തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി അനധികൃതമായി നിയമിച്ച മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി വര്‍ഗീസിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് ഇതുസംബന്ധിച്ച് ലോകായുക്തയില്‍ ഹര്‍ജി നല്കിയ കേരളാ വനിതാ കോണ്‍ഗ്രസ് ജേക്കബ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണിമേഖല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ യാത്രാബത്തയും ക്ഷാമബത്തയും വീട്ടുവാടകയും തിരിച്ചുപിടിക്കണം.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാവാനുള്ള വിദ്യാഭ്യാസയോഗ്യതയും പരിചയവുമില്ലാത്തയാളെയാണ് തല്‍സ്ഥാനത്ത് നിയമിച്ചതെന്ന് ലോകായുക്തയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തസ്തികയില്‍ നിയമനം ലഭിക്കാനുള്ള പ്രായപരിധി 40 വയസിനും 50 വയസിനുമിടയിലാണ്.
എന്നാല്‍, 37 വയസ് മാത്രമുള്ള അനിലയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്.തമ്പാന്റെ ഒത്താശപ്രകാരമാണ് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചത്. ധാരാളം അഴിമതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനം പിഎസ്സി വഴിയാക്കാനെടുത്ത സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും ദിവസവേതനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നും മണിമേഖല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: