കൊച്ചി: എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനും (ഇ സി ജി സി) ആഗോള ബിസിനസ് വിവര സേവന ദാതാക്കളായ ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച 13-ാമത് എക്സ്പോര്‍ട്ട് റിസ്ക് മാനേജ്മെന്റ്റ് കോണ്‍ക്ലേവ് സമാപിച്ചു.
കയറ്റുമതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളായ ഇന്‍ഷുറന്‍സ്, വിദേശ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റം, വിതരണ ശൃംഖല, രാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവയായിരുന്നു കോണ്‍ക്ലേവിലെ പ്രധാന വിഷയങ്ങള്‍.
ഇന്ത്യയിലെ ബാങ്കുകള്‍ക്കും കയറ്റുമതി മേഖലക്കും എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സേവനം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമാണ് എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്പ്പറേഷന് ഓഫ് ഇന്ത്യ ( ഇ സി ജി സി ).
കേരളത്തിലെ മനുഷ്യ വിഭവശേഷി വര്‍ധിക്കുന്നതിനൊപ്പം കയറ്റുമതി മേഖലയിലും പുരോഗതിയുണ്ടാകണമെന്നും അത്വഴി സാമ്പത്തിക മേഖലയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും ഇ സി ജി സി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗീത മുരളീധര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വ്യാപാര രംഗത്ത് ആഗോള സമ്പദ് വ്യവസ്ഥയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും 2012-ല്‍ ആഗോള കയറ്റുമതിയുടെ 1.6 ശതമാനം ഓഹരി ഇന്ത്യയുടേതായിരുന്നുവെന്നും ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ കൗശല്‍ സമ്പത്ത് പറഞ്ഞു.
പ്രതിസന്ധികളെ കുറിച്ച് മനസിലാക്കി അവയെ ബുദ്ധിപരമായി തരണം ചെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മികച്ച സംരംഭകര്‍ ആകാന്‍ കഴിയൂ എന്ന് ആന്ധ്ര ബാങ്ക് സി എം ഡി സി.വി.ആര് രാജേന്ദ്രന് പറഞ്ഞു.
രാജ്യാന്തര തലത്തില്‍ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒത്തുചേരാനും അനുഭവങ്ങള്‍ പങ്ക്വയവെക്കാനും പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനുമുള്ള വേദിയായിരുന്നു കൊച്ചിയില്‍ നടന്ന സമ്മേളനം.
കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സംരംഭകര്‍, കയറ്റുമതിക്കാര്‍, ബാങ്കുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 235 ദശലക്ഷം ബിസിനസ് റെക്കോഡുകള്‍ ആണ് ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് കമ്പനിക്കുള്ളത്. 174 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: