ഭാരതത്തിന്റെ സര്‍വസൈന്യാധിപനായ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവനില്‍നിന്ന് ഭാരത സ്വാതന്ത്ര്യ സമര സേനാനികളുടെ വീരസ്മരണ തുടിച്ചു നില്ക്കുന്ന ഇന്ത്യാഗേറ്റിലെ അമര്‍ ജവാന് ജ്യോതിവരെയുള്ള രാജ്പഥ്. അതിന്റെ അങ്ങേത്തലയ്ക്കല്‍ ഇന്ത്യാ ഗേറ്റില്‍ തലകീഴായി കുത്തി നിര്‍ത്തിയ തോക്കിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലോഹംകൊണ്ടുള്ള സൈനിക തൊപ്പിയും അതിനു മുന്നിലെ കെടാവിളക്കും. രാഷ്ട്രപതി ഭവനില്‍നിന്ന് റെയ്സാനാ ഹില്‍സില്‍ അവസാനിക്കുന്ന ഈ രാജ്പഥിനു മുന്നിലെ പ്രത്യേകം തയ്യാറാക്കിയ വേദിവരെയാണ് റിപ്പബ്ലിക് ദിന പരേഡ്.
ഭാരതത്തിന്റെ സൈനിക ശേഷിയിലൂടെ ഭൗതിക ശക്തി പ്രകടിപ്പിക്കുന്ന അവസരമാണിത്. കരസേനയുടെ വിവിധ വിഭാഗങ്ങളും വായുസേനയും നാവികസേനയും ഈ പരേഡില്‍ പങ്കുകൊള്ളുന്നു. സൈനിക, അര്‍ദ്ധ സൈനിക വിഭാഗം, എന്‍സിസി തുടങ്ങിയ സന്നദ്ധ വിഭാഗം, തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പ്രദര്‍ശനങ്ങള്‍, കലാ പരിപാടികള്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണമായ ഘോഷയാത്ര റിപ്പബ്ലിക് പരേഡിന്റെ ആകര്‍കമായ ഭാഗമാണ്.
രാജ്യത്തിന്റെ വമ്പിച്ച സൈനിക കരുത്തും ഒപ്പം അതു കൈകാര്യം ചെയ്യുന്നവരുടെ ആത്മസംയമന വൈഭവവും അച്ചടക്കവും പ്രകടിപ്പിക്കുന്നൂ വര്‍ഷം തോറുമുള്ള ഈ പരേഡ്. ഇത് നമ്മുടെ സുരക്ഷാ വിഭാഗത്തെ സ്വന്തം കര്‍ത്തവ്യം ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം അവരുടെ സേവന വൈഭവത്തെ ബഹുമാനിക്കാനും അങ്ങനെ ആത്മശക്തിയും സുരക്ഷാ ബോധവും ബലപ്പെടുത്താന്‍ സാധാരണക്കാരെ സഹായിക്കുകയും ചെയ്യുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനും വിവിധ ഘട്ടങ്ങളില്‍ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ പോരാടി വീരമൃത്യുവരിച്ച ധീര ബലദാനികളുടെ സ്മാരകമായ അമര്‍ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് തുടക്കം. അപ്പോള്‍ രാഷ്ട്രപതി മുഖ്യവേദിയില്‍ എത്തിക്കഴിഞ്ഞിരിക്കും. അദ്ദേഹവും സൈനിക മേധാവികളും, പ്രതിരോധ മന്ത്രിയും ചേര്‍ന്ന് വിശിഷ്ടാതിഥിയെ സ്വീകരിച്ചിരുത്തും. രാഷ്ട്ര സേവനത്തിന്റെ വഴിയില്‍ വിശിഷ്ട സേവനം നടത്തിയവര്‍ക്കുള്ള അശോക ചക്ര-കീര്‍ത്തി ചക്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്നാണ് പരേഡ്. സൈനിക വിഭാഗങ്ങള്‍ പരേഡു നടത്തുമ്പോള്‍ രാഷ്ട്രപതിയും സായുധ സേനാ കമാന്‍ഡര്‍ ഇന്‍ ചീഫും സല്യൂട്ട് സ്വീകരിക്കും. 20 സൈനിക ബറ്റാലിയനുകള്‍ കടന്നു പോകുന്ന പരേഡ് ഭാരത സൈനിക ശേഷിയുടെ ചെറുപതിപ്പായിരിക്കും. ഒപ്പം നമ്മുടെ സൈനിക ആയുധങ്ങളുടെയും സാങ്കേതികത്തികവിന്റെയും പ്രദര്‍ശനമായിരിക്കും പരേഡ്.
ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡിന് പ്രത്യേകതയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് വിശിഷ്ടാതിഥി. ഭാരതം അമേരിക്കിക്കു മുന്നില്‍ രാജ്യസ്വാതന്ത്ര്യം അടിയറവെക്കുന്നുവെന്ന് ആരോപിക്കുന്ന വിമര്‍ശകര്‍ക്കു മുന്നിലാണ് യുഎസ് പ്രസിഡന്റിനെ സാക്ഷിയാക്കി രാജ്യം പരമാധികാര പ്രഖ്യാപനം ആവര്‍ത്തിക്കുന്നത്. നമ്മുടെ രാഷ്ട്രപതി ഭാരത പതാക ഉയര്‍ത്തും. ദേശീയ ഗാനം ആലപിക്കും. നമ്മുടെ പരമാധികാരവും രാജ്യ അഖണ്ഡതയും പ്രഖ്യാപിക്കും. നമ്മുടെ രാഷ്ട്രത്തിന്റെ കരുത്ത് അമേരിക്കന്‍ രാജ്യത്തലവനു മുന്നില്‍ പ്രകടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: