ചാലക്കുടി:പ്രതിസന്ധിയില്‍ തളരാതെ ജീവിത പ്രരാബന്ധങ്ങള്ക്ക് പരിഹാരം കാണുവാന്‍ അവശതകള്‍ മറന്ന് ഇന്നും കൃത്യതയോടെ തന്റെ ജോലിയില്‍ മുഴുകകയാണ് ശോഭന. ചാലക്കുടി ചന്തക്കുള്ളില്‍ നഗരസഭ കെട്ടിടത്തിനോട് ചേര്‍ന്ന് പാട്ടഷീറ്റ് മേഞ്ഞൊരു കൂര. ഇവിടെ മറച്ചിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളുടേയും തുരുമ്പെടുത്ത് തുടങ്ങിയ ഗ്രില്ലുകള്ക്കിടയിലൂടെയും നോക്കിയാല്‍ വികലാംഗയായൊരു തയ്യല്‍കാരിയെ കാണാം. വെറ്റിലപ്പാറ തോട്ടപറമ്പന് വീട്ടില്‍ ശോഭന എന്ന അമ്പത്തിനാലുകാരി കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ഇവിടെയുണ്ട്. നഗരസഭ അധികൃതരുടെ കരുണയിലാണ് ഇവിടെ ജോലി ചെയ്യുവാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ഇവിടത്തെ വ്യാപാരികള്‍ക്ക് പോലും ഇവര്‍ അപരിചിതയാണ്. മാര്‍ക്കറ്റിലെത്തുന്നവരില്‍ ബഹുഭൂരിഭാഗവും ഇവരേയോ ഇവരുടെ സ്ഥാപനമോ കണ്ടിരിക്കാനിടയില്ല. ജീവിത പ്രാരാബ്ധങ്ങളാണ് ശോഭനയെ ഇവിടെ തളച്ചിട്ടത്. എട്ടാം ക്ലാസ്സ് പഠനത്തിന് ശേഷം വിവാഹിതയായി. മകന് ഒരു വയസ്സായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മകനെ വളര്‍ത്തി വലുതാക്കണമെന്ന മോഹമാണ് ഇവരെ തയ്യല്കാരിയാക്കിയത്. ഇതിനിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെറിയൊരു ജോലി കിട്ടി.
ശാരീരിക വൈകല്യം ജോലിക്ക് തടസ്സമായപ്പോള്‍ അത് വേണ്ടെന്ന് വച്ചു. പിന്നീട് സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. വികലാംഗര്‍ക്കായുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. സുമനസ്സുകളുടെ സഹായത്തോടെ ആവശ്യപ്പെടുന്ന സമയത്ത് പൊളിച്ച് നീക്കാമെന്ന ഉപാധിയോടെ മാര്‍ക്കറ്റ് കെട്ടിടത്തോട് ചേര്‍ന്ന് ചെറിയൊരു ഷെഡൊരുക്കി. ലോണെടുത്ത് വാങ്ങിയ തയ്യല്‍മെഷിനും കൂടിയായപ്പോള്‍ അത് ശോഭനയുടെ തയ്യല്കടയായി. ജാക്കറ്റുകളും, പെറ്റികോട്ടുകളും, വിരികളും, തലയോണ കവറുകളും ഈ തയ്യല്‍ കടയില്‍ തുന്നി നല്കി. തയ്യല്‍ കേമമായതോടെ ശോഭനയുടെ തയ്യല്‍കട അന്വേഷിച്ച് നിരവധി പേരെത്തി.
കിട്ടുന്ന പണം സ്വരൂപിച്ച് സ്വന്തമായൊരു വീടുവച്ചു. മകനെ വളര്‍ത്തി വലുതാക്കി. ശീതീകരിച്ച ആധുനിക തയ്യല്‍ കടകള്‍ വന്നതോടെ ഇവിടത്തെ തിരക്ക് കുറഞ്ഞു. ഇതോടെ പുതിയ മേഖലയിലേക്ക് തിരിഞ്ഞു. പ്ലാസ്റ്റിക് ചാക്കുകളും, പ്ലാസ്റ്റിക് സഞ്ചികളും ഇവിടെ തയ്യാറാക്കുന്നുണ്ട്. ഓര്‍ഡറുകളനുസരിച്ച് ഇവിടെ സഞ്ചികള്‍ തയ്യാറാക്കി നല്‍കും. ജാക്കറ്റും മറ്റും തുന്നുന്നതിനായി സ്ഥിരം കസ്റ്റമേഴ്സും ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഈ തയ്യല്‍കടയുടെ പ്രവര്‍ത്തന സമയം. കാല്‍മുട്ടില്‍ ഇടക്കിടെയുണ്ടാകുന്ന വേദന തിന്നാണ് മുന്നോട്ട് പോകുന്നത്. ഇതിനിടെ സാമൂഹ്യവിരുദ്ധരുടെ ഉപദ്രവും ഇവര്‍ക്ക് അസഹനീയമാവുകയാണ്.
തയ്യല്മെഷിന് കേടുവരുത്തുക, ഷീറ്റ് മേഞ്ഞ മേല്‍ക്കൂര അടര്ത്തിയിടുക തുടങ്ങിയ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും ഈ വികലാംഗയെ തളര്‍ത്തുകയാണ്. വാര്‍ദ്ധിക്യ കാലത്ത് സര്‍ക്കാരില്‍ നിന്നും പെന്‍ഷനടക്കമുള്ള എന്തെങ്കിലും ആനുകൂല്യം ലഭിക്കുമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ഏകപ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: