പാലക്കാട് ഞാങ്ങാട്ടിരിയിലെ കുട്ടിശങ്കരപെരുമ്പറനായരുടെയും സത്യഭാമയുടെയും മകന് എ.കെ. രവീന്ദ്രനെ മലയാളികള്‍ക്കറിയില്ല. പക്ഷേ മേജര്‍ രവിയെന്ന സംവിധായകനെ ഇന്ന് ലോകമറിയും. ഭാരതത്തിലുടനീളമുള്ള സൈനിക ഉദേ്യാഗസ്ഥര്‍ക്ക് ഈ പേര് പരിചിതമാണ്. മലയാളികളായ ഓരോ പട്ടാളക്കാരനും അഭിമാനത്തോടെ, ബഹുമാനത്തോടെ കാണുന്ന വ്യക്തിത്വം. ഒരു പട്ടാളക്കാരന്റെ ജീവിതവും അവന് നേരിടുന്ന പ്രതിസന്ധികളും പട്ടാള സിനിമകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിച്ചു മേജര്‍ രവി.
24 വര്‍ഷത്തെ സൈനികജീവിതത്തില്‍ താന്‍ പിന്നിട്ട വഴികളും പ്രതിസന്ധികളും അഭ്രപാളികള്ക്കുമുന്നില് മേജര്‍ രവി അവതരിപ്പിച്ചപ്പോള്‍ പലപ്പോഴും അത് യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയായി. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരുക്കിയ കീര്‍ത്തിചക്ര, മിഷന് 90 ഡേയ്സ്, കാണ്ഡഹാര്‍, കുരുക്ഷേത്ര. കര്‍മ്മയോദ്ധ വരെയുള്ള ചിത്രങ്ങള്‍. കീര്ത്തിചക്രക്കുശേഷം ബോക്സ് ഓഫീസില്‍ മറ്റ് ചിത്രങ്ങള്‍ ഹിറ്റുകളായില്ലെങ്കിലും മേജര്‍ രവി, നിരാശനായില്ല. തനിക്ക് അറിയാവുന്നതും പറയാനുള്ളതും സിനിമയിലൂടെ പറഞ്ഞുവെന്ന് അഭിമാനം കൊണ്ടു. മേജറുടെ ഈ ചങ്കുറപ്പ് അദ്ദേഹത്തിന്റെ നിലപാടുകളിലും പ്രകടമായിരുന്നു. അതുമൂലം മലയാളസിനിമയില്‍ ഇത്രയും പഴികേട്ട മറ്റൊരു സംവിധായകന് ഉണ്ടായില്ല.
ഒരു സൈനികന്റെ കാര്‍ക്കശ്യം മേജര്‍ രവിയെ പട്ടാളസിനിമകള്മാത്രം പിടിക്കാനറിയുന്ന; പ്രശ്നക്കാരനായ സംവിധായകനാക്കി. രാഷ്ട്രീയക്കാരുടെ മെയ്വഴക്കമില്ലാതെ ദേശീയതയെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞതുമൂലം മേജറെ ചിലര്‍ വര്‍ഗ്ഗീയവാദിയെന്നും കൊലയാളിയെന്നുംവരെ വിളിച്ചു. മുസ്ലീങ്ങള്‍ക്കെതിരെ മേജര്‍ രവി പ്രസംഗിച്ചുവെന്ന് ‘ജിഹാദി’ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കെട്ടിച്ചമച്ചു. മേജര്‍ രവിയുടെ സിനിമകള്‍ ഇറങ്ങുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകള്‍ ഭീഷണി മുഴക്കി. എല്ലാ വിമര്‍ശനങ്ങള്‍ക്കും മേജര്‍ രവി മറുപടി നല്കി.
പുതിയ ചിത്രമായ പിക്കറ്റ് 43 യിലൂടെ തന്റെ രാഷ്ട്രീയം ദേശീയതയില്‍ ഊന്നിയുള്ളതാണെന്നും അതിന്റെപേരില്‍ താന്‍ വര്‍ഗ്ഗീയവാദിയായി മുദ്രകുത്തപ്പെട്ടാല്‍ പരിഭവമില്ലെന്നും മേജര്‍ രവി പറയുന്നു. പിക്കറ്റ് 43യില്‍ ഒരു സീനുണ്ട്. ഹവില്‍ദാര്‍ ഹരീന്ദ്രനായി വേഷമിട്ട പൃഥ്വിരാജ് പാക് സൈനിക പോസ്റ്റില്‍ വെടിയേറ്റുകിടക്കുന്ന മുഷ്റഫിനെ (ജാവെദ് ജാഫ്രി) രക്ഷിക്കാന്‍ തന്റെ മുതിര്‍ന്ന ഉദേ്യാഗസ്ഥനോട് ആവശ്യപ്പെടുന്നു. തന്റെ ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ കോര്‍ട്ട് മാര്‍ഷന്‍ നേരിടേണ്ടിവരുമെന്നും മേലുദേ്യാഗസ്ഥന്‍ പറയുമ്പോള്‍ ഹരീന്ദ്രനില്നിന്നും മുഴങ്ങിക്കേള്‍ക്കുന്ന ഒരു ഡയലോഗുണ്ട്. ഒന്നരമണിക്കൂര്‍ മരണത്തെ മുഖാമുഖം കണ്ട എനിക്കെന്ത് കോര്‍ട്ട് മാര്‍ഷന്‍ സാര്‍’… 24 വര്‍ഷം സൈനികസേവനം നടത്തി ഭീകരരോട് നേരിട്ട് പോരാടി മരണത്തെ മുഖാമുഖം കണ്ട, രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഒരു പട്ടാളക്കാരനെ വര്‍ഗീയവാദിയെന്ന് വിളിച്ചാല്‍ താന്‍ ഇതേ ലാഘവത്തോടെയെ പ്രതികരിക്കൂവെന്ന് മേജര്‍ രവി പറയുന്നു.
പട്ടുമെത്തയിലൂടെ പട്ടാളക്കാരനായ ചരിത്രമല്ല മേജര്‍ രവിയെന്ന എ.കെ. രവീന്ദ്രന്റേത്. പട്ടിണികിടന്നും ഹോട്ടലില്‍ പണിയെടുത്തും ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പോരാടിയ ഒരു ബാല്യമുണ്ടായിരുന്നു രവീന്ദ്രന്. ആ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് രവീന്ദ്രനെ മേജര്‍ രവിയാക്കിയത്. ”അച്ഛന് കുട്ടി ശങ്കരപെരുമ്പറനായര് പഴയ പട്ടാളക്കാരനായിരുന്നു. വിഭജനത്തിനുമുമ്പ് 1945ല്‍ മുത്തച്ഛന് ആവശ്യപ്പെട്ടതനുസരിച്ച് പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി. പിന്നീട് കൃഷിപ്പണിയുമായി കൂടി. അച്ഛന്റെ സഹോദരന്മാരും മറ്റു ബന്ധുക്കളും ഏറെയും പട്ടാളക്കാരനായിരുന്നു. പട്ടാള യൂണിഫോമുകള്‍ കണ്ടുവളര്‍ന്ന ബാലന് പട്ടാളമോഹം അന്യമായിരുന്നില്ല. ആരോഗ്യപരിപാലനത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നുവെങ്കിലും പഠിത്തത്തില്‍ മഹാ ഉഴപ്പനായിരുന്നു. പഠിപ്പിന്റെ കേമത്തംമൂലം ഒന്‍പതിലും പത്തിലും തോറ്റു. എങ്ങനെയെങ്കിലും പത്ത് മറികടന്ന് ജോലിക്കായി ശ്രമം തുടങ്ങി.
17-ാം വയസ്സില്‍ നേവിയില്‍ ജോലി പ്രതീക്ഷിച്ച് മുംബൈയിലെത്തി. പക്ഷേ പ്രതീക്ഷിച്ചിടത്ത് നിന്ന് സഹായമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ദിനങ്ങള്‍. പട്ടിണി കിടന്ന ദിനങ്ങള്‍. നാട്ടിലേക്ക് വണ്ടി കയറാന്‍ മനസ്സ് അനുവദിച്ചില്ല. ജീവിതത്തില്‍ കേട്ടുമാത്രം പരിചയമുള്ള അകന്ന ബന്ധുവായ കുട്ടമാമ മുംബൈയില്‍ ഹോട്ടല്‍ നടത്തുന്നുവെന്നറിയാമായിരുന്നു. കുട്ടമാമയെ തേടിപിടിച്ചു. വലിയ പ്രതീക്ഷകളില്ലാതെയാണ് ദാഹിച്ചുവലഞ്ഞ് നിരാശനായി മേനോന്‍സ് മെസിലേക്കെത്തിയത്. ജീവിതത്തില്‍ ആദ്യമായി കാണുന്ന കുട്ടമാമ നല്കിയ സ്വീകരണമായിരുന്നു വഴിത്തിരിവ്.
മെസില്‍ ഒപ്പം നിന്നു. ഹോട്ടല്‍ പണികള്‍ ചെയ്തു. എങ്ങനെയെങ്കിലും തന്നെ ദുബായിലേക്ക് അയക്കാനുള്ള ശ്രമത്തിലായിരുന്നു കുട്ടമാമ. അപ്പോഴാണ് അച്ഛന്റെ അനിയന് സുകുമാര പെരമ്പറനായര് വിളിക്കുന്നത്. ഝാന്‍സിയില്‍ പട്ടാളക്കാരനായ അദ്ദേഹം അവിടെ ഒരു വേക്കന്‍സിയുണ്ടെന്നും കയറിവരാനും പറഞ്ഞു. വിധി അവിടെയും പരീക്ഷണങ്ങളൊരുക്കിയിരുന്നു. ചിക്കന്‍പോക്സിന്റെ രൂപത്തിലായിരുന്നു പരീക്ഷണം. ചിക്കന്‍പോക്സ് വന്ന വടുക്കളുമായിത്തന്നെ ജോലിക്കുവേണ്ടി ഹാജരായി. അതായിരുന്നു മേജര്‍ രവിയിലേക്കുള്ള തുടക്കം.
സാധാരണ പട്ടാളക്കാരനായി നാസിക്കില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഇടവേളകളില്‍ എന്ത് ചെയ്യാമെന്നായി ചിന്ത. പഠനത്തെക്കുറിച്ച് ചിന്തിച്ചത് അപ്പോഴാണ്. പുസ്തകങ്ങളെ വെറുത്തിരുന്ന ഞാന്‍ ആര്‍മി ഹയര്‍സെക്കന്ററി പാസായി. മൂന്നു വര്‍ഷത്തിനകം ഓഫീസര്‍ ടെസ്റ്റും പാസായി. അതിനുവേണ്ടി എന്നെ പ്രേരിപ്പിച്ച ഒരു മനുഷ്യനുണ്ട്. മേജര്‍ ഫക്രുദ്ദീന്‍ അഹമ്മദ്. മേജറും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും എന്നെ ആ കുടുംബത്തിലെ ഒരംഗമായി കരുതി. നിര്‍ബന്ധിച്ച് പഠിപ്പിച്ചു. പ്രേരണ നല്കി.
ആ പിന്തുണയാണ് 1982ല്‍ എന്നെ ഇന്ത്യ മിലിട്ടറി അക്കാദമിയിലെത്തിക്കുന്നത്. ആദ്യം സെക്കന്റ് ലെഫ്റ്റനന്റായി. 88ലാണ് കമാന്ഡോയാകുന്നത്. 88-89 ലാണ് ആദ്യ ഓപ്പറേഷന് കശ്മീര്‍ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റൂബ്ബയ്യ സെയ്ദിയെ ഭീകരരില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു ദൗത്യം. പിന്നീട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷനുകള്‍ അടക്കം എത്രയോ ഓപ്പറേഷനുകള്‍.
സിനിമയില്‍ കണ്സള്ട്ടന്റായതും സംവിധായകന് പ്രിയദര്‍ശനോടുള്ള സൗഹൃദവുമാണ് തന്നെ സംവിധായകനാക്കിയതെന്ന് മേജര്‍ രവി പറയുന്നു. അഭിനയം ഒരു വികാരമായിരുന്നു. എന്നാല്‍ സംവിധായകനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. പ്രിയന്റെ കാലാപാനിയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. എന്നാല്‍ പട്ടാളജോലിയുണ്ടായിരുന്നതിനാല് അതൊഴിവാക്കാന് ഞാന്‍തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് പല ചിത്രങ്ങളിലും മുഖം കാണിച്ചു. ഇങ്ങനെ ദീര്‍ഘകാലം പോകാനാവില്ലെന്നു മനസ്സിലായി.
നമുക്ക് നമ്മളെക്കുറിച്ച് ഒരു ധാരണയുണ്ടല്ലോ. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്നതിനാല് സിനിമകളെ അടുത്തറിയാന്‍ അവസരം ലഭിച്ചിരുന്നു. നിരവധി പരസ്യചിത്രങ്ങളും ചെയ്തിരുന്നു. ഒരുപക്ഷേ പരസ്യചിത്രങ്ങള്‍ ചെയ്തുന്നുവെങ്കില് ഒരുപാട് പണമുണ്ടാക്കാമായിരുന്നു. എനിക്ക് മുന്നിലുള്ള അനുഭവങ്ങള്‍ അഭ്രപാളികളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിക്കാമെന്നു വിചാരിച്ചു. അതില്‍ ഞാന്‍ തൃപ്തനാണ്.
പതിവ് സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് മേജര്‍ രവി പിക്കറ്റ് 43 അവതരിപ്പിക്കുന്നത്. അത് തികച്ചും യാദൃച്ഛികമാണെന്ന് അദ്ദേഹം പറയുന്നു. ”മോഹന്‍ലാലിനെ വച്ച് ഒരു പടം തുടങ്ങാനിരിക്കുമ്പോഴാണ് പിക്കറ്റ്-43 എത്തുന്നത്. ജോഷിയുടെ ചിത്രമായ സലാം കശ്മീരിനുവേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തശേഷം തിരികെ വരുമ്പോള്‍ ഒറ്റയ്ക്ക് കണ്ട ഒരു ബങ്കറാണ് പിക്കറ്റ്-43യിലേക്കത്തിക്കുന്നത്. കാര്‍ഗിലില്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്തരം ബങ്കറുകള്‍ കണ്ടത് ഓര്‍മ്മ വന്നു. ചിത്രത്തില്‍ കാണുന്നതുപോലെ ഒരിക്കലും ഒരു ബങ്കറിലേക്ക് ഒരു പട്ടാളക്കാരനെ മാത്രമായി നിയോഗിക്കില്ല. രണ്ടുപേരുണ്ടാവും. ഒരാള്‍ റേഷന്‍ വാങ്ങാന്‍ പോവുമ്പോള്‍ മറ്റേയാള്‍ സ്വാഭാവികമായും ഒറ്റക്കായിരിക്കും. അപ്പോള്‍ ഒരു പട്ടാളക്കാരന് അനുഭവിക്കുന്ന ഏകാന്തത ചിത്രത്തിലുണ്ട്.
ലീവ് ലഭിക്കാതിരിക്കുക, അതുമൂലം സ്നേഹിച്ച പെണ്‍കുട്ടിയെ നഷ്ടപ്പെടുക, രോഗാവസ്ഥയില്‍ അമ്മയുടെ അടുത്തെത്താനാവാത്ത അവസ്ഥ തുടങ്ങി ഒരു സാധാരണ പട്ടാളക്കാരന്റെ രാഷ്ട്രീയമാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭീകരവാദം ഒരു ജാതിയോ മതമോ കേന്ദ്രീകരിച്ചല്ല എന്നും ചിത്രം വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ മുസ്ലീങ്ങളടക്കം ഇന്ന് ഭീകരവാദത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ട്. ജാവെദ് ജെഫ്രി അവതരിപ്പിച്ച ഹവില്‍ദാര്‍ മുഷറഫിന്റെ പശ്ചാത്തലം അതാണ് വ്യക്തമാക്കുന്നത്. അതിര്‍ത്തികളില്‍ അപരനെ ശത്രുവായി കാണാന്‍ വിധിക്കപ്പെടുന്ന പട്ടാളക്കാര്‍. ഇത്തരത്തില്‍ കണ്ടുമുട്ടുന്ന രണ്ട് രാജ്യങ്ങളിലെയും പട്ടാളക്കാര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ്-43 പറയുന്നത്. അതിര്‍ത്തിയില്‍ എല്ലാദിവസവും വെടിവെയ്പുകളില്ല. ശത്രുതയില്ല.
എന്നാല്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ പാക് സൈനികള്‍ ശത്രുക്കളാവും. യുദ്ധഭൂമിയില്‍ നില്ക്കുന്ന ഓരോ പട്ടാളക്കാരന്റെയും മനസില്‍ നന്മയുണ്ടാവും. പാക് സൈനികനായ മുഷറഫ് മരിക്കരുതേ എന്ന് ആഗ്രഹിക്കുന്ന ഹരീന്ദ്രനും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു ഭീകരവാദിയും ഈ ചെക്ക്പോസ്റ്റിലൂടെ നിന്റെ മണ്ണില്‍ കാലുകുത്തില്ല എന്നുപറയുന്ന മുഷറഫും മനുഷ്യമനസ്സിന്റെ നന്മയാണ് വിളിച്ചോതുന്നത്. മതങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്നത് വോട്ടിനു വേണ്ടിയാണ്. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ നേട്ടമുണ്ടാക്കുന്നതിനുവേണ്ടിയാണ് അത് ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ മുസല്‍മാനും തന്റെ രാജ്യത്ത് ഒരിടത്തും മനഃസമാധാനം നഷ്ടപ്പെടാന്‍ ആഗ്രഹിക്കില്ല. ഒരാള്‍ക്ക് പട്ടാളക്കാരനാവാന്‍ ധൈര്യം വേണമെന്നില്ല. മനസുണ്ടായാല്‍ മതി. സാഹചര്യങ്ങള്‍ അവനെ ഹീറോയാക്കും. സാധാരണക്കാരനായ ഹവില്‍ദാര്‍ ഹരീന്ദ്രന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഭാവമാറ്റം ഇതാണ് വ്യക്തമാക്കുന്നത്.
പിക്കറ്റ് 43-ല്‍ ഉന്നത ഉദേ്യാഗസ്ഥന്റെ ഉത്തരവിന് വിരുദ്ധമായി പാക് സൈനികന് മുഷറഫിനെ രക്ഷപ്പെടുത്തണമെന്ന് ഹവില്‍ദാര്‍ ഹരീന്ദ്രന്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുന്ന സാഹചര്യങ്ങള്‍ സൈനികര്ക്കിടയിലുമുണ്ടെന്ന് മേജര്‍ രവി പറയുന്നു. ജൂനിയര്‍ ഓഫീസറുടെ ആത്മവിശ്വാസവും കഴിവും ബോധ്യമുള്ള മേലുദേ്യാഗസ്ഥന്‍ ഇത് അംഗീകരിച്ചുകൊടുക്കും. ഉന്നത ഉദേ്യാഗസ്ഥരുടെ തീരുമാനങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. യുദ്ധഭൂമിയില്‍ നില്ക്കുന്നവന്റെ സാഹചര്യം വ്യത്യസ്തമായിരിക്കും. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്കുന്ന ഉദേ്യാഗസ്ഥര്‍ നിരവധിയുണ്ട്. അങ്ങനെയല്ലാത്തവരുമുണ്ട്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ഞാനിത് അനുഭവിച്ചതാണ്. ശിവരശനെയും കൂട്ടരെയും വളഞ്ഞുവെങ്കിലും ഒരു ഓപ്പറേഷന് അനുമതിക്കായി 36 മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.
1991 ആഗസ്റ്റ് 18നായിരുന്നു അത്. അന്ന് എസ്ഐടി ചീഫായ കാര്ത്തികേയന് താന്‍ വന്നിട്ടുമതി ഓപ്പറേഷന് എന്ന് പറഞ്ഞു. അദ്ദേഹം വന്നാലും വന്നില്ലെങ്കിലും അവരോട് പോരാടേണ്ടത് ഞങ്ങള്‍ തന്നെയായിരുന്നു. 18ന് രാത്രി പരിസരം വളഞ്ഞ ഞങ്ങള്‍ 36 മണിക്കൂറിനുശേഷം ഉള്ളില്‍ കടക്കുമ്പോള്‍ എല്ലാം അവസാനിച്ചിരുന്നു. ഞങ്ങള്‍ അവിടെയെത്തിയ സമയത്തെക്കുറിച്ച് ശിവരശനും കൂട്ടര്‍ക്കും യാതൊരു അറിവുമുണ്ടായിരുന്നില്ല. നേരം പുലര്‍ന്നതോടെ ജനം തിങ്ങികൂടി. ശിവരശനും സംഘവും തയ്യാറായി. എത്തിയ സമയം തന്നെ ഓപ്പറേഷന് നടത്തിയിരുന്നുവെങ്കില്‍ ഞങ്ങളില്‍ ചിലര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നാലും അതിലെ ചിലരെയെങ്കിലും ജീവനോടെ പിടികൂടാമായിരുന്നു. രാജീവ്ഗാന്ധി വധക്കേസില്‍ അത് വഴിത്തിരിവാകുമായിരുന്നു.
പിക്കറ്റ്- 43-ല്‍ രാജു നടന് മോഹന്‍ലാലിന്റെ ചിത്രം ചുവരിലൊട്ടിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗമുള്പ്പെടുത്തിയതിനു പിന്നില്‍ മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്റെ ആരാധന തന്നെയാണ് കാരണമെന്ന് മേജര്‍ രവി തുറന്നുപറയുന്നു. സംവിധായകനാകുന്നതിനുമുമ്പ് മോഹന്‍ലാലിന്റെ ആരാധകരെപ്പോലെ അദ്ദേഹത്തിന്റെ അഭിനയത്തോട് എനിക്കും ആരാധനയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സൗഹൃദം എനിക്കുണ്ട്. അത് ഭാഗ്യമായി കരുതുന്നു. സിനിമയില്‍ ആ സീന്‍ ചിത്രീകരിച്ചതുകൊണ്ട് മറ്റൊരു ഗുണവുമുണ്ടായി. രാജുവും ലാലുവും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ചിത്രമൊട്ടിക്കുന്ന സീനെടുത്തപ്പോള്‍ രാജു പറഞ്ഞത് സെറ്റിലുള്ള എല്ലാവരും കയ്യടിച്ചോണം. തീയേറ്ററില്‍ ഉറപ്പായും കയ്യടിയുള്ള രംഗമാണിതെന്നാണ്. രാജുവിന് ഈഗോയുണ്ടെങ്കില്‍ ഈ സീന്‍ ചെയ്യില്ല എന്നു പറയാമായിരുന്നു. മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാര്‍ത്ഥ്യങ്ങള്‍.
മേജര്‍ രവി പ്രശ്നക്കാരനായ സംവിധായകനാണെന്നു പറയുന്നവരുണ്ട്. ഞാന്‍ കര്‍ക്കശക്കാരനായ സംവിധായകനാണ്. എന്റെ എല്ലാ ചിത്രങ്ങളും 29 ദിവസത്തിനകം തീര്‍ത്തിട്ടുണ്ട്. രാവിലെ 7 മണിക്ക് ഷൂട്ടിംഗ് തുടങ്ങാമെന്നുപറഞ്ഞാല് 7 മണിക്ക് തുടങ്ങും. ആര്‍ട്ടിസ്റ്റിനുവേണ്ടി കാത്തിരുന്ന് നിര്‍മ്മാതാവിന്റെ പണം നശിപ്പിക്കാന്‍ എനിക്കാവില്ല. രാജുവും എന്നെക്കുറിച്ച് കേട്ടിരുന്നത് പ്രശ്നക്കാരനെന്നുതന്നെയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ രാജു പറഞ്ഞത് നിങ്ങള്‍ ഒരു പ്രശ്നക്കാരനാണെന്നാണല്ലോ. എന്നിട്ടങ്ങനെയല്ലല്ലോ എന്ന്. എന്റെ മറുപടി നീ പ്രശ്നക്കാരനല്ല. അതുകൊണ്ട് ഞാനും പ്രശ്നക്കാരനല്ല എന്നായിരുന്നു . 7 മണിക്ക് വരാന്‍ പറഞ്ഞിട്ട് നീ 10 മണിക്ക് വന്നാല്‍ ഞാന്‍ പ്രശ്നമുണ്ടാക്കും. ഷൗട്ട് ചെയ്യും. ഓ അതാണല്ലേ കാര്യമെന്നായി രാജു. ആ സൗഹൃദം സിനിമയിലുടനീളം പ്രതിഫലിച്ചു. വെറും 22 ദിവസംകൊണ്ടാണ് പോക്കറ്റ് 43 ചിത്രീകരിച്ചത്.
കൊലയാളിയെന്നും വര്ഗീയവാദിയുമെന്നുമുള്ള പ്രചരണങ്ങളെ മേജര്‍ രവിക്ക് ഭയമില്ല. ഒരു പട്ടാളക്കാരന്റെ ജീവിതത്തില്‍ നിരവധി ഏറ്റുമുട്ടലുകളുണ്ടാകാം. നിരവധിപേര്‍ കൊല്ലപ്പെടാം. അത് കൊലപാതകമല്ല. രാജ്യത്തിനുവേണ്ടി ഞാനും സംഘവും നടത്തിയ പോരാട്ടങ്ങള്‍ക്കിടയില്‍ 17 ഓളംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു പട്ടാളക്കാരനും അതിന്റെപേരില്‍ അഹങ്കരിക്കില്ല. അവനത് പറഞ്ഞ് സന്തോഷം കൊള്ളാറില്ല. കൊലയാളിയാണെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്.
എന്റെ മണ്ണിനുവേണ്ടിയും ദേശീയതക്കുവേണ്ടിയും ഞാന്‍ നിലകൊള്ളും. അതിന് എന്നെ വര്ഗീയവാദിയാക്കിയാല് എനിക്ക് ഒന്നുമില്ല. ഹിന്ദുസ്ഥാനുവേണ്ടി നിലകൊണ്ടതുകൊണ്ട് ഹിന്ദുവെന്ന് പറയും. ഹിന്ദു ഒരു ജാതിയല്ല. ഒരു സംസ്കാരമാണ്. ഹൈന്ദവ സംസ്കാരത്തില്‍ വിശ്വസിക്കുന്ന, ഈ മണ്ണില്‍ ജീവിക്കുന്ന നായരും നമ്പ്യാരും ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഹിന്ദുവാണ്. ഈ മണ്ണിനുവേണ്ടി പോരാടി കീര്‍ത്തിചക്ര വാങ്ങിയ മുസ്ലിം പട്ടാളക്കാരില്ലേ. ഭീകരവാദത്തിന് മതമില്ല. ബോഡോകളിലും നക്സലുകളിലും ജാതിയും മതവുമുണ്ടോ, ഭീകരവാദത്തെ എതിര്‍ത്താല്‍, ദേശീയത പറഞ്ഞാല്‍ വര്‍ഗീയം എന്നുപറയുന്നവനെ മുഖത്തടിക്കണം. ജനങ്ങള്‍ അതുചെയ്യുന്ന ഒരുകാലം വരും.
രാജീവ് ഗാന്ധി വധക്കേസ് പുനരനേ്വഷിക്കണം എന്നുപറഞ്ഞപ്പോഴാണ് സോഷ്യല്‍ മീഡിയകളില്‍ ഞാന്‍ മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ചു എന്നുപറഞ്ഞ് പ്രചാരണമുണ്ടാക്കുന്നത്. ഇന്ത്യാവിഷന് ഡോട്ട്കോമും അതുകഴിഞ്ഞ് മാധ്യമവുമാണ് ഈ പ്രചരണം നടത്തിയത്. എന്റെ ശബ്ദരേഖ നിങ്ങളുടെ കൈയില്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. അതിനുപിന്നാലെ ഭീഷണികളായി. മറുനാടന്‍ മലയാളിയില്‍ ശ്രീമതി ടീച്ചറിന്റെ മകനും ഞാനും ചേര്‍ന്ന് 15 ലക്ഷം തട്ടിച്ചെന്നായി വാര്‍ത്ത. സൈബര്‍ സെല്ലില്‍ കേസ് കൊടുത്തതോടെ മിണ്ടാട്ടമില്ല. ദേശസ്നേഹം പറഞ്ഞാല്‍, എന്റെ രാഷ്ട്രീയ ചായ്വ് പ്രകടമാക്കിയാല്‍ ,നരേന്ദ്രമോദിയെ ഇഷ്ടപ്പെടുന്നുവെന്നുപറഞ്ഞാല് ചിലര്‍ക്ക് ഹാലിളകും. മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമാകാം. എനിക്കെന്റെ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചുകൂടാ. നരേന്ദ്രമോദി എന്ന മനുഷ്യനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. എന്നാല്‍ ആ മനുഷ്യനെ ഞാന്‍ ഇഷ്ടപ്പെടുന്നു.
ആരാധിക്കുന്നു. ഗോത്ര കലാപത്തിന്റെ പേരില്‍ അദ്ദേഹത്തെ വര്ഗീയവാദിയാക്കുന്നവന് മറച്ചുവയ്ക്കുന്ന ഒരു കാര്യമുണ്ട്. 15 വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനങ്ങള്‍. മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഗുജറാത്തിലെ പ്രദേശങ്ങളില്‍പോലും മോദിക്ക് ലഭിച്ച സ്വീകാര്യത. പ്രധാനമന്ത്രിയായശേഷം അദ്ദേഹം അമേരിക്കയിലും ഓസ്ട്രേലിയയിലും നടത്തിയ സന്ദര്‍ശനങ്ങള്‍ ചരിത്രമായി. അമേരിക്കന്‍ പൗരന്മാരെയും ഓസ്ട്രേലിയക്കാരയും അദ്ദേഹം ഞെട്ടിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിലെ (പാര്‍ലമെന്റിലെ) 32 അംഗങ്ങള്‍ മോദിയെ കാണാനെത്തി. അവിടെ ഒരു അതിഥിയെ കാണാന്‍ നാലു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഒരുമിച്ചുകൂടുന്നത് അപൂര്‍വമാണ്. മോദിയുടെ കഴിവിനെ അവര്‍ അംഗീകരിക്കുന്നുവെങ്കില്‍ എനിക്ക് അദ്ദേഹത്തെ ആരാധിച്ചുകൂടേ.
അദ്ദേഹത്തെപോലൊരു നേതാവ് ഏതു പാര്‍ട്ടിയിലാണെങ്കിലും ആദരിച്ചുപോകും. അതുകൊണ്ടുതന്നെ ഞാന്‍ മോദിയെ അന്ധമായി ആരാധിക്കുന്നു. എന്റെ രാഷ്ട്രീയ ചായ്വ് പ്രകടമാക്കുന്നു. ഞാന്‍ വര്‍ഗീയ വാദിയാണെന്നു പറയുന്നവരോട് എനിക്ക് മറുപടി പറയേണ്ടതില്ല. എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ട്. അവരാരും എന്നെ വര്‍ഗീയവാദിയെന്നു പറയില്ല. ദുബായില്‍ ഞാനെത്തുമ്പോള്‍ വാടകക്കെടുത്ത കാറുമായി എന്നെ കാത്തുനില്ക്കുന്ന സാധാരണക്കാരായ സെയ്ദും ഹാരിസും എന്നെ വര്‍ഗീയവാദിയെന്നു വിളിക്കില്ല. ദുബായിലെ എന്റെ നമ്പര്‍ അവസാനിക്കുന്നത് 786ലാണ്. ഞാന്‍ വര്‍ഗീയവാദിയാണെങ്കില്‍ ബിസ്മില്ലാ നമ്പര്‍ എന്നു മുസ്ലീങ്ങള്‍ പറയുന്ന നമ്പര്‍ എന്തിനു കൊണ്ടുനടക്കണം. പിക്കറ്റ് 43യില്‍ അഭിനയിച്ച ജാവെദ് ജാഫ്രി എന്റെ അടുത്ത സുഹൃത്താണ എന്റെ സിനിമയില്‍ ഒരു മുസ്ലീമിനെ ഞാന്‍ എന്തിന് അഭിനയിപ്പിക്കണം.
ഭാരതത്തെ സ്നേഹിക്കുന്നവനാണ് ഞാന്‍. ഈ മണ്ണിനെ സ്നേഹിക്കുന്നവര്‍ എന്നെ സ്നേഹിച്ചാല്‍ മതി. ഈ മണ്ണിനെ വെറുക്കുന്നവരെ ഞാനും വെറുക്കും. ഞാന്‍ ബിജെപിയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് വര്‍ഗീയവാദി ആയതെങ്കില്‍ ഒരു ചോദ്യം യഥാര്‍ത്ഥ വര്‍ഗീയവാദി ആരാണ്. 1947ല്‍ മുസ്ലീമിനെയും ഹിന്ദുവിനെയും പിരിച്ച് രാജ്യത്തെ വിഭജിച്ചതാരാണ്. അവരാണ്
യഥാര്‍ത്ഥ വര്‍ഗീയവാദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: