വെള്ളിത്തിരയില്‍ നിന്നും ഉള്ളിലേക്ക് പടരുന്ന നെടുങ്കന്‍ ചിരിയുടെ മാളത്തരം ഇനി ഓര്‍മ്മയിലേക്ക്. ചിരിയുടെ വേലത്തരങ്ങള്‍ക്ക് പകരം ശുദ്ധഹാസ്യത്തിന്റെ നിറവായ
മാളാ അരവിന്ദനെന്ന നടന് ഒഴിച്ചിടുന്നത് മലയാള സിനിമയില്‍ പകരമില്ലാത്തൊരിടം. പപ്പു-മാള-ജഗതി എന്ന ചിരിത്രയങ്ങളുടെ ഹാസ്യോത്സവങ്ങളില് മാള എന്ന രണ്ടാമന് കൂടി അരങ്ങൊഴിയുമ്പോള്‍ പൂരമൊഴിഞ്ഞ പറമ്പിന്റെ ഏകാന്തനൊമ്പരം ബാക്കി.
തബലയില്‍ കൈവിരല്‍ പെരുക്കത്തിലൂടെ താളത്തിന്റെ തോരാ മഴയുമായാണ് നാടകത്തിലൂടെ മാള അരവിന്ദന്റെ വരവ്. തബലതാളം പിന്നെ നടനമേളയായി അരവിന്ദന് നാടകങ്ങളില്‍ നിമിര്ത്താടുന്നു.ചിരിച്ചും ചിരിക്കാതെയും ഇരട്ടഭാവങ്ങളായി മാള അനേകം പ്രൊഫഷണല്‍ നാടകങ്ങളില്‍ കഥാപാത്രങ്ങളാവുന്നു .സൂര്യസോമയുടെ നിധി നാടകത്തില്‍ സൂത്രധാരന്റെ പരിവേഷമുള്ള കഥാപാത്രമായി അഭിനയത്തിന്റെ നെറുകയിലായതിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ചു. പിന്നീട് സിനിമയിലേക്ക് മലയാളിയെ തലകുത്തിച്ചിരിപ്പിച്ച് മൂന്നരപ്പതിറ്റാണ്ട്.
ഭാസി, ബഹദൂര്‍ തലമുറകാര്ക്കു പിന്‍ഗാമികളായി വന്നവരില്‍ അലങ്കാരമില്ലാത്ത പച്ച മനുഷ്യന്റെ ചിരിയായിരുന്നു അരവിന്ദന്റേത്. ഗോഷ്ഠിയില്ലാത്ത നര്‍മം. പലരും ഇന്ന് ചിരിപ്പിക്കാന്‍ പങ്കപ്പാടുപെടുമ്പോള് സ്വാഭാവിക ഹാസ്യത്തിന്റെ ആള് രൂപമായി ഈ മാളക്കാരന്‍. മാള വെറുതെ നിന്നാല്‍ ചിരിക്കുമെന്നായി പ്രേക്ഷകര്‍. പപ്പു-മാള- ജഗതി എന്ന മൂവര്‍ സംഘം മലയാള സിനിമയുടെ ഹിറ്റുചേരുവയായതും ഒരു കാലം .ഇവരുടെ
ചിരിപ്പടക്കവും കൂടി ചേര്‍ന്നാണ് പല സൂപ്പര്‍താര ചിത്രങ്ങളും വിജയത്തിന്റെ വെടിക്കെട്ടാഘോഷിച്ചത്.
ഒരു താളപ്പൊരുത്തമുണ്ടായിരുന്നു അരവിന്ദ നടനത്തിന്. നാടകത്തില്‍ നിന്നും കിട്ടിയതാവണം ഈ ശീലം. സ്റ്റേജിന്റെ ഉള്ളവുകളുടെ കണിശത മുറ്റിയതായിരുന്ന മാളയുടെ ഗൗരവ കഥാപത്രങ്ങളുടെ നിര്‍മിതി. അധികം ചിരിപ്പിച്ചും അപൂര്‍വം കരയിപ്പിച്ചുമുള്ള അദ്ദേഹത്തിന്റെ ഇരട്ടമുഖം; ഹാസ്യതാരവും സ്വഭാവ നടനുമായി മലയാളം കണ്ടു. വാചാലമായ മുഖമൗനം കൊണ്ട് പ്രേക്ഷകനില്‍ ഉള്ളവക്കുന്ന നിശബ്ദത തീര്‍ക്കാനും കഴിഞ്ഞു മാളയ്ക്ക്.
ശബ്ദം നീട്ടിയും കുറുക്കിയും കണ്ണുരുട്ടിയും ചുണ്ടുകോട്ടിയും ശരീരം തുള്ളിച്ചും ഞെട്ടിയും ചുമ്മാ നിന്നുമൊക്കെ മാള സ്വന്തം ചിരിക്ക് നാനാര്‍ത്ഥങ്ങള്‍ നല്കി. തബല സംഗീതം മറ്റൊരു വിധം അടിമുടിയുണ്ടായിരുന്നു മാളയ്ക്ക് .ആര്‍ക്കും പിന്‍ഗാമിയാകാതെ നര്മരസമുണ്ടാക്കി ഈ ഗ്രാമീണന്. ഒരു ഹാസ്യനടന് നൂറുകണക്കിന് ചിത്രങ്ങളെന്നത് അര്‍ഹത കലര്‍ന്ന ആശ്ചര്യമാണ്. കരയുന്നത് ആരും കാണാതിരിക്കാന്‍ പെരുമഴയത്ത് താന്‍ ഇറങ്ങി നടക്കുമെന്ന് ചാപ്ലിന് പറഞ്ഞിട്ടുണ്ട്. പെരുമഴയും എരിവെയിലുമുണ്ടായിരുന്ന മാളക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയതോര്‍ക്കുന്നു. തനിക്കിഷ്ടപ്പെട്ട പറമ്പുകള്‍ കാണുമ്പോള്‍ അനുജന് ചേട്ടന് അരവിന്ദനോടു പറയും അതൊക്കെ വാങ്ങാമെന്ന്. അനുജന്റെ പേരില്‍ വാങ്ങാമെന്ന് ചേട്ടനും.
സമ്മതിക്കില്ല ആ അനുജന്. പറമ്പായ പറമ്പൊക്കെ ചേട്ടന്റെതായിക്കാണാന് മോഹിച്ചൊരു കൂടപ്പിറപ്പ്. ഇനിയൊരു ജന്മമുണ്ടെങ്കില് ആ അനുജന്റെ ചേട്ടനായിത്തന്നെ ജനിക്കണമെന്നു പറഞ്ഞ് കുറിപ്പവസാനിപ്പിക്കുന്നു അരവിന്ദന്. സ്നേഹപ്പുഴയില്‍ ഒളിച്ചിരുന്ന മനുഷ്യക്കടലായിരുന്നു ഈ മുനുഷ്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: