കൊച്ചി: മത്സ്യത്തിനും കമ്മലിടുകയാണ് ഇന്‍ഡ്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് (ഇന്‍കോയിസ്). ആ കമ്മല്‍ പക്ഷേ, ഒരു തിരിച്ചറിയല്‍ ഉപകരണമാണ്. മല്‍സ്യം പോകുന്ന വഴികള്‍, അവയുടെ ആവാസവ്യവസ്ഥ മുതലായവയെല്ലാം ജിപിഎസിന്റെയും ഉപഗ്രഹത്തിന്റെയും സഹായത്തോടെ മനസ്സിലാക്കി വിവരശേഖരം തയ്യാറാക്കുകയും അവ മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും ലഭ്യമാക്കുകയുമാണ് പിസാറ്റ് (പോപ്പപ് സാറ്റലൈറ്റ് ആര്‍ക്കൈവ്സ് ടാഗ് ഡേറ്റ) എന്ന ഫിഷ് ടാഗിലൂടെ ഇന്‍കോയിസ് ചെയ്യുന്നത്.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിലെ ഇന്‍കോയിസിന്റെ സ്റ്റാളില്‍ ഈ ചെറു ഉപകരണവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൂര മത്സ്യത്തിലാണ് ഈ ഉപകരണം ഇപ്പോള്‍ ഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പിടികൂടുന്ന മത്സ്യത്തിന്റെ ചെകിളയില്‍ ഈ ടാഗ് ഘടിപ്പിക്കും. നാല്പത് ഗ്രാം തൂക്കവും ആന്റിന ഉള്‍പ്പെടെ 12 ഇഞ്ച് നീളവുമുള്ള ഈ ടാഗ,് മത്സ്യത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല.
മൂന്നുമാസം ഈ മത്സ്യം സഞ്ചരിക്കുന്ന വഴികള്‍ നിരീക്ഷിക്കുകയും അവിടങ്ങളിലെ ആഴം, താപനില തുടങ്ങിയവ ഉപകരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. മൂന്നുമാസത്തിനുശേഷം ഈ ഉപകരണം മത്സ്യത്തിന്റെ ചെകിളയില്‍ നിന്ന് സ്വയം വേര്‍പെട്ട് ജലോപരിതലത്തില്‍ വരികയും വിവരങ്ങള്‍ ഉപഗ്രഹം വഴി ഇന്‍കോയിസിന്റെ മോണിട്ടറിംഗ് സംവിധാനത്തില്‍ എത്തിക്കുകയും ചെയ്യും.
പിസാറ്റുമായി ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതേയുള്ളുവെന്ന് പ്രൊജക്ട് അസിസ്റ്റന്റായ റോസ് പി. ബ്രൈറ്റ് പറഞ്ഞു. ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ മേഖലകളിലായി 12 മത്സ്യങ്ങളിലാണ് പ്രാഥമികമായി ടാഗ് ഘടിപ്പിച്ചുവിട്ടത്. അതില്‍ നാലെണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു.
തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് ടാഗ് ഘടിപ്പിച്ച ചൂരമീന്‍ ശ്രീലങ്ക ചുറ്റി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 20 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ളിടത്താണ് ചൂര മീന്‍ സഞ്ചരിക്കുന്നതെന്നും നിശ്ചിത ആഴത്തിനപ്പുറത്തേക്ക് അവ പോകുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.
ഇരതേടി സഞ്ചരിക്കുന്ന ചൂരമീനുകളുടെ സഞ്ചാരപാത ചെറുമത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ഉപാധി കൂടിയാണ് ഇത്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളില്‍ ചൂരമീനിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത്തരം ശ്രമങ്ങള്‍ നടന്നിട്ടില്ല. കയറ്റുമതി മൂല്യം ഏറ്റവുമധികമുള്ള മത്സ്യമാണിതെങ്കിലും മത്സ്യബന്ധനതൊഴിലാളികളും ചൂരയെ തേടി അധികം പോകാറില്ല. ഈ സാഹചര്യത്തിലാണ് ചൂര മീനില്‍ തന്നെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്‍കോയിസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: