കൊച്ചി: മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരങ്ങള്‍ ഏറെയും തെറ്റെന്ന് നിഗമനം. കൊച്ചിയില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് മാവോയിസ്റ്റ് ആക്രമണങ്ങളും മുന്‍കൂട്ടി അറിയുന്നതില്‍ പോലീസ് ഇന്റലിജന്‍സ് പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സേവനം തേടണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്.എന്നാല്‍ ഇതേച്ചൊല്ലി രൂക്ഷമായ ഭിന്നതയും ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുണ്ട്.
പത്താം വാര്‍ഷികം പ്രമാണിച്ച് ആക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ദേശീയപാത അതോറിറ്റി ഓഫീസാണ് ടാര്‍ജറ്റ് എന്ന തിരിച്ചറിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സന്ദേശം കൈമാറാനും മാവോയിസ്റ്റുകള്‍ക്കായി. മാവോയിസ്റ്റുകള്‍ പ്രയോഗിക്കുന്ന പുതിയ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതില്‍ പോലീസും ഇന്റലിജന്‍സ് വിഭാഗവും പരാജയമാണെന്ന് ആഭ്യന്തരവകുപ്പിന്റെ തലപ്പത്തു തന്നെയുള്ളവര്‍ സമ്മതിക്കുന്നു.
വയനാട്ടിലും നിലമ്പൂരിലും വനമേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാണെന്നാണ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയിരുന്ന മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനത്ത കൊച്ചി,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നാണ് പുതിയ വിവരം.
മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യയും കൊച്ചി നഗരത്തില്‍ ഇടക്കിടെ വന്നുപോകുന്നുണ്ടെന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴക്കടുത്ത് ഒരു വീട്ടില്‍ ഇവര്‍ താമസിച്ചിരുന്നതായും വിവരമുണ്ട്. വനവാസി മേഖലകളിലും വനപ്രദേശങ്ങളിലും പോലീസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ തുടരുമ്പോള്‍ പ്രധാന മാവോയിസ്റ്റ് പ്രവര്‍ത്തകരെല്ലാം നഗരങ്ങളില്‍ സുരക്ഷിതരായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഇടക്കിടെ സായുധരായി ഇവര്‍ വനമേഖലയില്‍ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തുവന്നു. ഇത് തെരച്ചില്‍ സംഘത്തെ വനത്തിനുള്ളില്‍ തന്നെ നിര്‍ത്താനുള്ള തന്ത്രമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ പോലീസ് സേന ഏറെ വൈകിപ്പോയി.
മാവോയിസ്റ്റ് ആക്രമണത്തിന്റെ പേരില്‍ ഇപ്പോള്‍ പിടിയിലായവരും സംശയിക്കുന്നവരും പൊതുസമൂഹത്തില്‍ മാന്യമായ തൊഴില്‍ ചെയ്ത ജീവിക്കുന്നവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ ഇവരുടെ മാവോ ബന്ധം കണ്ടെത്താന്‍ പോലീസിനും ഇന്റലിജന്സിനുമായില്ല.
അതേസമയം കേരളം ഏററവും സുരക്ഷിതമായ താവളമായാണ് മാവോയിസ്റ്റുകള്‍ കരുതുന്നതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യാവകാശപ്രവര്ത്തനങ്ങല്ക്കും ലഭിക്കുന്ന സ്വീകാര്യതയാണ് ഒരു ഘടകം.
പ്രധാന നഗരങ്ങളിലെ വന്‍ജനത്തിരക്കും അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും മറ്റൊരു ഘടകമാണ്. ബീഹാര്‍,ബംഗാള്‍,ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ രൂപത്തില്‍ ചില മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിയാനോ കണ്ടെത്താനോ പോലീസിനും രഹസ്യാന്വേഷണ സംവിധാനത്തിനുമായിട്ടില്ല.
സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ഭീഷണിനേരിടാന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സേവനം തേടണമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. മാവോയിസ്റ്റ് ഓപ്പറേഷനുകളുടെ ഏറ്റവും പുതിയ രീതികള്‍ തിരച്ചറിയാന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിനാകുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഛത്തീസ്ഗഢിലെയും മറ്റും പ്രവര്‍ത്തന പരിചയം ഇതിന് തുണയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: