കാന്‍സര്‍ എന്നാല്‍ മരണം എന്നല്ല അര്‍ത്ഥം. 25 കൊല്ലം മുമ്പ് കാന്‍സര്‍ വന്നയാളാണ് ഞാന്‍. അന്ന് ചികിത്സാരീതി ഇന്നത്തെ അപേക്ഷിച്ച് പ്രാകൃതമായിരുന്നു. അന്ന് എന്നെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത് ആറുമാസം മാത്രമേ ജീവിച്ചിരിക്കൂ എന്നാണ്. അങ്ങനെയെങ്കില്‍ ആശുപത്രിയില്‍ കിടന്നാവട്ടെയെന്ന് തീരുമാനിച്ചു. അപ്പോഴും ഞാന്‍ മരിക്കില്ല എന്ന് സ്വയം വിശ്വസിച്ചു.
റേഡിയേഷനും കിമോതെറാപ്പിയുമെല്ലാം ചെയ്യുമ്പോഴും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ എന്തെല്ലാം ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു ചിന്ത. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ മരണം എന്ന് വ്യാഖ്യാനിക്കപ്പെടരുത്.
കാന്‍സര്‍ കാരണത്താലുള്ള മരണത്തെ തരണം ചെയ്യാന്‍ സാധിക്കും. അതിന് ഒന്നാമത് വേണ്ടത് ആത്മവിശ്വാസമാണ്. ഈ രോഗം ഭേദമാകുമെന്ന് സ്വയം പറഞ്ഞ് ശക്തിയാര്‍ജ്ജിക്കാന്‍ കഴിയണം. രണ്ടാമത് ആവശ്യം ലക്ഷ്യബോധമാണ്. ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ഉറച്ച വിശ്വാസത്തോടെ മുന്നോട്ടുപോകണം. ഇതോടൊപ്പം ആവശ്യമായ എല്ലാ ചികിത്സയും നടത്തണം.
മരുന്ന് കഴിക്കണം. പക്ഷേ, ആത്മവിശ്വാസം ഇല്ലാതെ മരുന്ന് മാത്രം കഴിക്കുമ്പോഴാണ് കാന്‍സര്‍ പ്രശ്നമാകുന്നത്. രോഗത്തെ കീഴടക്കുമെന്ന ഉറച്ച വിശ്വാസമാണ് ഏറ്റവും അത്യാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: