അരവിന്ദേട്ടന് ആദരാഞ്ജലി.’ സിനിമാ താരവും സുഹൃത്തുമായ സുമേഷിന്റെ കാറില്‍ അത്താണിയില്‍ നിന്നും തിരിഞ്ഞ് വടമയ്ക്കുള്ള യാത്രയില്‍ വഴിയോരത്ത് പലയിടത്തും വച്ചിരുന്ന ‘ഫഌക്സ് ബോര്‍ഡു’കളില്‍ ‘മാള അരവിന്ദന്’ എന്നല്ല, ‘അരവിന്ദേട്ടന്’ എന്നാണെഴുതിക്കണ്ടത്.
വടവുകോട് എന്ന ജന്മനാട്ടില്‍നിന്നും എത്തി സ്ഥിരതാമസമാക്കിയ ദേശത്തെ തന്റെ പേരിനു മുന്നില്‍ പ്രതിഷ്ഠിച്ച് പ്രസിദ്ധമാക്കിയ താരത്തോടുള്ള ഒരു നാടിന്റെ ആദരവ്! അവര്‍ അദ്ദേഹത്തെ താരമായല്ല മറിച്ച് സഹോദരനായാണ് കണ്ടത്. കേരളീയര്‍ക്ക് എന്നും പ്രിയനായിരുന്നു മാള. ഒരുകാലത്ത് ആ രണ്ടക്ഷരം കണ്ടാല്‍ ആളുകള്‍ തീയറ്ററില്‍ ഇടിച്ചു കയറുമായിരുന്നു.
ഏതാണ്ട് അമ്പതുവര്‍ഷക്കാലം മലയാളിയുടെ മനസ്സില്‍ ചിരിച്ചും ചിന്തിപ്പിച്ചും ഇടയ്ക്കൊക്കെ വിസ്മയിപ്പിച്ചും കണ്ണുനനവും നിറഞ്ഞാടിയ നട്ടുവന്! മാള അരവിന്ദന് അങ്ങനെ മായാത്ത ഒരോര്‍മ്മയായി. അദ്ദേഹം മരിക്കുന്നതിന് മുന്നേതന്നെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതായി ഒരു വാര്‍ത്ത പരന്നിരുന്നു. മാധ്യമങ്ങള്‍ അതേറ്റുപാടാന്‍ തുടങ്ങിയതും പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ് മൗനം പാലിച്ചതുമൊക്കെ; പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെട്ടതിന്റെ അമ്പരപ്പും ആധിയും അത്യഗാധ സ്നേഹവുമൊക്കെക്കൊണ്ട് തന്നെയാണെന്നതാണ് ശരി.
ചെയ്തു ഫലിപ്പിച്ച വേഷങ്ങള്‍ മറ്റൊരാളായിരുന്നുവെങ്കിലെന്ന് സങ്കല്‍പ്പിക്കുവാന്‍പോലും ഇട നല്കാത്തവണ്ണം തന്റേതാക്കുക എന്ന വലിയൊരു സിദ്ധി ആ നടനുണ്ടായിരുന്നു. സംസാരത്തില്‍, ചലനത്തില്‍ എന്തിന് നോട്ടത്തിലും ചെറുമൂളലില്പ്പോലും ഒരിക്കലും കണ്ടുമടുക്കാത്ത ഒരു ശൈലി. സ്ക്രീനില്‍ ആളെക്കാണും മുന്നേ, ശബ്ദം കേട്ടു തുടങ്ങുമ്പോഴേ കയ്യടി നേടിയ നടന്, മാള അരവിന്ദന് മാത്രമായിരിക്കണം. എണ്‍പതുകളിലാണ് ആ താരം സകല പ്രഭാവങ്ങളോടെയും തിളങ്ങിയത്.
ജീവിതഗന്ധികളായ ഒട്ടേറെ കഥകളില്‍ രണ്ട് സീനെങ്കിലും ‘മാള’ക്ക് വേണ്ടി ഒഴിച്ചിടുന്നത് സംവിധായകര്‍ ശീലമാക്കിയ കാലഘട്ടം. പലപ്പോഴും തിരക്കഥയില്‍ സീന്‍ നമ്പറിനു താഴെ സീനില്ലാതെ മാള-കോമ്പിനേഷന്‍ എന്നുമാത്രം എഴുതിവച്ചൂ തിരക്കഥാകൃത്തുക്കള്‍. മാളച്ചേട്ടന് വന്നാല്‍ എന്തെങ്കിലും പറഞ്ഞ് കോമഡിയുണ്ടാക്കിക്കോളുമെന്ന് സമാധാനിച്ചിരുന്ന സംവിധായകര്‍. നൂറു ശതമാനവും അത് ശരിയായിരുന്നു താനും.
കൂടെ അഭിനയിച്ച പല പ്രായക്കാരായ താരങ്ങള്‍ക്കൊപ്പം പിന്നീട് സൂപ്പര്‍, മെഗാ സ്റ്റാറുകളായവര് അവരെ ഉറക്കമിളച്ച് കാത്തിരുന്നിട്ടുണ്ടീ നടനെ. ഒരു സീനിലെങ്കിലും മാളയെക്കിട്ടിയാല് ഡിസ്ട്രിബ്യൂഷനും തിയറ്ററും ഉടനെ തരപ്പെടുമായിരുന്നു അന്നൊക്കെ. ഭയങ്കര തിരക്കുമൂലം ധൃതികൊണ്ടാണെങ്കിലും തനിക്കായി ഒരുക്കിയിടത്തൊക്കെ ഒരു പരിഭവവും കാട്ടാതെ വന്ന് പങ്കെടുത്തുപോകാന് അദ്ദേഹം മടിച്ചിട്ടില്ല.
ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് വഴക്കിട്ടെന്നിരിക്കും. പക്ഷേ അത് സ്ഥായിയായ ഒരു വൈരാഗ്യമായി അദ്ദേഹം ഉള്ളില്‍ സൂക്ഷിക്കാറില്ല. വലിയ കലഹങ്ങള്‍ക്കൊടുവില്‍, അതേപ്പറ്റി മറന്നപോലെ ഫോണില്‍ വിളിച്ചോ നേരിട്ടോ സംസാരിച്ച് ഇടപഴകുന്ന അരവിന്ദേട്ടന്റെ പ്രകൃതം പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. പണത്തിന് വലിയ മൂല്യം കല്പ്പിച്ചിരുന്നു ഈ മനുഷ്യന്. അതുകൊണ്ട് പ്രസിദ്ധിയില്‍ സ്വയം മറന്ന കലാകാരന്മാര്ക്ക് പറ്റിയ ജീവിതാബദ്ധങ്ങളോ ദാരിദ്ര്യത്തിരിച്ചടികളോ പിടികൂടിയിരുന്നില്ലാ എന്നതും കണ്ടുപഠിക്കേണ്ട പാഠമാണ്.
കടുത്ത കഷ്ടപ്പാടുകള്‍ നിറഞ്ഞ കൗമാര യൗവ്വനങ്ങളില്‍ മതചിന്തകളില്ലാതെ പ്രണയിച്ച പെണ്ണിനെത്തന്നെ ഭാര്യയാക്കാന്‍ കാട്ടിയ മനഃസ്ഥൈര്യം അന്നയെന്ന ഗീതയുടെ കൈയും പിടിച്ച് പട്ടിണികൊണ്ട് നട്ടം തിരിഞ്ഞ നാളുകളില്‍ അറിയാവുന്ന കലാവിദ്യകള്‍ കൊണ്ട് അന്നം തേടിയലഞ്ഞ രാവുകള്‍-ഇതെല്ലാം ആ പച്ച മനുഷ്യന് വിവരിച്ചത് പലപ്പോഴും കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ ഒരുപാട് ഉറക്കമൊഴിക്കലുകള്ക്കു ശേഷം കിട്ടിയ തുച്ഛമായ തുകയുംകൊണ്ട് മേക്കപ്പുപോലും മാറ്റാന്‍ നില്‍ക്കാതെ പുലര്‍ച്ചയോടെ ഓടി വീട്ടിലെത്തുമ്പോള്‍-പടിക്കലേക്ക് ഓടിയെത്തിയ രണ്ടാം ക്ലാസുകാരിയായ മൂത്തമകള്‍ ‘കല’ ഒക്കത്തേക്ക് ചാടിക്കയറി ആഹ്ലാദത്തോടെ പറഞ്ഞ വാക്കുകള്‍. ”അച്ഛാ… ഇന്ന് നമ്മുടെ വീട്ടില്‍ ചോറുണ്ടച്ഛാ!”… കാലഘട്ടങ്ങള്ക്കിപ്പുറത്തിരുന്നും അതോര്‍ത്ത് കണ്ണീരൊപ്പിയ ഹൃദയാലുവായ അച്ഛനായിരുന്നു മാള അരവിന്ദന്.
”പെരുമ്പാവൂര്‍ നാടകശാലയ്ക്ക് വേണ്ടി കാലടി ഗോപി രചിച്ച് ‘രംഗം’ നാടകത്തിലഭിനയിക്കുന്ന അവസരത്തിലാണ് അതിന്റെ സംവിധായകനായ നിന്റച്ഛനെ (ശ്രീമൂലനഗരം വിജയനെ) ഞാന്‍ ശരിക്ക് പരിയപ്പെടുന്നത്. അനുജന് ശ്രീമൂലനഗരം മോഹന്റെ ‘ഗ്രീഷ്മം’ എന്ന നാടകം ‘മധുരിക്കുന്ന രാത്രി’യെന്ന പേരില്‍ ‘പി.ജി.വിശ്വംഭരന്’ സിനിമയാക്കിയപ്പോള്‍ അതിന്റെ തിരക്കഥയും സംഭാഷണവുമെഴുതിക്കൊണ്ട്, ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെന്ന ഒരു ഹാസ്യകഥാപാത്രം വിജയേട്ടന് എനിക്ക് വച്ചുനീട്ടി. ഞങ്ങള്‍ മൂന്നുപേരായിരുന്നു അതിലെ കൊമേഡിയന്മാര്-ഞാന്‍, രാജു, മാത്യു.
രാജു പിന്നീട് മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ ‘മണിയന് പിള്ള രാജു’വായി വളര്‍ന്നു. മാത്യു മല്ലികശ്ശേരി പ്രൊഡക്ഷന്‍ മാനേജരായി ഏറെക്കാലം സിനിമാ ഫീല്‍ഡില്‍ ഒപ്പമുണ്ടായിരുന്നു. മധുരിക്കുന്ന രാത്രി ഹിറ്റായി. അതിലും ഹിറ്റായത് ഞാനാണ്. എന്റെ ‘ഉത്തരവ്’ എന്ന ഡയലോഗ് പിന്നീട് പല ചിത്രങ്ങളില്‍ പല കോണ്‍സ്റ്റബിള്‍മാരും പറയുന്നതുകേട്ട് ഞാന്‍ തന്നെ അന്തംവിട്ടിട്ടുണ്ട്. ഏതു കഥയായാലും ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍ക്ക് കുട്ടന്‍പിള്ള എന്ന പേരും ഏറെക്കാലം മലയാള സിനിമയില്‍ നിലനിന്നിരുന്നു. സിനിമാഭിനയം അതോടെ സീരിയസ്സായി. ഒരു മുഴുനീള ഹാസ്യതാരമാകാന്‍ പിന്നീടധികം യത്നിക്കേണ്ടിവന്നില്ല. വിജയേട്ടനോടുള്ള കടപ്പാട് തീരിനില്ലെനിക്ക്….” ആ വാക്കുകള്‍ സത്യമായിരുന്നു.
മദിരാശിയിലെ തിരക്കുള്ള ദിനങ്ങള്‍ കഴിഞ്ഞ് ഒരു വശം തളര്‍ന്ന് വീണ് രോഗഗ്രസ്തനായി നാട്ടില്‍ മടങ്ങിയെത്തിയ എന്റെയച്ഛന് ഏറെക്കാലം ആയുര്‍വേദ ചികിത്സയും മറ്റുമായിക്കഴിഞ്ഞു. മദ്യം തീര്‍ത്തും ഒഴിവാക്കിയ ആ മൂന്നുനാലു വര്‍ഷങ്ങളില്‍ എന്റെ വീട്ടില്‍ സന്ദര്‍ശകരും കുറഞ്ഞിരുന്നു.
ഒരിക്കല്‍ ഇറയത്തെ തിണ്ണയില്‍ നിറഞ്ഞിരുന്ന് ചിരിച്ചും ചിന്തിച്ചും കഴിഞ്ഞ ഉറ്റവര്‍ തിരിഞ്ഞുനോക്കാതെ വന്ന കാലത്തും അച്ഛനെ കാണാന്‍ തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടിയെത്തിയിരുന്നൂ അരവിന്ദേട്ടന്. ദാരിദ്ര്യം പിടിമുറുക്കിയ ആ കാലത്ത് അച്ഛന് വാങ്ങില്ലെന്നറിയാമായിരുന്നതിനാല് എന്നെ മാറ്റി നിര്‍ത്തി എന്റെ കൊച്ചു കൈകളില്‍ വലിയ നോട്ടുകള്‍ നിര്‍ബന്ധിച്ചു പിടിപ്പിച്ച് അദ്ദേഹം പറഞ്ഞിരുന്നതിങ്ങനെയാണ്.
”ഇത് ഔദാര്യമല്ല. ഒരിക്കലും അടയ്ക്കാന്‍ കഴിയാതിരുന്ന എന്റെ ഫീസാണ്. നീയിതു വാങ്ങിയില്ലെങ്കില്‍ എനിക്ക് ‘ഗുരുത്തം’ കിട്ടില്ല.”
ജീവിതത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന അക്കാലത്ത് കേട്ട ആ വാക്കുകള്‍, ഒരു നല്ല കലാകാരന് എങ്ങനെ നന്ദിയുള്ളവനായിരിക്കണമെന്നതിന്റെ ബാലപാഠങ്ങളായിരുന്നു എനിക്ക്. 1988 ല്‍ ”പാവം കുഞ്ഞന്നാമ്മ” എന്ന പേരില്‍ ദൂരദര്‍ശനുവേണ്ടി ഞാനെഴുതിയ ഒരു ചെറിയ ടെലിഫിലിമില്‍ ‘കല്പന’ എന്ന അഭിനേത്രിയുടെ മദ്യപനായ അപ്പച്ചന്റെ വേഷമഭിനയിക്കാന്‍ ഏറെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം വന്നു ചേര്‍ന്നതും ഞങ്ങള്‍ പറയാന്‍ മറന്നിട്ടുപോലും കഥാപാത്രത്തിനായുള്ള ഒരു ‘കൊന്ത’ എവിടെനിന്നോ സംഘടിപ്പിച്ചുകൊണ്ടുവന്നതും ആ കുരുത്തം നേടലിന്റെ ഭാഗമായിരിക്കണം.
സഹസംവിധായകനായിരിക്കേ ‘ആന്ദോളനം’ എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ഒരു ചെറിയ ഷോട്ടില്‍ അഭിനയിക്കേണ്ടിവന്നപ്പോള്‍ പകച്ചുപോയ എന്നെ ധൈര്യപ്പെടുത്തിയതും കയ്യും കാലും വിറച്ച് അഭിനയം ഒരുവിധം തീര്‍ത്തപ്പോള്‍, ”നീ കലക്കി….” എന്നുപറഞ്ഞ് ആശ്വസിപ്പിച്ചതും മറക്കാന്‍ വയ്യ. അമ്പിളി എന്ന സംവിധായകന്റെ ‘കബനി’ എന്ന ചിത്രത്തിലെ ‘ചാമനെ’ന്ന ആദിവാസി മൂപ്പന്റെ ഉഗ്രറോള് അരവിന്ദേട്ടന് തകര്ത്താടുന്നതുകണ്ട് അത്ഭുതപ്പെട്ട എന്നോട് -‘നീ നോക്കിയോ, ഒരു ദേശീയ അവാര്‍ഡ് വാങ്ങിയിട്ടേ… ഞാനടങ്ങൂ…” എന്ന് പറഞ്ഞ് വയറ് കുലുക്കിച്ചിരിച്ചത് ഓര്‍ക്കുമ്പോള്‍ ഉള്ള് നീറുന്നു. ദേശീയ അവാര്‍ഡ് ജനങ്ങളാണ് കൊടുത്തത്. തീരാത്ത സ്നേഹം കൊണ്ട്.
ഭൂതക്കണ്ണാടിയിലെ അന്ധന്റെ വേഷത്തിന് ഒരു അവാര്‍ഡ് തലനാരിഴയ്ക്ക് നഷ്ടപ്പെട്ടതിന്റെ ഖേദം എക്കാലത്തും അദ്ദേഹത്തെ ചൂഴ്ന്നുനിന്നിരുന്നു. അഭിനയം മാത്രമല്ല, സംഗീതവും താളബോധവും അരവിന്ദേട്ടന് ജീവവായു ആയിരുന്നു. അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന തബലയുടെ താളം അദ്ദേഹത്തോട് സംസാരിച്ച് പിരിയുംവരെ വാക്കുകളില്‍ സൂക്ഷിക്കാന്‍ ആ മഹാനടന് കഴിഞ്ഞിരുന്നു. സല്‍ക്കാരങ്ങളില്‍ അരവിന്ദേട്ടന് തബല വായനയുടെ സുഖം പകര്‍ന്നിരുന്നു എന്നും.
പരസ്യമായി പുറത്തുപറയാന്‍ അല്‍പ്പം തൊലിക്കട്ടി വേണ്ട, എന്നാല്‍ വളരെക്കാലം ചിന്തിപ്പിക്കുന്ന ഫലിതങ്ങളുടെ ഒരു കുഞ്ചന്‍ നമ്പ്യാരായിരുന്നു അരവിന്ദേട്ടന്. സ്ത്രീവേഷം പോലും സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചൂ അദ്ദേഹം. അരവിന്ദേട്ടനേയും അദ്ദേഹത്തിന്റെ ചിരകാല സുഹൃത്തായ സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്ററേയും ഒരുമിച്ചിരുത്തി ഒരു ഡോക്യുമെന്ററി ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍, അത്യാഹ്ലാദത്തോടെ ”ഞാനെപ്പോഴും റെഡി. നമുക്ക് പി.ജയചന്ദ്രനെ കൂടി വിളിക്കാം ഞങ്ങളൊരേ ബഞ്ചിലിരുന്ന് ഹൈസ്കൂള്‍ വരെ പഠിച്ച കൂട്ടുകാരാണ്.
അവന് കൂടി വന്ന് പാടിയാല്‍ അതൊരു മഹാസംഭവമാകും എന്ന് അഭിപ്രായപ്പെട്ടതും ‘ഭാഗ്യക്കേടിന്റെ രാജാവായ’തിനാല്‍ എനിക്കതിന് സാധിക്കാതെ പോയതും എന്റെ മാത്രമല്ല, കലാകേരളത്തിന്റെ മൊത്തം നഷ്ടമായിരുന്നൂ എന്നത് ഞാനിന്ന് തിരിച്ചറിയുന്നു.
ഏതു പ്രസിദ്ധിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും കൂട്ടുകൂടാന്‍ ഒരു സാധാരണക്കാരനെ തിരയുന്ന കണ്ണുകളുള്ള യഥാര്‍ത്ഥ മനുഷ്യന് എന്ന പദവിക്ക് കൂടി അരവിന്ദേട്ടന് അര്‍ഹനാണ്.
മാള അരവിന്ദന് മലയാള സിനിമയുടെ അഭിമാനമായി നിന്നപ്പോഴും നന്ദികേടിന്റെയും നികൃഷ്ടതയുടെയും ബലിയാടായി ചിത്രങ്ങള്‍ കുറഞ്ഞ് വീട്ടില്‍ ഒതുങ്ങിയിരുന്ന്, സന്ധ്യകളില്‍ ഒറ്റയ്ക്ക് തബല കൊട്ടി തന്റെ മനോവിഷമം മാറ്റാന്‍ ശ്രമിച്ചപ്പോഴും നമ്മളറിഞ്ഞില്ലാ; ഇത്തരം നോവിക്കലുകളാണ് ഏതു ഉന്നത കലാകാരനേയും എന്നും തളര്ത്തിയിട്ടുള്ളതും കാലയവനികയ്ക്കുള്ളിലേക്ക് വളരെ വേഗം നടന്നു മറയാന്‍ ഇടയാക്കിയിട്ടുള്ളതുമെന്ന്. ചരിത്രം മാപ്പു പറയേണ്ട സന്ദര്‍ഭങ്ങള്‍! രാഘവന് മാസ്റ്റര്‍, ലോഹിതദാസ്, തിലകന്, ജോണ്സണ് തുടങ്ങി നമുക്ക് നഷ്ടപ്പെട്ടവര്‍… എത്ര വലിയവരായിരുന്നു എന്ന് നാമൊക്കെ എന്നു തിരിച്ചറിയാന്‍….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: