പത്തനംതിട്ട: അനധികൃതമായി മണ്ണിട്ട്മൂടിയ തോടുകളും ചാലുകളും പുന:സ്ഥാപിക്കണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കാന്‍ വന്‍ഗൂഢാലോചന നടക്കുന്നതായി ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി.
തോടുകള്‍ മണ്ണ്നീക്കി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായത് കഴിഞ്ഞവര്‍ഷം ജൂണ്‍ 16 നാണ്. വിധി പകര്‍പ്പ് ലഭിച്ചശേഷം ഒരുമാസത്തിനകം തോടുകള്‍ പുന:സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇന്നുവരെ ഓരോ കാരണങ്ങളാല്‍ ഉത്തരവ് നടപ്പാക്കുന്നത് അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയാണ്.
ആറന്മുളയിലെ പുറമ്പോക്ക് വിമാനത്താവള കമ്പനിയായ കെജിഎസിന്റെ കൈവശഭൂമിയാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വിവാദമാകുകയാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഈ പുറമ്പോക്ക് സ്ഥലങ്ങള്‍ സര്‍ക്കാര്‍ വീണ്ടെടുത്തതാണെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് മറികടന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തോടുകളും ചാലുകളും പുന:സ്ഥാപിക്കാന്‍ കോടതി അനുവദിച്ച സമയം കഴിഞ്ഞ വര്‍ഷം ജുലൈ 26 ന് അവസാനിച്ചിരുന്നു.
എന്നാല്‍ ജുലൈ 9ന് തന്നെ ആറന്മുളയിലെ പുറമ്പോക്ക് സ്ഥലങ്ങള്‍ കെജിഎസിന്റെ കൈവശമുള്ളതാണെന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. തൊട്ടടുത്ത ദിവസം വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ റവന്യൂവകുപ്പ് മന്ത്രി, അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ, വ്യവസായ വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവര്‍ യോഗം ചേര്‍ന്നു. കളക്ടര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട 35 ഏക്കര്‍ പുറംപോക്ക് ഭൂമിയില്‍ മിച്ചഭൂമി കേസിലുള്‍പ്പെട്ട ഭൂമിയില്‍ ഉള്‍പ്പെടെ 308.5 ഏക്കര്‍ വ്യവസായ മേഖലയായി റീ-നോട്ടിഫൈ ചെയ്യാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
ഈ യോഗത്തിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കോടതി നിര്‍ദ്ദേശിച്ച സമയപരിധിയായ 2014 ജുലൈ 26 ന് മുമ്പ് ഈ രീതിയിലൊരു യോഗം നടത്തി തീരുമാനമെടുത്തത് വിധി അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ് ഇത. ഏറ്റവും വലിയ ഭൂമി കുംഭകോണത്തിന് അരങ്ങൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഏകോപനസമിതി നേതാക്കള്‍ ആരോപിച്ചു.
വിധി നടപ്പാക്കുന്നതിനായി കളക്ടര്‍ നാലുമാസത്തെ സാവകാശത്തിനായി ഹൈക്കോടതിയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിനിടെ കെജിഎസ് നല്കിയ റിവ്യൂഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കൂടാതെ പത്തനംതിട്ട ജില്ലാ കളക്ടറെ ഹൈക്കോടതി കോടതി അലക്ഷ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതിക്ക് ചെന്നൈ ഹരിത ട്രിബ്യൂണല്‍ പാരിസ്ഥതികാനുമതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു. എങ്കിലും സംസ്ഥാന ഭരണ നേതൃത്വത്തിലുള്ളവരും ചില ഉദ്യോഗസ്ഥരും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍, റവന്യൂമന്ത്രി, വ്യവസായവകുപ്പ് മന്ത്രി, കെ.ശിവദാസന്‍നായര്‍ എംഎല്‍എ, വ്യവസായ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വിമാനത്താവള വിരുദ്ധസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളായ എ.പത്മകുമാര്‍, പി.ആര്.ഷാജി, ഷാജി ചാക്കോ, അജിത്ത് പുല്ലാട്, അഡ്വ.ശരത്ചന്ദ്രകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: