ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സിപിഎമ്മിനെ വെട്ടിലാക്കി അണികളും പ്രദേശവാസികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്മാരകം സ്ഥിതി ചെയ്യുന്ന മുഹമ്മ കണ്ണര്‍കാട് പ്രദേശവാസികളും ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകരും പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് ജയമോഹന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കണ്ണര്‍കാട് ജ്വാല വായനശാലയില്‍ നിന്ന് മാരാരിക്കുളം കളത്തട്ട് വരെ പ്രകടനമായെത്തി അവിടെ നിന്ന് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ആലപ്പുഴയിലെത്തും. തുടര്‍ന്ന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് കളക്ട്രേറ്റ് മാര്‍ച്ച് ആരംഭിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളാണെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. ഇതിനെനെതിരായാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ നിരപരാധികളാണെന്നാണ് ഇവരുടെ വാദം.
കേസില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഇവരുടെ വാദഗതി.
ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന് നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളും നാട്ടുകാരും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും സിപിഎം നേതൃത്വം ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നും ആവശ്യപ്പെടുന്ന വിചിത്രമായ സാഹചര്യമാണുള്ളത്.
നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളില്‍ അന്വേഷണം അവസാനിപ്പിച്ച് ഉന്നത സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ ഭരണതലത്തിലും ഉന്നത പോലീസ് തലത്തിലും നീക്കങ്ങള്‍ നടക്കുമ്പോള്‍ പ്രതികളും സ്മാരകത്തിന്റെ പരിസരവാസികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനെത്തിയത് സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.
കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം നേതാവുമായ ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: