ജൈവപച്ചക്കറി കൃഷിയും നെല്‍കൃഷിയും ഈയിടെയായി ഫാഷനായിരിക്കുകയാണല്ലൊ. വിദ്യാലയങ്ങളെയും കുടുംബശ്രീക്കാരെയുമെല്ലാം അണിനിരത്തി സംസ്ഥാനത്തുടനീളം കൃഷിയുത്സവങ്ങളും കൊയ്ത്തുത്സവങ്ങളും കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളുമൊക്കെ കൊയ്ത്തരിവാളും കറ്റയുമായി നില്ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സാധാരണ കാണാന്‍ കഴിയുന്നു.
മമ്മൂട്ടി തന്റെ സ്വന്തം ഗ്രാമമായ ചെമ്പിനടുത്ത് ഹെക്ടര്‍ കണക്കിന് പാടത്ത് കൃഷിയിറക്കി മാതൃക കാട്ടിയിരിക്കുന്നു. ശ്രീനിവാസനും കുടുംബവും ഉദയംപേരൂരില്‍ കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങളും ഉണ്ട്. എല്ലാവരും ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും ജൈവ കൃഷി തന്നെ.
അതില്‍നിന്ന് വ്യത്യസ്തമായി കുമാരനല്ലൂരിലാണെന്നു തോന്നുന്നു, ഒരു പള്ളിക്കൂടത്തിലെ കുട്ടികള്‍ നടത്തിയ കൃഷിയുടെ കൊയ്ത്തുത്സവവും ചാനലുകളില്‍ വാര്‍ത്തക്കിടെ കാണാന്‍ കഴിഞ്ഞു. കുട്ടികളുടെ ആഹ്ലാദപ്രകടനങ്ങളും വിളവിന്റെ സമൃദ്ധിയുമൊക്കെ വിവരിക്കപ്പെട്ടു. അതിനിടെ സുഭാഷ്പലേക്കറുടെ സമ്പ്രദായത്തിലുള്ള കൃഷിരീതിയാണവിടെ അവലംബിച്ചതെന്നു ഒരു വാചകവുമുണ്ടായിരുന്നു. അതിലപ്പുറം ആ രീതിയെപ്പറ്റി ഒന്നും കണ്ടില്ല.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാന കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഗ്രാമവികസനമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പി.മനോജ് കുമാര്‍ കാണാന്‍ വന്നിരുന്നു. തിരുവല്ലാക്കാരനായ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിലും താത്പര്യമുണ്ടായിരുന്ന ആളാണ്. ഗ്രാമീണ മേഖലയിലെ കര്‍ഷക കുടുംബങ്ങളുമായി സ്വന്തം ജോലിയുടെ ഭാഗമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണങ്ങളും അനുഭവങ്ങളും ജൈവകൃഷിയെന്ന പേരില്‍ നടന്നുവരുന്നതൊക്കെ രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ച് നടത്തുന്ന രീതിയോളം തന്നെ അനഭിലഷണീയങ്ങളാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നതായി പറഞ്ഞു.
സുഭാഷ് പലേക്കര്‍ പ്രചരിപ്പിക്കുന്ന പ്രകൃതി (സ്വാഭാവിക) കൃഷിരീതിയുടെ ശക്തനായ വക്താവായിത്തീര്‍ന്നിരിക്കയാണദ്ദേഹം. ഇക്കാര്യത്തില്‍ ഭാരതീയ കിസാന്‍ സംഘിനും കര്‍ഷകമോര്‍ച്ചക്കുമെന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ എന്നറിയാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ട്. കിസാന്‍സംഘ് ഇക്കാര്യത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ താത്പര്യമുണര്‍ത്തുന്ന ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തെ ധരിപ്പിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ജൂലൈ മാസത്തില്‍ പാലക്കാടിനടുത്തു ചിറ്റൂരില്‍ നടന്ന പ്രാന്തീയ ബൈഠക്കിന് പോയപ്പോള്‍ പത്തുവര്‍ഷം മുമ്പ് സ്വദേശി ജാഗരണ്‍മഞ്ചില്‍ സഹപ്രവര്‍ത്തകനായിരുന്ന മുരളിയും കൃഷ്ണന്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് പ്രകൃതി കൃഷിയിലൂടെ വിളയിച്ചെടുത്ത ധാന്യങ്ങളും ശര്‍ക്കരയും ചക്കരയും അവയുടെ ഉല്‍പ്പന്നങ്ങളും വിപണനത്തിനായി അവിടെക്കൊണ്ടുവന്നിരുന്നു. സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി (സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്)രീതിയില്‍ അവര്‍ കൂട്ടായ്മയായി നെല്ലും കരിമ്പും പച്ചക്കറികളും ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നുണ്ടെന്നറിഞ്ഞു.
പലേക്കറുടെ പ്രകൃതി കൃഷിരീതികളെപ്പറ്റി സ്വദേശി ജാഗരണ്‍ മഞ്ചില്‍ ചര്‍ച്ചകളും നടന്നുവന്നു. അദ്ദേഹത്തെ പാലക്കാട് ക്ഷണിച്ചുവരുത്തി ക്ലാസുകളും പരിശീലനവും മറ്റും സംഘടിപ്പിച്ച് മഞ്ചിന്റെ അന്നത്തെ പ്രവര്‍ത്തകര്‍ കെ.വി.ബിജു ഒട്ടേറെ കര്‍ഷകര്‍ക്ക് പ്രേരണ നല്‍കിയിരുന്നു. അവരുടെ കൂട്ടായ്മ ഇപ്പോഴും നല്ല നിലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് പ്രചാരം ലഭിച്ചുവരുന്നുണ്ടെന്നുമറിയാന്‍ കഴിഞ്ഞു.
പത്തനംതിട്ട ജില്ലയിലെ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധാരാളം പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തിലും ഇത്തരം ആശയങ്ങളുണ്ടായിരുന്നു. തിരുവല്ലായും പരിസരങ്ങളും കരിമ്പു കൃഷി ധാരാളമുണ്ടായിരുന്ന സ്ഥലങ്ങളായിരുന്നു. പന്തളത്തും പുളിക്കീഴിലും പഞ്ചസാര ഫാക്ടറികള്‍ വന്നപ്പോള്‍ അവയെ രക്ഷിക്കാനായി ഫാക്ടറികള്‍ക്ക് 20 കി.മീ. ചുറ്റളവില്‍ സര്‍ക്കാര്‍ കരിമ്പാട്ടുന്നതും ശര്‍ക്കരയുണ്ടാക്കുന്നതും നിരോധിക്കുകയും അവയ്ക്കുവേണ്ടി കരിമ്പ് കുത്തകസംഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. കര്ഷകന് സ്വന്തമായ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഒരു പരമ്പരാഗത കാര്‍ഷിക വ്യവസായം അന്യം നിന്നുപോകാന്‍ അധികം താമസമുണ്ടായില്ല.
പഞ്ചസാര ഫാക്ടറികള്‍ പൂട്ടലും അങ്ങനെ തന്നെ. കരിമ്പില്‍നിന്നും ഗ്രാമീണ മേഖലയില്‍ നിര്‍മിച്ചുവന്ന അനേകം സ്വാദിഷ്ഠ വിഭവങ്ങള്‍ അങ്ങനെ എന്നന്നേക്കുമായി ഇല്ലാതായി. പാലാ മുതല്‍ പന്തളംവരെയുള്ള വിശാലമായ ഒരു മേഖലയാണ് അതിന്റെ കെടുതി അനുഭവിച്ചത്. ഇപ്പോള്‍ ശുദ്ധവും ആരോഗ്യകരവുമായ ശര്‍ക്കര കിട്ടാനില്ല. ശബരിമലയിലെ അരവണ തയ്യാറാക്കാന്‍ കൊണ്ടുവന്ന എത്രലക്ഷം രൂപയ്ക്കുള്ള ശര്‍ക്കരയാണ് ഉപേക്ഷിക്കേണ്ടിവന്നതെന്ന് മാധ്യമങ്ങളില്‍ വന്നിരുന്നല്ലോ.
സസ്യജാലങ്ങളുടെ സ്വാഭാവികമായ തഴച്ചുവളരുന്ന സ്വഭാവത്തെ നശിപ്പിക്കുന്ന കൃഷി രീതിയാണ് ആധുനികതയുടെ പേരില്‍ സര്‍വകലാശാലകളും സര്‍ക്കാരിന്റെ കൃഷി വകുപ്പും ചെയ്തുവരുന്നത്. സ്വാഭാവികമായ പരിതസ്ഥിതികളില്‍ വളര്‍ന്നു പുഷ്പിച്ചു ഫലം തരുന്ന ചെടികള്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ആരോഗ്യവും ദീര്‍ഘായുസ്സും നല്കുന്നു. 7000 ലേറെ വര്‍ഷം മുമ്പു തന്നെ ആയിരക്കണക്കിന് നെല്ലിനങ്ങളും മറ്റു ധാന്യങ്ങളും കൃഷി ചെയ്തു വന്ന നാടാണ് ഭാരതം. ആധുനിക കൃഷി സമ്പ്രദായങ്ങളും ഗവേഷണങ്ങളും വഴി സൃഷ്ടിച്ചെടുത്ത വിത്തിനങ്ങള്‍, കാര്‍ഷികവൈവിധ്യത്തെ തകര്‍ത്തു. സ്വാദും വാസനയും പോഷമൂല്യങ്ങളും ഔഷധഗുണങ്ങളും സമൃദ്ധമായിരുന്ന എത്രയെത്ര ഇനം ധാന്യങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനകത്തു അപ്രത്യക്ഷമായത്? കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിച്ചിരുന്ന നാട്ടറിവുകളെയൊക്കെ നാം നിഷ്കാസനം ചെയ്തു.
രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചു മണ്ണില്‍ വളക്കൂറുണ്ടാക്കുകയും കൃമി കീടങ്ങളെ ഭക്ഷിക്കുകയും ചെയ്തിരുന്ന തവളകളെയും മണ്ണിരകളെയും ഞാഞ്ഞൂലുകളെയും ഉന്മൂലനം ചെയ്തു. കാലവര്‍ഷാരംഭത്തില്‍ നാട്ടിന്‍പുറങ്ങളില്‍ രാപകലില്ലാതെ മുഴങ്ങിക്കേട്ടിരുന്ന ”പോക്രോം പോക്രാം” വിളികള്‍ അസ്തമിച്ചു. മണ്ണിന്റെ വളക്കൂറു വറ്റി. വിനാശകരമായ കീടങ്ങള്‍ പെരുകി. അവയെ നശിപ്പിക്കാന്‍ പ്രയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യനെയും മൃഗങ്ങളെയും സസ്യജാലത്തെയാകെയും നശിപ്പിക്കുന്നു. (കാസര്‍കോട്ടെയും നെല്ലിയാമ്പതിയിലെയും ഇടുക്കിയിലെയും എന്‍ഡോസള്‍ഫാന്‍ വര്‍ഷം ഓര്‍ക്കുക).
നാടിന്റെ കാമേധനുക്കളായി കരുതപ്പെട്ട കന്നുകാലി വര്‍ഗത്തെ മുഴുവന്‍ ആധുനിക മൃഗ ചികിത്സാ ശാസ്ത്രം ഉപയോഗിച്ച് തകര്‍ത്തതിന്റെ കെടുതികളും നാമനുഭവിക്കുകയാണ്. ഇന്നത്തെ പശുക്കള്‍ക്കു ഗോവംശത്തിന്റെ ലക്ഷണങ്ങളില്ലെന്നു കാണാം. പശുകരയുന്ന ശബ്ദം ഓങ്കാരമാണെന്ന് കരുതപ്പെടുന്നു. ഇന്നത്തെ സങ്കരയിനം പശുക്കളുടെ ശബ്ദം എത്ര വികൃതമാണ്! ഏരുമയുടെതിനേക്കാള്‍ ബീഭത്സമാണെന്നു തോന്നും. അവയുടെ പാലിനും ചാണകത്തിനും മൂത്രത്തിനും അതേ സ്വഭാവമാണ്. അവശേഷിക്കുന്ന നാടന്‍ ഗോവര്‍ഗത്തെ സംരക്ഷിക്കാനുള്ള സത്വരവും ഫലപ്രദവുമായ നടപടികള്‍ ആവശ്യമാണ്.
വീട്ടില്‍ത്തന്നെ സ്വാഭാവികമായുണ്ടാകുന്ന കഞ്ഞിവെള്ളവും കാടിവെള്ളവും പച്ചക്കറികളുടെ അവശിഷ്ടങ്ങളും പുല്ലും വയ്ക്കോലും അല്ലാതെ രാസസംസ്കരണത്തിലൂടെ നിര്‍മിക്കപ്പെടുന്ന കാലിത്തീറ്റകള്‍ ഒട്ടും നല്‍കാതെ തന്നെ അവയെ വളര്‍ത്താന്‍ സാധിക്കുമെന്നു സ്വപരിശ്രമത്താല്‍ തെളിയിച്ചെടുത്ത എത്രയോ സാധാരണക്കാര്‍ നാട്ടിലുണ്ട്. വിവരസാങ്കേതിക വിദ്യാരംഗത്ത് നാലക്ക, അഞ്ചക്ക ശമ്പളം വാങ്ങുന്ന നൂറിലധികം ഉന്നത വിദ്യാസമ്പന്നര്‍ ജോലി വേണ്ടെന്നുവച്ച് കാര്‍ഷിക, ഗോപരിപാലനരംഗത്തേക്ക് വന്ന വിവരം കെ.വി.ബിജു പറഞ്ഞു. എന്റെ ഒരയല്‍വാസി വളരെ നല്ല ഒരു സാങ്കേതികത്തൊഴില്‍ നിര്‍ത്തിവെച്ച് നാടന്‍ പശുക്കളെ വളര്‍ത്തി ഗവ്യങ്ങള്‍ ഔഷധശാലകള്‍ക്കും വീടുകള്‍ക്കും നല്‍കുന്നുണ്ട്.
കൊടകരയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ തുടക്കവും വിവിധയിനം ഭാരതീയ കന്നുകാലിയിനങ്ങള്‍ക്കുള്ള ഗോശാലയും കാമധേനു ക്ഷേത്രനിര്‍മാണവുമാണ്. അതിനടുത്തു തന്നെ ഗവ്യോത്പന്നങ്ങള്‍ ഉപയോഗിച്ച് നാനാതരം ഔഷധങ്ങളും വളങ്ങളും നിര്‍മിക്കുന്ന മറ്റൊരു ഗോശാലകൂടിയുണ്ട്.
ഈയിടെ മണ്ണാറശാലയില്‍ ദര്‍ശനത്തിനുപോയപ്പോള്‍ അവിടുത്തെ ഇല്ലത്തെ അംഗവും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാന്തകാര്യാലയത്തിലെ സഹ അന്തേവാസിയുമായിരുന്ന കിരണ്‍ ആരംഭിച്ചിട്ടുള്ള ഗോശാല കാണാന്‍ അവസരമുണ്ടായി. ഭാരതത്തിലെ മിക്കവാറും എല്ലായിനം ഗോവര്‍ഗങ്ങളെയും അവിടെ കാണാന്‍ കഴിഞ്ഞു. ഒരു ആടിനോളമുള്ള വെച്ചൂര്‍, കാഞ്ഞിരപ്പള്ളി സ്വദേശിനികള്‍ മുതല്‍ ഒന്നരയാള്‍ പൊക്കമുള്ള ഗീര്‍, കാങ്കറേജ്, ഗഡ്വാള്, സിന്ധി ഇനങ്ങളുമവിടെ മേഞ്ഞു നടക്കുന്നു. വംശവര്‍ധനവിന് കൃത്രിമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ അതാതിനം കാളകളേയും അവിടെ വളര്‍ത്തുന്നു.
ഏറ്റവും കൂടുതല്‍ പാല് ലഭ്യതയില്‍ ലോകറിക്കോര്‍ഡ് സൃഷ്ടിച്ച ഇനം ഭാരതത്തിലുണ്ടെങ്കിലും ജര്‍മന്‍, അമേരിക്കന്‍, ഇസ്രേലി വര്‍ഗങ്ങളെ ഇവിടെ പ്രചരിപ്പിക്കാനാണ് കേരളത്തിലെ സര്‍ക്കാരിനുത്സാഹം.
സുഭാഷ് പലേക്കറുടെ നിരീക്ഷണ ഗവേഷണഫലങ്ങള്‍ ഉള്‍ക്കൊണ്ട് ആയിരക്കണക്കിനാളുകള്‍ കൃഷി, ഗോരക്ഷാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നറിയുമ്പോള്‍ വിസ്മയം തോന്നാം. എന്നാല്‍ ഇപ്പോള്‍ത്തന്നെ 48000 ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ടെന്നാണ് ഏകദേശ വിവരം. നേരത്തെ പരാമര്‍ശിച്ച പാലക്കാട് ചിറ്റൂര്‍ പ്രദേശങ്ങളില്‍ നൂറിലധികം കര്‍ഷകര്‍ പ്രകൃതി കൃഷി രീതി സ്വീകരിച്ചിട്ടുണ്ട്. ഇനിയും ധാരാളം പേര് വന്നുകൊണ്ടിരിക്കുന്നു.
ഇതുസംബന്ധമായ കൂടുതല്‍ പ്രചാരണങ്ങളും ആശയവിനിമയവും സാഹിത്യ നിര്‍മാണവും ആവശ്യമാണ്. പലേക്കറുടെതായ പുസ്തകം കൂടുതല്‍ ആശയവ്യക്തതയും പാരായണക്ഷമതയുമുള്ളതാക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കാര്‍ഷികാനുഭവങ്ങളെക്കുറിച്ചുമുള്ള വിവരവ്യാപനം അത്യാവശ്യമാണ്. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ഈ രംഗത്തു പ്രവര്‍ത്തിച്ചതിന്റെ സ്മരണകള്‍ ഉണരുന്നതിന് മനോജ്കുമാറിന്റെ സന്ദര്‍ശനം വളരെ സഹായകരമായി, ആനന്ദകരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: