തൊടുപുഴ: ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ചുകാരന് കുറ്റക്കാരനല്ലെന്ന് തൊടുപുഴ ജുവനൈല്‍ കോടതി കണ്ടെത്തി. വെണ്മണി ഇഞ്ചപ്പാറ നെല്ലിശേരി അബ്ദുള്ളയുടെ ഭാര്യ സജീന (25)നെ കൊലപ്പെടുത്തിയെന്ന കേസിലാണ് പതിനഞ്ചുകാരനെ കോടതി കുറ്റവിമുക്തനാക്കിയത്.
2012 ജൂലൈ 29നാണ് സജീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനുശേഷം അയല്‍വാസിയായ പതിമൂന്നുകാരനെ പോലീസ് കൊലക്കേസില്‍പ്പെടുത്തി പിടികൂടുകയായിരുന്നു. സജീന മരിക്കുമ്പോള്‍ 65 കിലോ ഭാരമുണ്ടായിരുന്നു. പ്രതിസ്ഥാനത്തുള്ള കുട്ടിക്ക് 36 കിലോ ഭാരമാണുണ്ടായിരുന്നത്. ഈ കുട്ടി അമ്പത് മീറ്റോളം ദൂരത്തില്‍ സജീനയുടെ മൃതദേഹം വലിച്ചുകൊണ്ടുപോയെന്നാണ് പ്രോസിക്യൂഷന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇത് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
പ്രതിയെന്ന് ആരോപിച്ച കുട്ടി കൊല്ലപ്പെട്ട സജീനയുടെ അയല്‍വാസിയാണ്. സജീന കൊല്ലപ്പെട്ടതിനുശേഷം വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു. പിന്നീട് എറണാകുളം പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. എറണാകുളം പോലീസ് കഞ്ഞിക്കുഴി പോലീസിന് കുട്ടിയെ കൈമാറി. സജീനയെ കൊലപ്പെടുത്തിയതിനുശേഷം അന്ന് പതിമൂന്ന് വയസുണ്ടായിരുന്ന കുട്ടി മുങ്ങിയതാണെന്ന് പോലീസ് വിധിയെഴുതി.
എന്നാല്‍ പ്രോസിക്യൂഷന്റെ ഈ വാദം പ്രതിഭാഗം അഭിഭാഷകന് ശക്തമായി എതിര്‍ത്തു. സൈക്കിള്‍ യാത്ര കമ്പമായിരുന്ന പ്രതി കൊലപാതകം നടക്കുന്ന ദിവസം സൈക്കിളില്‍നിന്ന് വീണ് പരിക്കേറ്റിരുന്നു. ഇതെത്തുടര്‍ന്ന് കുട്ടിയുടെ അച്ഛന് സൈക്കിള്‍ ചവിട്ടിയൊടിച്ചു. ഈ മനോവിഷമത്തിലാണ് കുട്ടി നാടുവിട്ടതെന്നാണ് കോടതിയില്‍ വാദിച്ചത്. മാത്രവുമല്ല കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജോബി ജോര്‍ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: