കോഴിക്കോട്: ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മുസ്ലിം ലീഗ് മന്ത്രി എം.കെ. മുനീറിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവുമായ പി.എ ഹംസ തട്ടിപ്പുകേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഇന്നലെ 4.27 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചു.
തട്ടിപ്പു കേസില്‍ പലിശയടക്കം 7 കോടി നല്‍കാനുണ്ടെന്നായിരുന്നു കേസ്. പണം കെട്ടിവെച്ചതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ലഭിക്കാനുള്ള ബാക്കി തുകയ്ക്ക് ഹര്ജിക്കാരന് തിങ്കളാഴ്ച സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കും.
കണ്ണൂര്‍ സ്വദേശി ഷബീര്‍ അബ്ദുള്‍ ഖാദര്‍ എന്ന പ്രവാസി വ്യവസായിയില്‍ നിന്നാണ് ഹംസ ഡന്റല്‍ കോളജ് തുടങ്ങാമെന്ന വ്യവസ്ഥയില്‍ 9 കോടി വാങ്ങിയത്. എന്നാല്‍ തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് 5 കോടി തിരിച്ചു നല്‍കേണ്ടിവന്നു. ബാക്കി നാലു കോടിക്ക് അഞ്ച് ചെക്കുകള്‍ നല്‍കിയത് പണമില്ലെന്ന കാരണത്താല്‍ മടങ്ങിയതോടെയാണ് ഹംസക്കെതിരെ കേസ് നല്‍കിയത്. തലശ്ശേരി സബ് കോടതിയില്‍ ആരംഭിച്ച കേസ് സുപ്രീം കോടതി വരെ നീണ്ടു. പണം തിരികെ നല്‍കിയില്ലെങ്കില്‍ ഹംസയെ അറസ്റ്റ് ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതോടെയാണ് ഹംസ വെട്ടിലായത്.
ദേശീയ ഗെയിംസ് കഴിഞ്ഞ ശേഷം പണം നല്‍കാമെന്ന ഹംസയുടെ വാദവും കോടതി തള്ളിയതോടെയാണ് കോഴിക്കോട് കോടതിയില്‍ അറസ്റ്റ്് വാറന്റ് പുറപ്പെടുവിക്കുമെന്ന സാഹചര്യം ഉണ്ടായത്. ഹംസക്കെതിരായി സുപ്രീം കോടതി ഉത്തരവ് വന്ന ദിവസവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ സംഘാടകനായി മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഹംസ നിറഞ്ഞു നിന്നിരുന്നു.
ഹംസക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിഎ ഹംസയുടെ നേതൃത്വത്തിലുള്ള ഒളിമ്പിക്സ് അസോസിയേഷന് സര്‍വകലാശാല ഭൂമിദാനം ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
കോടതിയില്‍ 4.27 കോടി കെട്ടിവെച്ചിട്ടുണ്ടെങ്കിലും ഹംസക്കെതിരെ നിയമനടപടി തുടരും. കോടതിയില്‍ കെട്ടിവെച്ച പണത്തിന്റെ സ്രോതസ് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: