ഇരിങ്ങാലക്കുട: പെരിഞ്ഞനം നവാസ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവ് ശിഷ വിധിച്ചു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ 80,000 രൂപയും ആറ് മുതലുള്ള പ്രതികള്‍ 11,60,000 രൂപയും പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ പണത്തില്‍ ഒരു ലക്ഷം രൂപ നവാസിന്റെ കുടുംബത്തിനും 50,000 രൂപ വീതം കേസിലെ ഒന്നും രണ്ടും സാക്ഷികള്‍ക്കും നല്‍കണമെന്നും കോടതി വിധിച്ചു. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. രാഗിണിയാണ് വിധി പറഞ്ഞത്.
ആകെ 11 പ്രതികള്‍ക്കെതിരെയാണു പ്രോസിക്യൂഷന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒന്‍പതാം പ്രതിയെ കോടതി വിട്ടയച്ചു. 2014 മാര്‍ച്ച് രണ്ടിന് പാണ്ടിപ്പറന്പ് റോഡിനടുത്തുള്ള വീട്ടുപറമ്പില്‍ വച്ചാണു പെരിഞ്ഞനം തളിയപ്പാടത്ത് നവാസ് കൊല്ലപ്പെടുന്നത്. ബിജെപി നേതാവ് കല്ലാടന്‍ ഗിരീഷിനെ കൊല്ലാനെത്തിയ വാടക ഗുണ്ടകള്‍ ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.
വാടകഗുണ്ടകളായ ചെറുവാള്‍ക്കാരന്‍ റിന്റോ, അറക്കല്‍ സലേഷ്, ചിറ്റിയത്ത് ബിഥുന്‍, പൂക്കോള് വീട്ടില്‍ ജിക്സന് എന്ന ഈപ്പച്ചന് എന്നിവരാണ് കേസിലെ ആദ്യ നാലു പ്രതികള്‍. അഞ്ചാം പ്രതി നടക്കല്‍ ഉദയകുമാര്‍ എന്ന പാപ്പന്, ആറാം പ്രതി ചുള്ളിപ്പറമ്പില്‍ ഹബീബ്, ഏഴാം പ്രതി സിപിഎം പെരിഞ്ഞനം സ്മാരക ബ്രാഞ്ച് കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കിഴക്കേടത്ത് സനീഷ്, എട്ടാം പ്രതി പെരിഞ്ഞനം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് രാമദാസ്, പത്താം പ്രതി ഡിവൈഎഫ്ഐ നേതാവ് പുതിയവീട്ടില്‍ റഫീക്ക്, പതിനൊന്നാം പ്രതി സുബൈര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.
ശിക്ഷ പ്രഖ്യാപിക്കുന്നതിനാല്‍ കനത്ത പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. വിധിയറിയാനായി നിരവധി സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രാവിലെ തന്നെ കോടതിപരിസരത്ത് തിങ്ങിക്കൂടിയിരുന്നു. കൊല്ലപ്പെട്ട നവാസിന്റെ സഹോദരനും ഭാര്യാപിതാവുമടക്കമുള്ള ബന്ധുക്കളും കോടതിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: