ഒരു സ്ത്രീയ്ക്ക് എത്രത്തോളം വളരാനാകും എന്ന ചോദ്യത്തില്‍ നിന്നാണ് രഞ്ജിനി മേനോന് എന്ന ക്രിയേറ്റീവ് വുമണ്‍ ജനിക്കുന്നത്. വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതിന് ആണ്-പെണ് വ്യത്യാസമുണ്ടെന്ന് നമ്മുടെ സമൂഹം നിശ്ചയിച്ച് ഉറപ്പിക്കുമ്പോഴും രഞ്ജിനി ഭയപ്പെട്ടില്ല. കാരണം ചെയ്യാന്‍ പോകുന്ന കര്‍മ്മത്തെക്കുറിച്ചും തന്നെക്കുറിച്ചും അവര്‍ക്ക് ഉത്തമബോദ്ധ്യമുണ്ടായിരുന്നു എന്നത് തന്നെ. അതോടെ കലയുമായി ബന്ധപ്പെട്ട് സമൂഹത്തിന് പ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യണമെന്ന തന്റെ ചിരകാല അഭിനിവേശങ്ങളിലേക്ക് രഞ്ജിനി കൂടുതല്‍ അടുക്കുകയായിരുന്നു. സ്വപ്നങ്ങള്‍ നക്ഷത്രങ്ങളായി തിളങ്ങിയ മുഹൂര്‍ത്തം. ആ നക്ഷത്രക്കൂട്ടങ്ങള്‍ താണിങ്ങിയപ്പോള് അതിന് ഒരു പേരുമിട്ടു. പ്രഗതി – സ്റ്റേജ് പ്രഗതിയുടെ പിറവി അങ്ങനെയാണ്.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് സ്റ്റേജ് പ്രഗതിയെന്ന പുത്തന്‍ സംരംഭവുമായി രഞ്ജിനി മേനോന് സമൂഹത്തിലേക്കിറങ്ങുന്നത്. വ്യക്തമായി പറഞ്ഞാല്‍ മലബാറിന്റെ മണ്ണിലേയ്ക്ക് കൂടുതല്‍ കലകളെ എത്തിക്കുക എന്നതായിരുന്നു ദൗത്യം.
ഒരുപാട് താരങ്ങളെ അണിനിരത്തുന്ന വലിയ സ്റ്റേജ് ഷോകള്‍ എന്താണ് ജനങ്ങള്‍ക്ക് തിരിച്ച് നല്‍കുന്നത് എന്ന് ചിന്തിച്ചപ്പോഴാണ് സ്റ്റേജ് പ്രഗതിയിലേക്ക് കൂടുതല്‍ ധൈര്യത്തോടെ കാലെടുത്ത് വെക്കാനായത്. താന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചവര്‍ നിരവധിയാണ്. അവരെ നോക്കി രഞ്ജിനി ഇപ്പോഴും പുഞ്ചിരിക്കും. മെഗാഷോകളുടെ കുത്തൊഴുക്കില്‍പ്പെട്ട് നല്ല കലാകാരന്മാര് അവഗണിക്കപ്പെടുന്ന സമൂഹത്തില്‍ ലോകോത്തരമായ പല കലകളെയും സാധാരണക്കാര്‍ക്ക് പോലും പരിചയപ്പെടുത്തുന്നതിലൂടെ പുതിയ സമൂഹത്തെ തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
സ്റ്റേജ് പ്രഗതി മലബാറില്‍ തുടങ്ങിയതിനു പിന്നിലും കാരണങ്ങള്‍ ഉണ്ട്. എറണാകുളത്തെ താമസമൊക്കെ മതിയാക്കി വയനാട്ടിലേക്ക് ഒരു പറിച്ചുനടലായിരുന്നു ആദ്യം ചെയ്തത്. മലബാറിന് ഒരുപാട് കലാകാരന്മാര് സ്വന്തമായുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെയും ലോകത്തിന്റെ പല കോണുകളിലെയും കലാപ്രകടനങ്ങള്‍ കാണാനുള്ള അവസരം മലബാറുകാര്‍ക്ക് അധികം കിട്ടിയിട്ടില്ല. അത്തരത്തില്‍ കലയുമായി തന്റെ സമൂഹത്തെ കൂടുതല്‍ അടുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.-രഞ്ജിനി പറയുന്നു. പലരും ഇറങ്ങിത്തിരിക്കാന്‍ മടിക്കുന്ന ഇത്തരം സാഹചര്യത്തില്‍ ഒരു ഷോ മുഴുവന്‍ നടത്തിക്കൊണ്ട് പോകുക എന്നത് സ്ത്രീയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല എന്നും ഇവര്‍ വ്യക്തമാക്കുന്നു. സ്റ്റേജ് ഷോ സംവിധാനം ചെയ്യുന്ന പുരുഷന്മാര് മാത്രമുള്ള കേരളത്തില്‍ അങ്ങനെ രഞ്ജിനി മേനോന് എന്ന സംവിധായിക രംഗപ്രവേശനം ചെയ്തു.
കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം, മഴയെ മാത്രം ആസ്പദമാക്കിയ പാവന് ദൃശ്യാസ്, സിനിമോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് ക്ലാസ്സുകള്‍ എന്നിവയിലൂടെയായിരുന്നു സ്റ്റേജ് പ്രഗതിയുടെ കടന്നുവരവ്. ആദ്യപരിപാടികള്‍ തന്നെ വിജയിച്ചത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി രഞ്ജിനി പറയുന്നു. അത് പിന്നീട് ഭവഗായകന് പി.ജയചന്ദ്രന്റെ സംഗീതസപര്യയുടെ അന്‍പതാം വാര്‍ഷികം എന്ന മെഗാ ഇവന്റിലേക്ക് എത്തുകയായിരുന്നു.
സംഗീതലോകത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് ഷോ നടത്താന്‍ കഴിഞ്ഞത് തനിക്ക് കിട്ടിയ അനുഗ്രഹം കൂടിയായാണ് രഞ്ജിനി കാണുന്നത്. വയനായ് വൈത്തിരി കണ്വെന്ഷന് സെന്ററില്‍ നടന്ന മെഗാ ഇവന്റ് മലബാറിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇരുപത് പാട്ടുകള്‍ സ്റ്റേജില്‍ പാടിയ ഗായകന് ജയചന്ദ്രന് അന്ന് സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു.
പിന്നീടും മലബാറിന്റെ മണ്ണിലേയ്ക്ക് വിവിധ കലകളുമായി വിദേശ കലാകാരന്മാര് ഉള്‍പ്പെടെ നിരവധി പേരാണ് സ്റ്റേജ് പ്രഗതിയുടെ ഭാഗമായി എത്തിയത്. കഥക്, ജുഗല്‍ബന്ദി, കര്‍ണ്ണാടക-വാരണാസി നര്‍ത്തകരുടെ വ്യത്യസ്തമായ നൃത്ത ഇനങ്ങള്‍ തുടങ്ങി മലബാര്‍ ഇതുവരെയും വേദിയായിട്ടില്ലാത്ത പല കലാരൂപങ്ങളും സ്റ്റേജ് പ്രഗതിയിലൂടെ ജനം കാണുകയായിരുന്നു. ഇതിനകം പോപ്പുലര്‍ ആയിക്കഴിഞ്ഞ താമരശ്ശേരി ബാന്‍ഡിലെ ഏഴ് വയസ്സുകാരന് ഡ്രമ്മിസ്റ്റ് പ്രഗതിയുടെ സംഭാവനയാണ്.
സാധാരണ കുട്ടികള്‍ക്കും വിവിധ കലകളോട് വല്ലാത്ത ഭ്രമം ഉണ്ടായിരിക്കും. പലരും കാണാത്ത ഒരുപാട് പ്രകടനങ്ങളും കലാരൂപങ്ങളും ലോകത്തുണ്ട്. നമ്മള് കൊണ്ടുവരുന്ന ഒരു പരിപാടി കണ്ട് അത്തരത്തില്‍ എനിക്കും വളരണം എന്ന് ഒരു കുട്ടിക്ക് തോന്നിയാല്‍ അത് ആ കലയ്ക്കുള്ള അംഗീകാരം കൂടിയല്ലേ എന്ന് രഞ്ജിനി ചോദിക്കുന്നു. ബാക്ഗ്രൗണ്ട് എന്നര്‍ത്ഥം വരുന്ന പ്രഗതി എന്ന വാക്കിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനം തന്നെയാണ് ഇവരുടെ ലക്ഷ്യവും. കലകളെ കൂടുതല്‍ പരിചയപ്പെടുത്തന്നതിനോടൊപ്പം കഴിവുള്ള കുട്ടികളുടെ പ്രകടനം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സ്റ്റേജ് പ്രഗതി ഒരു വേദിയാണ്. ആദിവാസി കുട്ടികള്‍ പോലും പങ്കെടുത്ത പരിപാടികള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ യുവതലമുറയെ കലാപരമായ കഴിവുകളിലേക്ക് എത്തിക്കുക-അതാണ് സ്റ്റേജ് പ്രഗതി ലക്ഷ്യമിടുന്നതും.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി അദ്ദേഹം തന്നെ നയിക്കുന്ന എസ്പിബി നൈറ്റ് എന്ന മെഗാ ഷോയുടെ തിരക്കിലാണ് ഇപ്പോള്‍ രഞ്ജിനി. വയനാട് തന്നെ വേദിയാകുന്ന ഈ മെഗാ ഷോയില്‍ പ്രമുഖ ഗായകരും പങ്കെടുക്കും. ലതാ മങ്കേഷ്ക്കര്‍ നയിക്കുന്ന മെഗാ ഇവന്റും അടുത്ത പരിപാടിയായി ചാര്‍ട്ടിലുണ്ട്. ലോകത്തെ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു വാദ്യോപകരണ സമ്മേളനം എന്ന രീതിയിലുളള പരിപാടിയും ആലോചിക്കുന്നു. ഗ്രീന്‍ കാമ്പസ്-ഹെല്‍ത്തി കാമ്പസ് എന്ന ഒരു വര്‍ഷം നീളുന്ന മെഗാ ഇവന്റും പണിപ്പുരയിലാണെന്ന് രഞ്ജിനി പറയുന്നു. സ്കൂളുകള്‍ കേന്ദീകരിച്ച് പരിസ്ഥിതിയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവന്റായിരിക്കും ഗ്രീന്‍ കാമ്പസ്-ഹെല്‍ത്തി കാമ്പസ്.
സ്റ്റേജ് പ്രഗതി എന്ന പുതിയ സംരംഭവുമായി ഇറങ്ങിത്തിരിക്കുമ്പോഴും തനിയ്ക്ക് ഏറെ കടപ്പാടുള്ള മാധ്യമപ്രവര്‍ത്തക കൂടിയായ ലീലാമേനോനെ രഞ്ജിനി പ്രത്യേകം ഓര്‍ക്കുന്നു. ലീലാമേനോന് എന്നെ ഒരുപാട് അതിശയിപ്പിച്ചിട്ടുണ്ട്. ഏത് കാര്യത്തിലും കൃത്യമായി വഴികാട്ടുന്നതും പിന്തുണ നല്‍കുന്നതും എന്റെ റോള്‍ മോഡലും എല്ലാം അവര്‍ തന്നെ- രഞ്ജിനി പറയുന്നു. സ്
റ്റേജ് പ്രഗതിയ്ക്ക് എല്ലാ പിന്തുണയും നല്കി ഭര്‍ത്താവും കൂടെയുള്ളത് രഞ്ജിനിക്ക് ഏറെ ആശ്വാസം നല്കുന്നു. ഇതിന് പുറമെ നടന് മോഹന്‍ലാല്‍, സ്റ്റേജ് ഷോ ഡയറക്ടര്‍ ടി.കെ.രാജീവ്കുമാര്‍, വ്യവസായി ജോസ് തോമസ് എന്നിവര്‍ തന്ന പിന്തുണയും മറക്കാന്‍ കഴിയില്ല.
സ്ത്രീയാണെന്ന് കരുതി നമ്മള് മാറി നില്‍ക്കരുത് എന്നാണ് രഞ്ജിനിയ്ക്ക് പറയാനുള്ളത്. നമ്മെ നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് പേരുണ്ടാകും. വെല്ലുവിളികളെ സധൈര്യം നേരിടുക. സ്ത്രീയാണ് എന്ന് സ്വയം ചിന്തിക്കാതെ തീരുമാനങ്ങള്‍ കൃത്യമായി എടുക്കുക. എന്നാല്‍ എവിടെയും സ്ത്രീയെന്ന മുന്‍ഗണനയും പരിഗണനയും കിട്ടണം എന്ന വാശി പാടില്ല.
കല്‍പ്പറ്റയ്ക്കടുത്ത് ചുണ്ടേലില്‍ താമസിക്കുന്ന രഞ്ജിനി മേനോന്റെ ഭര്‍ത്താവ് രാജഗോപാല്‍ മേനോന് സ്റ്റേജ് പ്രഗതിയുടെ സന്തത സഹചാരി കൂടിയാണ്. സ്വന്തമായി വയനാട് കോഫി കൗണ്ടി എന്ന സ്ഥാപനവും ഇദ്ദേഹം നടത്തുന്നു. പ്ലസ്സ്-വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യന്, നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മാളവിക എന്നിവരാണ് മക്കള്‍. മാളവിക ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: