കുമരകം: കുമരകത്തെ കൈത്തോടുകള്‍ വ്യാപകമായി നികത്തപ്പെടുന്നു. കുമരകത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഈ കൈത്തോടുകളെ ആശ്രയിച്ചാണ് വെള്ളംകൊണ്ടുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നത്. മീനച്ചിലാര്‍ കുമരകത്ത് ഒഴുകിയെത്തുമ്പോള്‍ മൂന്നുതോടുകളായി പിരിയും. കുമരകം ചന്തക്കവലയിലൂടെ നേരെ വേമ്പനാട്ടു കായലില്‍ ചെന്നു ചേരുന്ന കോട്ടത്തോട് കുമരകത്തിന്റെ തെക്കുഭാഗത്തുകൂടി ഒഴുകി വേമ്പനാട്ടുകായലില്‍ എത്തുന്ന അട്ടിത്തോട്, കുമരകത്തിന്റെ വടക്കേ അതിരിലൂടെ ഒഴുകി കായലില്‍ പതിക്കുന്ന കവണാറ്റിന്‍കര തോട്.
ഏതാണ്ട്‌സമദൂരത്തില്‍ സമാന്തരമായി ഒഴുകി കായലില്‍ചേരുന്ന ഈ തോടുകള്‍ക്ക് ധാരാളം കൈത്തോടുകളും ഉണ്ടായിരുന്നു. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കുമരകത്ത് ഉള്‍പ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവിഭാഗത്തിന് ഇത്തരം കൈത്തോടുകളിലൂടെ ഒഴുകിവരുന്ന വെള്ളം ഒരനുഗ്രഹമായിരുന്നു.
ഇത്തരം കൈത്തോടുകള്‍ക്ക് കുറുകേ മുട്ടിട്ടും നികത്തിയും നടത്തുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിക്കാനും നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാകാത്തത് അപലപനീയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം കൈത്തോടുകളുടെ ആഴം വര്‍ദ്ധിപ്പിക്കുകയും ശുചീകരിക്കുകയും ചെയ്യുന്നതിനൊപ്പം ആമ്പലും താമരയും നടുകയും ഗതാഗതസൗകര്യമൊരുക്കുകയും ചെയ്താല്‍ തദ്ദേശവാസികള്‍ക്ക് വെള്ളവും ടൂറിസത്തിന് മുതല്‍കൂട്ടുമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക