ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രധാന താന്ത്രിക ചടങ്ങുകളിലൊന്നായ ഉത്സവബലിക്കിടെ 2014 മാര്‍ച്ച് 19ന് നാലമ്പലത്തിനുള്ളില്‍ സംഘട്ടനത്തിലേര്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം മാനേജിങ്ങ് കമ്മിറ്റി മെമ്പറും ഇലക്ട്രിക്കല്‍ വിഭാഗം ഫോര്‍മാനുമായ എന്‍.രാജുവിനേയും അസി.മാനേജര്‍ കെ.ആര്.സുനില്‍കുമാറിന്റെയും പേരില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഗുരുവായൂരപ്പ ഭക്തന്മാരെ മുഴുവന്‍ വേദനിപ്പിച്ചതും, ക്ഷേത്രത്തിന്റെയും ഉത്സവബലി ചടങ്ങുകളുടെയും പവിത്രതയ്ക്ക് കോട്ടം തട്ടിയതുമായ സംഭവത്തില്‍ സുനില്‍കുമാറിനെ മാത്രം നടപടിക്ക് വിധേയമാക്കിയ ഭരണസമിതിയുടെ പക്ഷപാതപരമായ നടപടി വിവാദമായിരുന്നു. ദേവസ്വം ആക്ട് പ്രകാരം ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ അവസാനവാക്കായ തന്ത്രിയുടെ നിര്‍ദ്ദേശം ധിക്കരിച്ച് ഉത്സവബലി താന്ത്രിക ചടങ്ങുകളും ക്രിയകളും നടക്കുമ്പോള്‍ കമ്മിറ്റി അംഗങ്ങളായ കെ.ശിവശങ്കരന്, അനില്‍ തറനിലം, എന്‍.രാജു, അഡ്മിനിസ്ട്രേറ്റര്‍ കെ.മുരളീധരന്, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ മാത്രം നാലമ്പലത്തിനുള്ളില്‍ മുന്‍കൂട്ടി കടന്നുനില്‍ക്കുകയും വിഐപികള്‍ അടക്കമുള്ള ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതുമാണ് സംഘട്ടനത്തിലേക്ക് നയിച്ചത്.
ഡെപ്യൂട്ടി കളക്ടറുടെ റാങ്കുള്ള ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്ററുടെ ഭാര്യയും ഭരണസമിതി അംഗമായ ശിവശങ്കരന്റെ ഭാര്യയും മകളുടെ ഭര്‍ത്താവും ചെയര്‍മാന്‍കൂടിയായ ചന്ദ്രമോഹന്റെ ഭാര്യയും നില്‍ക്കുന്നിടത്ത് ഗവര്‍ണറുടെ മകളെകൂടി മുന്‍കൂട്ടി കയറ്റി നിര്‍ത്തുന്നതില്‍ എന്തപാകതയാണ് ഭരണസമിതിയും സര്‍ക്കാരും കണ്ടെത്തിയതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ്സ് യൂണിയനില്‍പ്പെട്ട രണ്ടുനേതാക്കളുടെ ഗ്രൂപ്പ് വഴക്കും വ്യക്തിപരമായ അഭിപ്രായ വ്യത്യാസവും ഭരണസമിതിയുടെ സ്വാര്‍ത്ഥ താത്പര്യത്തിലൂന്നിയ തീരുമാനവുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തീരാകളങ്കമായിമാറിയ സംഘട്ടനത്തിലേക്ക് വഴിമരുന്നിട്ടതെന്ന് വിലയിരുത്തപ്പെടുന്നു.
റവന്യൂ സെക്രട്ടറിക്ക് നല്കിയ മൊഴികളില്‍ ചെയര്മാന് ടി.വി. ചന്ദ്രമോഹനും എന്‍.രാജുവും തമ്മില്‍ നേരത്തെയുള്ള സ്വര്ചേര്ച്ചയില്ലായ്മയും സംഘട്ടനത്തിന് കാരണമായതായി കാണിക്കുന്നുണ്ട്. അതീവ സുരക്ഷാമേഖലയില്‍ സംഘട്ടനം നടന്നിട്ട് പോലീസ് സ്വമേധയാ കേസെടുക്കുകയോ, പരിപാവനമായ ശ്രീകോവില്‍ പരിസരത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായതില്‍ ഭരണസമിതിയോ, അഡ്മിനിസ്ട്രേറ്ററോ, പരാതിപ്പെടുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തിലുള്‍പ്പെട്ടവരുടെ പേരില്‍ കേസെടുക്കാനുള്ള ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് വളരെ പ്രതീക്ഷയോടെയാണ് ഭക്തജനങ്ങള്‍ ഒന്നടങ്കം നോക്കിക്കാണുന്നത്.
ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷന് ജോ.സെക്രട്ടറിയും യു.ഡി. ക്ലര്ക്കുമാര്യ ടി.കെ.സുരേഷ്ബാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്ജിക്കാരന് വേണ്ടി അഡ്വ. കെ.എം.ജിനേഷ് ഹാജരായി. തുടര്‍നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തിനകത്ത് ചരിത്രത്തിലാദ്യമായി സംഘട്ടനവും അവിടെ ചോര വീഴുന്ന സംഭവവും നടന്നിട്ട് പോലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം ജീവനക്കാരന് തന്നെ കോടതിയില്‍ പോകേണ്ടിവന്നത്.
ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഇടപെട്ടിട്ടും എഫ്.ഐ.ആര് ഇട്ട് കേസ് ചാര്‍ജ്ജ് ചെയ്തു എന്നല്ലാതെ മേല്‍നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ കെഎസ്എസ്ആര്‍ നിയമ പ്രകാരം ഇവര്‍ രണ്ടുപേരെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്. മാത്രമല്ല ജാമ്യമില്ലാവകുപ്പിട്ട് കേസ് ആദ്യമേതന്നെ എടുക്കാമായിരുന്നു. വീണ്ടും ഉത്സവം വരാറായിട്ടും നടപടികള്‍ എടുക്കാതെ പോലീസ് നിഷ്ക്രിയത്വം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: