കോട്ടയം: എന്‍എസ്എസിനും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കുമെതിരെ ചന്ദ്രിക ദിനപ്പത്രം നടത്തിയ പരാമര്‍ശങ്ങള്‍ ഖേദപൂര്‍വ്വം പിന്‍വലിച്ചു. ചന്ദ്രിക ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ച് പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി പത്രത്തിന്റെ ഒന്നാംപേജില്‍ ഇന്നലെ അറിയിച്ചു.
2013 ജൂണ്‍ 2ന്റെ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ പടനായര് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സമുദായാചാര്യന്‍ മന്നത്തു പദ്മനാഭനും എന്‍എസ്എസ്സിനും നേതാക്കള്‍ക്കുമെതിരെ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങളുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുഖേന ചന്ദ്രികയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയില്‍ ഇതുസംബന്ധിച്ച് എന്‍എസ്എസ് ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് ഇരുകൂട്ടരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി പിന്‍വലിക്കുകയാണെന്നും തെറ്റായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ചീഫ് എഡിറ്ററുടെ കുറിപ്പിലുണ്ട്. ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് ബോദ്ധ്യപ്പെട്ടതായും ഖേദപ്രകടനത്തില്‍ ചന്ദ്രിക ചീഫ് എഡിറ്റര്‍ വ്യക്തമാക്കുന്നുണ്ട്.
ചന്ദ്രിക ദിനപ്പത്രത്തിന്റെ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പികെകെ ബാവ, ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ എന്നിവര്‍ 28ന് എന്‍എസ്എസ് ആസ്ഥാനത്തെത്തി അഭിഭാഷകരായ പി.എസ്. ശ്രീധരന്‍പിള്ള, പി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തുവാന്‍ പരസ്പരധാരണയോടെ കേസ് രാജിയായതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: