചത്. ഏകദേശം 82 ലക്ഷം രോഗികള്‍ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ പകുതിയോളം മരണങ്ങള് 30-69 വയസ്സിലാണ് സംഭവിക്കുന്നത്. കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 70 ശതമാനത്തിലധികവും മൂന്നാം ലോക രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. കാന്‍സറിനെക്കുറിച്ച് സമൂഹത്തിലുള്ള അജ്ഞതയാണ് മരണനിരക്ക് ഉയരാന്‍ പ്രധാന കാരണം. ഭാരതത്തിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല എന്നും പറയേണ്ടിയിരിക്കുന്നു.
ചെയ്യേണ്ടതെന്ത്?
കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കുണ്ടാവണം. കാന്‍സര്‍ കാരണങ്ങള്‍, ആരംഭദശയില്‍ രോഗനിര്‍ണ്ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങള്‍, സാന്ത്വനചികിത്സക്കുള്ള പങ്ക് തുടങ്ങിയ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.
കാന്‍സര്‍ നിദാനങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് ശരിയായ അറിവുണ്ട്.
പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗം (വലിക്കുക, മുറുക്കുക) ആണ് ഭാരതത്തില്‍ കാണുന്ന 35 ശതമാനം കാന്‍സറുകള്‍ക്കും കാരണം. വായ്, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം, തുടങ്ങിയ അവയവങ്ങളേയാണ് പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. നിഷ്ക്രിയ പുകവലി (passive smoking)യും ശ്വാസകോശാര്‍ബ്ബുദത്തിനിടയാക്കാം.
കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്.
അഞ്ച് ശതമാനം കാന്‍സറുകള്‍ക്ക് കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്. വായ്, തൊണ്ട, കരള്‍, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറിന് മദ്യം കാരണമാവുന്നു.
രോഗാണുബാധ
ചില കാന്‍സറുകള്‍ക്ക് കാരണം രോഗാണുബാധയാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഗര്‍ഭാശയഗള കാന്‍സറിന് (Cervical cancer) പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) രോഗാണുബാധയാണ്. 2012ല്‍ ഏകദേശം 5.5 ലക്ഷം സ്ത്രീകള്‍ക്ക് ഈ കാന്‍സര്‍ ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടാതെ ഹെപ്പറ്റൈറ്റിസ് ബി ആന്റ് സി വൈറസ് (കരള്‍ കാന്‍സര്‍) ഹെലികോബാക്ടര്‍ പൈലോറി (ആമാശയ കാന്‍സര്‍) തുടങ്ങിയ രോഗാണുക്കളും കാന്‍സര്‍ ഉണ്ടാവുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു.
തെറ്റായ ഭക്ഷണരീതി
ചെറുപ്പത്തിലെ ശീലിച്ചു വരുന്ന തെറ്റായ ആഹാരരീതി മൂലം, ഗര്‍ഭാശയം, കുടല്, പ്രോസ്റ്റേറ്റ്, അന്നനാളം, തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. കീടനാശിനികളുടെ അമിത ഉപയോഗം പച്ചക്കറികളേയും ഫലവര്ഗ്ഗങ്ങളേയും കൂടുതല്‍ വിഷമയമാക്കുന്നു.
പൂരിതകൊഴുപ്പുകളുള്ള എണ്ണ, നാരു കുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്, പന്നി, ആട്, പശു) കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍, ഉയര്‍ന്ന ചൂടില്‍ പൊരിക്കുന്ന ആഹാര സാധനങ്ങള്‍ തുടങ്ങിയവയും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദുര്‍മേദസ്സ്, അമിതഭാരം, വ്യായാമക്കുറവ്, അന്തരീക്ഷമലിനീകരണം തുടങ്ങിയവയും കാന്‍സറിലേക്ക് നയിക്കാം. പത്ത് ശതമാനത്തില്‍ താഴെ മാത്രം പാരമ്പര്യം ഒരു ഹേതു വാണ്.
സൂചനകളും രോഗനിര്‍ണ്ണയവും
ആരംഭത്തിലുള്ള രോഗനിര്‍ണ്ണയം ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു. കാന്‍സറിന്റെ സൂചനകളെക്കുറിച്ചും സ്ക്രീനിംഗിനെക്കുറിച്ചുമുള്ള അവബോധം ആവശ്യമാണ്.
കാന്‍സര്‍ സൂചനകള്‍
1. മുഴകള്‍, തടിപ്പുകള്‍, (പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വൃണങ്ങള്‍
4. മറുക്, അരിമ്പാറ- നിറത്തിലും, വലിപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടുനില്‍ക്കുന്ന ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍ സൂചിപ്പിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ എപ്പോഴും കാന്‍സറിന്റേത് ആവണമെന്നുമില്ല. സാധാരണ ചികിത്സകൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍ മാത്രമേ ഭയക്കേണ്ടതുള്ളു. അങ്ങനെയെങ്കില്‍ തുടര്‍ പരിശോധനകള്‍ കൃത്യമായി നടത്തുന്നതില്‍ വിമുഖത പാടില്ല. രോഗം നേരത്തെ കണ്ടുപിടിക്കുവാന്‍ ഇതിലൂടെ സാധിക്കും.
എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് മുമ്പ് കാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ സ്ക്രീനിംഗ് സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദവും, ഗര്‍ഭാശയഗള കാന്‍സറും വളരെ ആരംഭ ദശയില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തുന്നതിന് ഇതിലൂടെ സാധിക്കും.
40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ 1-2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫിക്ക് വിധേയമാകുക, 20 വയസ്സിന് മുകളിലുള്ളവര്‍ എല്ലാ മാസവും സ്തന സ്വയം പരിശോധന നടത്തുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്തനാര്‍ബുദത്തിന്റെ നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്നു.
പാപ്പ് സ്മിയര്‍ (Pap Smear) പരിശോധന മൂലം, ഗര്‍ഭാശയഗള കാന്‍സര്‍ മാത്രമല്ല, ഈ കാന്‍സറിന്റെ മുന്നോടിയായിട്ടുള്ള രോഗാവസ്ഥ (Pre-Cancerous Condition)യേയും വളരെ നേരത്തെ കണ്ടുപിടിക്കുവാന്‍ സാധിക്കും. കുടല് കാന്‍സര്‍ (Colonoscopy) പ്രോസ്റ്റേറ്റ് കാന്‍സര്‍ (ശാരീരിക പരിശോധന), വായിലുണ്ടാവുന്ന കാന്‍സര്‍ (ശാരീരിക പരിശോധന) എന്നീ രോഗങ്ങള്‍ വിവിധ പരിശോധന മാര്‍ഗ്ഗങ്ങളില്‍ കൂടി നേരത്തേ രോഗനിര്‍ണ്ണയം സാധ്യമാവുന്നു.
നേരത്തേ രോഗം അറിഞ്ഞാല്‍
1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.
2. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യം വരില്ല.
3. ചില സന്ദര്‍ഭങ്ങളില്‍ രോഗം ബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും
4. ചികിത്സാ ചെലവും ചികിത്സയുടെ കാലയളവും കുറയ്ക്കാം.
5. മാനസിക സംഘര്‍ഷത്തില്‍ കുറവ്, കൂടുതല്‍ ആത്മവിശ്വാസം
6. കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം
7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.
മികച്ച ചികിത്സ
എല്ലാ കാന്‍സര്‍ ബാധിതര്‍ക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത് ആവശ്യമാണ്. എന്നാലിന്ന് വളരെ കുറഞ്ഞ ശതമാനം രോഗികള്ക്കേ നമ്മുടെ രാജ്യത്ത് കൃത്യമായ ചികിത്സ കൃത്യമായ സമയത്ത് ലഭിക്കുന്നുള്ളൂ. ഇന്ന് കാന്‍സര്‍ രംഗത്ത് നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളില്‍ മുഖ്യം ശരിയായ ചികിത്സയുടെ അഭാവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: