കോട്ടയം: തമ്പലക്കാട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യവും. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായി നടന്ന അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരോട് തോളോട് തോള് ചേര്‍ന്ന് മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായി പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ഹൈന്ദവ സംഘടനകള്‍ക്കു നേരെ പല തവണ അക്രമം നടത്തുകയും സോഷ്യല്‍ മീഡിയ വഴി തീവ്രവാദപ്രചരണം നടത്തുകയും ചെയ്ത സംഘടനകളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളില്‍ ചിലരുടെ ഒത്താശയോടെയാണ് ഇത്തരക്കാര്‍ ഹൈന്ദവ സംഘടനകള്‍ക്കെതിരെ തിരിയുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബിജെപിയോടുള്ള അസഹിഷ്ണതയുടെ പേരില്‍ തീവ്രവാദ സംഘടനാ പ്രവര്‍ത്തകരെ കൂട്ടുപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎമ്മിലെ അണികള്‍തന്നെ മുന്നറിയിപ്പു നല്‍കിയിട്ടും ചെവിക്കൊള്ളാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.
ബിജെപിക്കെതിരെ സിപിഎം നടത്തുന്ന സമരങ്ങള്‍ തീവ്രവാദസംഘടനകളുടെ രഹസ്യ അജണ്ട അനുസരിച്ച് അക്രമത്തിലേക്ക് വഴിമാറുകയാണ്. സിപിഎമ്മിന് ഒപ്പം നില്ക്കുന്ന തങ്ങളുടെ സമുദായത്തില്‍പ്പെട്ടവരില്‍ തീവ്രവീക്ഷണം വരുത്തി തങ്ങളിലേക്ക് ആകര്‍ഷിക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അടിയുറച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ അജണ്ടകള്‍ പോലും ഇക്കൂട്ടരാണ് തീരുമാനിക്കുന്നത്.
സ്ഥലവാസികളല്ലാത്തവരാണ് ഈ പ്രകടനത്തില്‍ പങ്കെടുത്തവരിലേറെയും. പകല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രാത്രികാലങ്ങളില്‍ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തകരുമായ പലരും പ്രകടനത്തിനൊപ്പമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. കല്ലും, മാരകായുധങ്ങളുമായി പ്രകടനമായി വന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമ്പലക്കാട്ട് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് നടക്കുന്നത്.
സാമൂഹ്യവിരുദ്ധ ശക്തികളുടെ ഉറവിടം അന്വേഷിക്കുകയും അക്രമത്തിനുപിന്നിലെ ശക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: