ആലപ്പുഴ: കയര്‍ ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിന്റെ സാദ്ധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ഉത്പന്നങ്ങളാണ് കയര്‍ കേരളയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിലേറെയും തുടക്കത്തില്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അവ ആഭ്യന്തരവിപണയിലും സജീവമാകുമെന്ന സൂചനകളാണ് ഈ ഉത്പന്നങ്ങള്‍ക്കായി വിവിധ മേഖലകളില്‍ നിന്നുണ്ടാകുന്ന അന്വേഷണങ്ങള്‍ നല്‍കുന്നത്. കയറും പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നൂതന ഉത്പന്നങ്ങള്‍ക്ക് വിപണി വ്യാപകമാക്കാനുള്ള വലിയൊരു വേദിയായി കയര്‍ കേരള മാറിക്കഴിഞ്ഞതിന്റെ തെളിവാണ് ഇത്തവണത്തെ വര്‍ധിച്ച പങ്കാളിത്തവും പുതിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനവുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
കയറും പ്രകൃതിദത്ത നാരുകളും ഉപയോഗിച്ച് നിര്‍മിച്ച ബാഗുകളും മറ്റും ചെറിയതോതില്‍ നേരത്തേ വിപണിയിലെത്തിയിരുന്നു. കയര്‍ കേരളയില്‍ അവയുടെ ഉത്പന്നവൈവിദ്ധ്യമാണ് കാണാന്‍ കഴിയുക. തുകലിലും റെക്സിനിലും മറ്റും ഉണ്ടാക്കിയിരുന്ന വാനിറ്റി ബാഗുകള്‍ മുതല്‍ ലാപ്ടോപ്പും മറ്റും സുഗമമായി വഹിക്കാനുതകുന്ന ബാക്പാക് വരെ ചണത്തില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചുകഴിഞ്ഞു. ടെക്സ്റ്റൈല്‍ മന്ത്രാലത്തിനു കീഴിലുള്ള നാഷണല്‍ ജ്യൂട്ട് ബോര്‍ഡാണ് ഇവയുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്.
വൈന്‍ ബാഗുകള്‍ മുതല്‍ നിത്യഉപയോഗത്തിനുള്ള പഴ്സുകള്‍, മൊബൈല്‍ പൗച്ചുകള്‍ തുടങ്ങിയവയെല്ലാം ചണനാരുകളില്‍ തീര്‍ത്തിട്ടുണ്ട്. ക്യാരി ബാഗുകള്‍ മുതല്‍ ആഘോഷ വേളകളില്‍ ഉപയോഗിക്കാനാകുന്ന ആഡംബര സ്വഭാവമുള്ള തോള്‍ബാഗുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത പ്രത്യേകം തുണിയില്‍ നിര്‍മിച്ച ഓവര്‍കോട്ടും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. ഒരു മീറ്റര്‍ വീതിയുള്ളതും കയറും സില്‍ക്കും ഉപയോഗിച്ചുള്ള നൂലുകളാല്‍ നിര്‍മ്മിച്ചതുമായ ഈ തുണിക്ക് മീറ്ററിന് 1,200 രൂപയ്ക്കു മേല്‍ വിലവരും. തണുപ്പിനെ പ്രിരോധിക്കാനും സുഖകരമായി ധരിക്കാനുമുതകുന്നവയാണ് ഈ തുണി ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ജാക്കറ്റുകളെന്ന് റിസര്‍ച്ച് സൂപ്പര്‍വൈസര്‍ കെ.പി. രൂപേഷ് പറഞ്ഞു. ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
കയറ്റുപായ, തടുക്ക്, ചവിട്ടി തുടങ്ങിയ സാധാരണ ഉല്പന്നങ്ങളില് നിന്ന് കയറിനെ മോചിപ്പിച്ച് കൂടുതല്‍ ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിച്ചാല്‍ കയര്‍ മേഖലയ്ക്ക് ഉണര്‍വ്വുണ്ടാകുമെന്നാണ് കയര്‍ കേരളയില്‍ പങ്കെടുക്കുന്ന ഈ രംഗത്തുള്ളവര്‍ പറയുന്നത്. കര്‍ട്ടനുകളും ബാഗുകളും മുതല്‍ വസ്ത്രങ്ങള്ക്കുവരെ സുവര്ണനാരുകളെ പര്യാപ്തമാക്കിയെടുക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: