വെള്ളൂര്‍: കൃഷിക്കാവശ്യമായ ജലസേചന സംവിധാനമില്ലാതെ വെള്ളൂരിലെ കര്‍ഷകര്‍ നട്ടംതിരിയുന്നു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 150 ഹെക്ടറോളം സ്ഥലത്താണ് ഇപ്പോള്‍ നെല്‍കൃഷി നടക്കുന്നത്. നൂറു ഹെക്ടറോളം പാടശേഖരം തരിശായി കിടക്കുന്നുണ്ട്. 20 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറിയും 40 ഹെക്ടറില്‍ വാഴയും കൃഷിചെയ്യുന്നു. കൂടാതെ ജാതി, റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ വേറെയും. കൃഷിഭവന് അധികൃതരുടെയും പാടശേഖര സമിതികളും മുന്‍കൈ എടുത്ത് തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
കാര്‍ഷികരംഗത്ത് ഇത്രയേറെ സാദ്ധ്യതകളുണ്ടായിട്ടും അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നോ വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്യുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി.
കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ജലസേചനമാണ്. സമൃദ്ധമായി മൂവാറ്റുപുഴയാര്‍ ഒഴുകുന്നുണ്ടെങ്കിലും തൃപ്തികരമായ രീതിയിലുള്ള ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മേവെള്ളൂര്‍, വടകര പാടശേഖരണങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്ട് ഉണ്ടായിരുന്നു. വടകരയില്‍ ഈ പദ്ധതി ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെങ്കിലും മേവെള്ളൂരിലേത് പ്രവര്‍ത്തന രഹിതമായിട്ട് നാലുവര്‍ഷത്തോളമായി. ഫണ്ടിന്റെ അപര്യാപ്തതകൊണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്.
സ്വന്തം നിലയ്ക്ക് മോട്ടോര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കര്‍ഷകരുടെ വൈദ്യുതി ചാര്‍ജ്ജ് കൃഷിഭവനില്‍ നിന്നും അടുത്തനാള്‍വരെ നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോളതും നിര്‍ത്തി. അങ്ങനെ ഒരു പദ്ധതിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഒരു കൊയ്ത്ത്- മെതി യന്ത്രമുള്ളത് സ്വകാര്യ വ്യക്തിയെ പാട്ടത്തിനേല്പ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് 50,000 രൂപയാണ് പാട്ടത്തുക. ഈ യന്ത്രം ഉപയോഗിക്കുന്ന കര്ഷകന് ഒരു മണിക്കൂറിന് 2,000 രൂപ നല്‍കണം. യന്ത്രത്തിനുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ ഏറെ ചെലവേറിയതാണെന്നും അതുകൊണ്ടുതന്നെ ഈ തുക അപര്യാപ്തമാണെന്നുമാണ് കരാറെടുത്തിരിക്കുന്നവരുടെ വാദം. ഈ യന്ത്രം ഏതെങ്കിലും പാടശേഖര സമിതിയെ ഏല്പിച്ചാല് കൂടുതല്‍ പ്രയോജനകരമായേനെയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് വെള്ളൂരിലെ കാര്‍ഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: