തൃശൂര്‍: മാള അരവിന്ദന് എന്നു തുണയായത് അന്നമനട കലാസമിതി. എസ്.എസ്.എല്‍.സി. കഴിഞ്ഞപ്പോള്‍ നാടകത്തിന് പിന്നണിക്കാരനായി കൂടിയതാണ്. തുടര്‍ന്ന് നാടകനടനുമായി. 13 വര്‍ഷം സജീവമായി നാടകസമിതികളില്‍ ഉണ്ടായിരുന്നു. അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ടാണ് ആദ്യകാല നാടക പ്രവര്‍ത്തനങ്ങള്‍. പ്രൊഫഷണല്‍ നാടകസമിതികളുമായി ബന്ധപ്പെട്ടത് കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിലൂടെയാണ്. പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
എസ്.എല്‍.പുരം സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച സംസ്ഥാന നടനുള്ള അവാര്‍ഡ് മാളയ്‌ക്ക് നേടിക്കൊടുത്തു. കൊട്ടാരത്തിലെ ആശ്രിതനായ ദാമോദരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതിനാണ് മാള അവാര്‍ഡിനര്‍ഹനായത്. അന്ന് നാടകരംഗത്ത് ഏറ്റവും വലിയ പ്രതിഫലത്തുകയായ 75 രൂപ ലഭിച്ചിരുന്നത് മാളയ്‌ക്കായിരുന്നു.
1976-ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശനം. സംവിധായകന്‍ പി.ചന്ദ്രകുമാര്‍ മാളയുടെ നാടകാഭിനയം കണ്ട് താല്പര്യപ്പെട്ടാണ് സിന്ദൂരത്തിലേക്ക് ക്ഷണിച്ചത്. ചന്ദ്രകുമാറിന്റെ ശുപാര്‍ശയില്‍ മാളയ്‌ക്ക് ഡോ.ബാലകൃഷ്ണന്റെ സിനിമയില്‍ അവസരം കിട്ടുകയായിരുന്നു. മുഴുനീള ഹാസ്യകഥാപാത്രത്തെ അവിസ്മരണീയമാക്കി ആ ചിത്രത്തിലൂടെ മാള സിനിമാരംഗത്ത് ചുവടുറപ്പിച്ചു.
നീട്ടിയും കുറുക്കിയും ചിരിച്ചുമുള്ള മാളയുടെ സംഭാഷണശൈലി മറ്റാര്‍ക്കും എളുപ്പം വഴങ്ങുന്നതായിരുന്നില്ല. 80കളില്‍ മാളയില്ലാതെ മലയാള സിനിമയില്ല എന്നൊരവസ്ഥ സംജാതമായി. മമ്മൂട്ടിയും മോഹന്‍ലാലും നായകരാണെങ്കില്‍ മാള അവിഭാജ്യഘടകമെന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങി.
പപ്പു, മാള, ജഗതി എന്ന പേരില്‍ ഒരു സിനിമതന്നെ അക്കാലത്ത് ഇറങ്ങി. ഹാസ്യതാരമെന്നതോടൊപ്പം നിരവധി കാരക്ടര്‍ റോളുകളും മികച്ച നിലയില്‍ മാള കൈകാര്യം ചെയ്തിരുന്നു. താറാവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയതാണ് മാളയ്‌ക്ക് സിനിമാജീവിതത്തില്‍ ലഭിച്ച ഏക സര്‍ക്കാര്‍ അംഗീകാരം. ഓസ്‌കാര്‍ മിമിക്‌സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു.
മോഹന്‍ലാലിനൊപ്പം ‘കണ്ടു കണ്ടറിഞ്ഞു’ എന്ന സിനിമയില്‍ ‘നീയറിഞ്ഞോ മേലേമാനത്ത് ‘ എന്ന ഗാനവും മാള പാടിയിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഗോഡ് ഫോര്‍ സെയില്‍ ആണ് റിലീസ് ചെയ്ത മാള അഭിനയിച്ച അവസാനചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: