പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ചതിന്റെ പഴയകഥകളില്‍ നിന്ന് ഒരു വാക്ക് എടുത്തുമാറ്റുകയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിന്‍ഡി. പത്തുമാസം ചുമന്ന് തന്നെ പ്രസവിക്കണം. പക്ഷേ ‘നൊന്തു’ എന്ന് ഇനി പറയരുത്.
പേറ്റുനോവറിയാതെ ആയിരം അമ്മമാര്‍ സാധാരണ പ്രസവം നടത്തിയതിന്റെ റെക്കോര്‍ഡിന്റെ നിറവിലാണ് ഡോ. സിന്‍ഡിയും പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും.
പത്തുമാസം തികയുംമുമ്പെ വയറുകീറി പുറത്തുചാടാന്‍ ഒരുങ്ങുന്ന കുസൃതികള്‍ക്കും വയറുകീറിയേ പ്രസവം നടത്തൂ എന്ന് ശാഠ്യം പിടിക്കുന്ന ആശുപത്രി മാഫിയയ്ക്കും മറുപടിയാവുകയാണ് സിന്‍ഡിയും കൂട്ടരും. സിസേറിയന് നിരക്ക് കുറച്ച് സ്വാഭാവികപ്രസവം പ്രോത്സാഹിപ്പിക്കുകയെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിതലക്ഷ്യം നടപ്പാക്കുകയാണ് ഇവര്‍.
പേപ്പര്‍മില്ലിന്റെയും തൂക്കുപാലത്തിന്റെയും നാടായ പുനലൂര്‍ ഇപ്പോള്‍ പാട്ടുംപാടി പ്രസവിക്കുന്ന അമ്മമാരുടെ നാട് കൂടിയാകുന്നു. ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും ഒത്തുപരിശ്രമിച്ചാല് ഒരു സര്‍ക്കാര്‍ ആശുപത്രിയെ എങ്ങനെ സ്വകാര്യ ആശുപത്രിയെ വെല്ലുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പുനലൂര്‍. ഇവിടെ അഞ്ചുവര്‍ഷമായി സിസേറിയന് നിരക്കിലുണ്ടായ ഗണ്യമായ കുറവ് അതിശയിപ്പിക്കുന്നതാണ്.
ഇവിടുത്തെ ഗൈനക്കോളജിവിഭാഗം മേധാവിയാണ് ഡോ. സിന്‍ഡി. അടുത്തകാലത്തായി ആരംഭിച്ച വേദന രഹിത സാധാരണപ്രസവം എന്ന പ്രക്രിയയാണ് ഇന്ന് ആയിരം പിന്നിട്ടിരിക്കുകയാണ്. സൗമ്യ എന്ന യുവതിയാണ് ഈ ആധുനിക സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യസര്ക്കാര് ആശുപത്രിയുടെ സ്ഥലം എന്ന ഖ്യാതിയും പുനലൂരിന് സ്വന്തം.
വേദനരഹിത പ്രസവം എന്ന ആശയം യൂറോപ്യന്‍ രാജ്യങ്ങളില്‍ നൂറുവര്‍ഷത്തില്‍ അധികമായി തുടര്‍ന്നുവരുന്ന സമ്പൂര്ണശാസ്ത്രീയ പദ്ധതിയാണെന്ന് ഡോ.സിന്‍ഡി പറയുന്നു. ഓക്സിനോസ് അഥവാ എന്റാനോക്സ് എന്ന 50 ശതമാനം ഓക്സിജനും 50 ശതമാനം നൈട്രസ് ഓക്സൈഡും ചേര്‍ന്ന മിശ്രിതം ഇംപാക്ട് ചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെ ഗര്‍ഭിണി സ്വയം ശ്വസിക്കുന്നു.
പ്രസവസമയത്തെ വേദന അകറ്റാന്‍ ആധുനിക വൈദ്യശാസ്ത്രം അവലംബിക്കുന്ന പല മാര്‍ഗങ്ങളില്‍ ഏറ്റവും സുരക്ഷിതവും ലളിതവുമായതാണ് ഈ പ്രക്രിയ. ഇതിലൂടെ പ്രസവവേദനയെ 40 മുതല്‍ 100 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നും ഡോ.സിന്‍ഡി പറയുന്നു. ഗര്‍ഭിണിക്കും കുഞ്ഞിനും 50 ശതമാനം ഓക്സിജന്‍ ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയും.
സാധാരണ അന്തരീക്ഷവായുവിലെ 13 ശതമാനം ഓക്സിജന്‍ ശ്വസിക്കുന്നതിനേക്കാള്‍ ഗുണകരമാണ് ഈ സമയം ലഭിക്കുന്ന 50 ശതമാനം ഓക്സിജന്‍. കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ ഓക്സിജന്‍ സംരക്ഷണം ലഭിക്കുന്നു. കൂടാതെ കൃത്യമായ മേല്‍നോട്ടവും പരിചരണവും ഗര്‍ഭിണിക്ക് ലഭിക്കുന്നു.
2010 സപ്തംബര്‍ 13നാണ് താലൂക്കാശുപത്രിയില്‍ ഈ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞ് ജനിച്ചത്. പുതിയ സംവിധാനങ്ങളുടെ വരവോടെ 800 മുതല്‍ 1000 വരെ സിസേറിയന് കുറയ്ക്കാന്‍ കഴിഞ്ഞതായും ഇവര്‍ പറയുന്നു.
പുതിയ തലമുറ പ്രസവവേദന കുറയ്ക്കാന്‍ കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ സിസേറിയനെ പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രസവവും സിസേറിയനും ഒരു വ്യവസായം പോലെ കൊണ്ടു നടക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളുമുള്ള നാട്ടില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന 15 ശതമാനത്തിനും താഴെ കടിഞ്ഞൂല്‍ സിസേറിയന് നിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ ഈ ആശുപത്രിയില്‍ കഴിയുന്നതായും ഡോ. സിന്‍ഡി പറയുന്നു. ഇവിടെ കഴിഞ്ഞ മൂന്നു വര്‍ഷമായി സിസേറിയന് നിരക്ക് ആറു മുതല്‍ 12 ശതമാനം വരെ മാത്രമാണ്. ഇത്തരം സംവിധാനങ്ങളുടെ ഉപയോഗവും ശുചിത്വപരിപാലനവും ഒക്കെ പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കാഷ് അംഗീകാരവും ഈ ആശുപത്രിക്ക് ലഭ്യമായി.
കാഷ് അക്രഡിറ്റേഷന് ലഭിക്കുന്ന ആദ്യത്തെ താലൂക്ക് ആശുപത്രിയാണ് പുനലൂര്‍ താലൂക്കാശുപത്രി. കൂടാതെ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡും തുടര്‍ച്ചയായി ഈ ആശുപത്രിക്കാണ്. ഗര്‍ഭിണികള്‍ക്കായി ലേബര്‍ സ്യൂട്ടുകളും ഗര്‍ഭിണികള്‍ക്ക് സൗജന്യ വസ്ത്രം നല്കുന്ന അമ്മയുടെ ആരോഗ്യം കുഞ്ഞിന് താരാട്ട് എന്നീ പദ്ധതികളുമുണ്ട്.
സൗജന്യമായ ഭക്ഷണവും ശുദ്ധമായ അന്തരീക്ഷവും ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും സംരക്ഷണമേകുമെന്ന പ്രത്യേകതയും ഈ സര്‍ക്കാര്‍ ആതുരാലയത്തിന് ലഭ്യമാക്കാന്‍ കഴിയുന്നതായും ഡോ. സിന്‍ഡിയുടെ ഭര്‍ത്താവും ആശുപത്രി സൂപ്രണ്ടുമായ ഡോ.ആര്. ഷാഹിര്‍ഷ അഭിപ്രായപ്പെടുന്നു. കരവാളൂര്‍ ഹൃദ്യത്തില്‍ ആണ് ഡോ. ഷാഹിര്‍ഷ, ഡോ.സിന്‍ഡി എന്നിവരുടെ താമസം, ഏകമകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മാളവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: