ആലത്തൂര്‍: എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകര്‍ പ്രതിഫലമില്ലാതെ ദുരിതത്തില്‍. പതിനഞ്ചും ഇരുപതും വര്‍ഷം വരെ സര്‍വീസുള്ള ആയിരക്കണക്കിന് അധ്യാപികമാരാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്. സ്ത്രീകളായതിനാല്‍ ഇവരുടെ കഷ്ടപ്പാടും ദുരിതങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്താതെ പോകുന്നു.
സ്കൂളുകളിലെ പിടിഎ കമ്മിറ്റികളാണ് നഴ്സറി ട്രെയിനിങ്ങ് കഴിഞ്ഞവരെ സ്കൂളുകളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ അധ്യാപികമാരായി നിയമിക്കുന്നത്. കുട്ടികളില്‍ നിന്നും പിരിക്കുന്ന ചെറിയ ഫീസാണ് മാസങ്ങളില്‍ ഇവരുടെ പ്രതിഫലം. എയ്ഡഡ് സ്കൂളുകള്‍ കൂടുതലും ഗ്രാമപ്രദേശങ്ങളിലായതിനാല്‍ പല കുട്ടികളും കൃത്യമായി ഫീസും അടയ്ക്കില്ല. ഇതിനാല്‍ ടീച്ചറുടെ തുഛമായ ശമ്പളത്തില്‍ പിന്നേയും കുറവു വരും.
സര്‍ക്കാര്‍ സ്കൂളുകളിലും പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അയ്യായിരം രൂപ ഓണറേറിയം നല്‍കുന്നുണ്ട്. ഇതേ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് പ്രതിഫലം നല്‍കാതെ അവഗണിക്കുന്നത്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പാലും മുട്ടയും പാചകം ചെയ്തു നല്കുന്നവര്ക്കും കൂലി ലഭിക്കുന്നുണ്ട്. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പിഞ്ചുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികമാര്‍ക്ക് മാത്രം പണമില്ലാത്ത അവസ്ഥയാണ്.
സ്കൂളുകളില്‍ ഒന്നാം ക്ലാസിലേയ്ക്കുള്ള കുട്ടികളുടെ എണ്ണം ഉറപ്പുവരുത്തുന്നതും ഇത്തരം പ്രീപ്രൈമറി ക്ലാസുകളാണെന്നിരിക്കെ ഇവര്‍ക്ക് മതിയായ പ്രതിഫലം നല്കാന് ബന്ധപ്പെട്ട അധികൃതരും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: