ഭൂമിയെങ്ങനെ ഉണ്ടായതാണെന്നോ, ഇവിടെ മനുഷ്യന് ആദ്യമായി എന്നുണ്ടായതെന്നോ ആധികാരികമായി എനിക്കറിയില്ല. കാരണം അതിനെക്കുറിച്ച് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ഈ സന്ധ്യസമയത്ത്, എന്റെ ചിന്തകള്‍ കടിഞ്ഞാണ്‍ നഷ്ട്ടപ്പെട്ട് പായുന്നു. എവിടേക്ക്? മനസ്സിനെ നിയന്ത്രിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതും ഒരു രസമാണല്ലോ, ചിന്താധാരകളിലെ ലഹരി. ഇതും പതിവായിരിക്കുന്നുവല്ലോ?.
മനസ്സ് കേന്ദ്രീകൃതമാകുന്നതോടെ ചിന്ത ലഹരിയായി. ഉമ്മറത്ത് ഈ ഇരിപ്പ് തുടങ്ങിയിട്ട് നേരമേറെയായി. ചിന്താധാരകള്‍ വ്യാപരിച്ചതോ ദേശാന്തരങ്ങള്‍ക്കുമപ്പുറം. മാനസിക നൗക ഒടുവിലെത്തുന്നത് അനന്തമായ സാഗരത്തില്‍, അതെ ഓര്‍മ്മകളുടെ ഒരു സാഗരം. ഇടക്ക് സുഹൃത്തിന്റെ പ്രണയവും വിവാഹവുമെല്ലാം ഒഴുകിയെത്തും. അയാളുടെ ശരി എനിക്ക് ശരിയാണോ?. പ്രണയം അവന് അഹങ്കാരമാണ്. പരിത്യജിക്കുന്നവരുടെ വേദന അവനറിയില്ലെന്ന് തോന്നുന്നു. അവസാനം വിധി അതാണ് എല്ലാവര്ക്കും സമാധാനം. വിധിയുമായി സമരസപ്പെടാന്‍ എനിക്കാവുന്നില്ല.
”നീണ്ട പ്രണയത്തിന്റെ മനോഹരമായ അന്ത്യം”
എന്നാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അവന് ഞങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞത്. ആ പ്രയോഗത്തോട് എനിക്ക് യോജിക്കാനായില്ല. പ്രണയത്തിന് അന്ത്യമുണ്ടോ? ഇല്ലായെന്നാണ് എന്റെ വിശ്വാസം. മനസ്സ് പ്രണയത്തെ വട്ടമിട്ടു കറങ്ങുന്നതിന്റെ കാരണം ഇതാണ്. അവനും ഭാര്യയും പുതിയൊരു ജീവിതം ആരംഭിക്കുവാന്‍ മണിയറയിലേക്ക് നടക്കുന്നതിന് മുമ്പ് ഞങ്ങളോട് അല്പം അഹങ്കാരത്തോടെ പറഞ്ഞു.
”ഞാന്‍ എന്റെ ജീവിതസഖിയെ തനിയെ കണ്ടെത്തി.”
ആ വാക്കുകളും ശരിയല്ലയെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഈ പ്രപഞ്ചത്തിനും ഇവിടെയുള്ള എല്ലാത്തിനും ഒരു സൃഷ്ടാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. യുക്തിവാദികളുടെ വാദങ്ങളെ ഗൗനിക്കുന്നേയില്ല. പ്രപഞ്ചസൃഷ്ടാവിനെ നമ്മള് ഓരോരുത്തരും ഓരോ പേരില്‍ വിളിക്കുന്നു. അതിന്റെ പേരില്‍ മത്സരിക്കുന്നു. അങ്ങനെ മത്സരിക്കുന്ന ഒരു വിഭാഗത്തില്‍പ്പെടുന്ന ആളാണ് ഞാനും. ഓരോ സൃഷ്ടാവിനും തന്റെ സൃഷ്ടി എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടല്ലോ? അങ്ങനെയാണെങ്കില്‍ നമ്മുടെ ജീവിതവും നമ്മുടെ സൃഷ്ടാവായിരിക്കില്ലേ തീരുമാനിക്കുക? സമാധാനത്തിന് വേണ്ടി ആ തീരുമാനത്തെ നമ്മള് ഒരു പേരുവിളിക്കും ‘വിധി’. അപ്പോള്‍ എന്റെ സുഹൃത്തിന്റെ അവകാശവാദം തെറ്റല്ലേ? അവന് അവന്റെ ജീവിതസഖിയെ കുറച്ചുനാള്‍ മുമ്പ് പരിചയപ്പെട്ടുവെന്ന് മാത്രം. തീരുമാനം നടപ്പാക്കിയത് ആ പ്രപഞ്ചസൃഷ്ടാവാണ്, അതല്ലേ സത്യം?. പലരും തമ്മില്‍ പ്രണയിക്കുന്നു, പക്ഷേ ഒന്നിച്ച് ജീവിക്കുന്നത് കുറച്ചുപേര്‍ മാത്രം. അങ്ങനെ ഒന്നിക്കുന്നവവര് അഹങ്കരിക്കുന്നതില്‍ കഴമ്പില്ല. ചിലര്‍ തന്റെ ജീവിതപങ്കാളിയെ നേരത്തെ കാണുന്നുയെന്നല്ലാതെ മറ്റൊരു അസാധാരണതയും ഇതിലില്ല. അഹങ്കരിക്കുന്നവര്‍ മണ്ടന്മാര്. അതാ വീണ്ടും എന്റെ മനസ്സ് പ്രണയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് പോകുന്നു….തടയുന്നില്ല, ഒരു രസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: