ശരിയും തെറ്റും വേര്‍തിരിച്ചറിയുക, ശരിയുടെ ഭാഗത്തുനിന്നും പ്രവര്‍ത്തിക്കുക, അനീതി ആരുടെ ഭാഗത്തുനിന്നായാലും മുഖം നോക്കാതെ നടപടിയെടുക്കുക-എത്രപേര്‍ക്കുണ്ടാകും ഈ ചങ്കൂറ്റം.
നിയമം ലംഘിച്ചത് പ്രധാനമന്ത്രിയായാലും താന്‍ നടപടിയെടുക്കുമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ഭാരതത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി വ്യത്യസ്തയാകുന്നതും ഇവിടെയാണ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേതാണെന്ന് അറിഞ്ഞിട്ടും നിയമം വിട്ടൊരു കളിയുമില്ലെന്ന് ഉറച്ചുതന്നെ ആ കാര്‍ നീക്കം ചെയ്തു ബേദി. അതിന് അന്നവര്‍ക്കൊരു സമ്മാനവും കിട്ടി. ഇഷ്ടമില്ലാത്തതു ചെയ്താല്‍ തലപ്പത്തിരിക്കുന്നവര്‍ കയ്യൊടെ കൊടുക്കുന്ന ഒന്ന്- ട്രാന്‍സ്ഫര്‍.
പ്രധാനമന്ത്രിയുടെ കാര്‍ നീക്കം ചെയ്തതിന് ദല്‍ഹി പോലീസില്‍ സേവനം അനുഷ്ഠിച്ച കിരണ്‍ ബേദിക്ക് തൊട്ടടുത്ത ദിവസം കൈപ്പറ്റേണ്ടിവന്നത് ഗോവയിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓഡര്‍. എന്നാല്‍ ഇതൊന്നുംകൊണ്ട് ആ പെണ്‍കുട്ടി തളര്‍ന്നില്ല. തന്റെ ആദര്‍ശങ്ങളേയും മൂല്യങ്ങളേയും മുറുകെ പിടിച്ചുകൊണ്ടുതന്നെ അവള് മുന്നോട്ടുപോയി.
കിരണ്‍ ബേദിയെ വ്യത്യസ്തയാക്കുന്നതും ഈ നിലപാടുകളാണ്. ആണ്‍മേധാവിത്തം നിലനിന്നിരുന്ന ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് ആണിനേക്കാളും ചങ്കുറപ്പോടെ കിരണ്‍ ബേദി പ്രവേശിക്കുന്നത് 1972 ലാണ്. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയശേഷം ന്യൂദല്‍ഹിയിലെ ചാണക്യപുരി പോലീസ് സ്റ്റേഷന് സബ് ഡിവിഷന് ഓഫീസറായാണ് ആദ്യ നിയമനം.
സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന മേഖലയിലേക്ക് സധൈര്യം കടന്നുചെല്ലാന്‍ കിരണ്‍ ബേദിക്ക് പ്രേരണയും പ്രോത്സാഹനവുമായി നിന്നത് അവരുടെ കുടുംബമായിരുന്നു.
മക്കള്‍ക്ക് താല്പര്യമുള്ള മേഖലയില്‍ മികവുപുലര്ത്താന് കഠിനപ്രയത്നത്തോടൊപ്പം തന്നെ പ്രധാനമാണ് കുടുംബം നല്കുന്ന ശക്തിയും. അത് പകര്ന്നുനല്കാന് ബേദിയുടെ മാതാപിതാക്കളായ പ്രകാശ് ലാല്‍ പെഷവാരിയയും പ്രേം ലത പെഷവാരിയയും ഏറെ ശ്രദ്ധിച്ചിരുന്നു.
1949 ജൂണ്‍ 9 നാണ് പ്രകാശ്- പ്രേം ലത ദമ്പതിമാരുടെ നാലുമക്കളില്‍ രണ്ടാമത്തെ മകളായി കിരണിന്റെ ജനനം. സാഷി, റീത്ത, അനു എന്നിവരാണ് സഹോദരിമാര്‍. പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കുടുംബമായിരുന്നുവെങ്കിലും പെണ്മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ അവര്‍ വിട്ടുവീഴ്ചയ്ക്കൊരുക്കമായിരുന്നില്ല. അക്കാര്യത്തില്‍ ആ മാതാപിതാക്കള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുമുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നത് അക്കാലത്ത് വല്യ കാര്യമൊന്നുമായിരുന്നില്ലെങ്കിലും പ്രകാശും പ്രേംലതയും അക്കാര്യത്തില്‍ വഴിമാറി ചിന്തിച്ചു. പെണ്മക്കള് ബാധ്യതയായി കണ്ടിരുന്നവര്‍ക്കിടയില്‍ പെണ്മക്കള്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്കി ആ മാതാപിതാക്കള്‍ കാലത്തിനുമുന്നേ നടന്നു.
പഠന കാലത്ത് പഠിത്തത്തിലും കായികരംഗത്തും ഒരേപോലെ മികവുപുലര്‍ത്തിയ പെണ്‍കുട്ടി. അച്ഛന് പ്രകാശിനെപ്പോലെ ടെന്നീസിലെ മിന്നും താരമായിരുന്നു ഒരുകാലത്ത് കിരണ്‍ ബേദി.
ഐപിഎസ് കിട്ടി ദല്‍ഹി പോലീസില്‍ എത്തുമ്പോള്‍ കുത്തഴിഞ്ഞ പുസ്തകം പോലായിരുന്നു അവിടുത്തെ അവസ്ഥയെങ്കില്‍ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും കൊണ്ടുവന്ന് പോലീസ് എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു കിരണ്‍ ബേദി ആദ്യം ചെയ്തത്. അവരുടെ കാലയളവില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു, യൂണിഫോമിട്ടവര്‍ മാത്രമല്ല സ്ത്രീകളും സമൂഹസുരക്ഷക്കുവേണ്ടി കിരണ്‍ ബേദിക്കു പിന്നില്‍ അണിചേര്‍ന്നു. പോലീസ് സേനയിലെ പരിഷ്കര്‍ത്താവായാണ് അവര്‍ അറിയപ്പെടുന്നതുതന്നെ.
ജയിലിലെ പരിഷ്കരണങ്ങള്‍ക്കു തുടക്കം കുറിച്ചതും പോലീസ് സേനയിലെ ഈ പെണ്‍പുലി തന്നെയാണ്. തന്റെ സര്‍വീസ് കാലത്തുടനീളം വെല്ലുവിളികളെ അതിജീവിച്ചാണ് കിരണ്‍ മുന്നേറിയത്. ടാഫിക് പോലീസിന്റെ ചുമതലയുണ്ടായിരുന്ന 1982 കാലയളവില്‍ ട്രാഫിക് നീയമങ്ങള്‍ യാതൊന്നും പാലിക്കാതെ പരക്കം പായുന്നവരെ മെരുക്കാന്‍ കിരണ്‍ബേദി ഒരുക്കിയ ഗതാഗത ക്രമീകരണങ്ങള്‍ ശ്രദ്ധേയമായിരുന്നു.
1982 ല്‍ ദല്‍ഹിയില്‍ നടന്ന ഒമ്പതാമത് ഏഷ്യന്‍ ഗെയിംസ്, 1983 ല്‍ ഗോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്മെന്റ് മീറ്റ് ഈ സമയത്തെല്ലാം രണ്ടു നഗരങ്ങളിലും ഗതാഗത ചുമതലയുണ്ടായിരുന്നത് ബേദിക്കായിരുന്നു. ബേദിയും ടീമും മികച്ച രീതിയില്‍ തന്നെ ഗതാഗതസൗകര്യം ഒരുക്കുകയും ചെയ്തു.
ഗതാഗത നിയമങ്ങള്‍ പാലിക്കാത്തത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുത്തതുകൊണ്ട് ബേദിക്ക് വീണുകിട്ടിയ പേരാണ് ക്രെയിന്‍ ബേദി. തെറ്റായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം നീക്കുന്നതിനായി ക്രെയിന്‍ ഉപയോഗിച്ചിരുന്നതിനാലാണ് ഈ പേരു കിട്ടിയത്.
തീഹാര്‍ ജയിലിന്റെ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന 1993-1995 കാലഘട്ടത്തില്‍ അവര്‍ നടത്തിയ പരിഷ്കരണങ്ങള്‍ ഇന്നും ജനം മറന്നിട്ടില്ല. ജയില്പുള്ളികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി അവര്‍ക്ക് മാനുഷിക പരിഗണന നല്‍കിക്കൊണ്ട് അവര്‍ക്കുവേണ്ടി നടപ്പില്‍ വരുത്തിയ യോഗയും വിപസ്സനയും കുറ്റവാളികളില്പ്പോലും ഒരു പരിവര്‍ത്തനം ഉണ്ടാക്കി എന്നുപറഞ്ഞാല്‍ അത് കിരണ്‍ ബേദിക്കുള്ള അംഗീകാരം തന്നെയാണ്.
പോലീസ് യൂണിഫോമില്‍ നിന്നുകൊണ്ട് ജനോപകാരപ്രദമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവച്ച് 2007 ല്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷവും അവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്ത്തന്നെയുണ്ടായിരുന്നു. ബ്യുറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നുമാണ് കിരണ്‍ ബേദി വിരമിച്ചത്.
അതിനുശേഷവും ഒട്ടനവധി സാമൂഹിക വിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ അവര്‍ നടത്തി. അണ്ണാ ഹസാരെക്കൊപ്പം ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ശ്രദ്ധേയം.
സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി 1988 ല്‍ രൂപീകരിച്ച നവജ്യോതി ഇന്ത്യ ഫൗണ്ടേഷന്, ജയില്‍പുള്ളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം, പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് വൈദഗ്ധ്യപരിശീലനം തുടങ്ങിയവ ലഭ്യമാക്കുന്നതിനുവേണ്ടി ഇന്ത്യ വിഷന്‍ ഫൗണ്ടേഷന് എന്നിവ രൂപീകരിച്ചതും കിരണ്‍ ബേദി തന്നെ. ഇതിനെല്ലാം ഇടയില്‍ പുസ്തക രചനയിലും ആനുകാലികങ്ങളില്‍ കോളം എഴുതുന്നതിനുമെല്ലാം സമയം കണ്ടെത്തുന്നു. ജോലിയില്‍ തിളങ്ങിയ സമയം മുതല്‍ പോയവര്‍ഷം വരെ കിരണിനെ തേടിയെത്തിയ അവാര്‍ഡുകളും നിരവധിയാണ്.
ഇപ്പോഴിതാ വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നതും കിരണ്‍ ബേദിയെത്തന്നെ. മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കരങ്ങളില്‍ ഭാരതം സുരക്ഷിതമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുവെന്ന ചിന്തയുമാണ് ബേദിയെ ബിജെപിയോട് അടുപ്പിച്ചതും.
രാജ്യത്തിനുവേണ്ടി പുരോഗമനപരമായ രീതിയില്‍ ജനനേതാക്കാള്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന തലസ്ഥാന നിവാസികള്‍ കിരണ്‍ബേദിയെ പ്രതീക്ഷയോടെ കാണുമെന്നതിനും തര്‍ക്കമില്ല. കാരണം കാക്കിക്കുള്ളിലിരുന്നും അവര്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം ജനപക്ഷത്തുനിന്നുതന്നെ ആയിരുന്നു എന്നതുകൊണ്ടുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: