ഓര്‍മശക്തി പോലെ മറക്കാനുള്ള കഴിവും മനുഷ്യന് അനുഗ്രഹമാണ്. മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ മറന്നില്ലെങ്കില്‍ ജീവിതം ദുസ്സഹമാകും. മറ്റെല്ലാത്തിനെക്കാളും സ്വന്തം തെറ്റുകളാണ് മനസ്സിന് ഏറ്റവും വിഷമമുണ്ടാക്കുന്നതും മറക്കാനാഗ്രഹിക്കുന്നതും. മറക്കാനുള്ള ആഗ്രഹം ഓര്മശക്തിയെത്തന്നെ ക്ഷയിപ്പിക്കും. അതിനാല്‍ തെറ്റുകള്‍ ചെയ്യാതിരിയ്ക്കാനും അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്ക് ഉചിതമായ പ്രായശ്ചിത്തം ചെയ്യാനും കുട്ടികളെ ശീലിപ്പിക്കണം. തെറ്റാണെന്നറിഞ്ഞുകൊണ്ടുചെയ്യുന്ന തെറ്റുകള്‍ കൂടുതല്‍ അപകടകരമാണ്. ശാരീരിക-മാനസിക പ്രവര്‍ത്തനങ്ങളെ ആകെ അവതാളത്തിലാക്കുന്ന നാഡീജന്യ രാസസൂചകങ്ങളുടെ ഉല്‍പ്പാദനത്തിന് കുറ്റബോധം കാരണമായിത്തീരും. അതുണ്ടാക്കുന്ന മാനസിക-ശാരീരിക വ്യഥകള്‍ ആയുസ്സുപാഴാകുന്നതിനുകാരണമാകും. തിന്മയുടെ പരാജയത്തിനും നന്മയുടെ അന്തിമവിജയത്തിനും പിന്നിലുള്ള ശാസ്ത്രം ഇതാണ്.
ഓര്‍മശക്തിയുടെ തുടര്‍ച്ചയായ ബുദ്ധി, സംഖ്യാഗണിതപരവും ആശയവിശ്ലേഷണപരവും എന്ന് രണ്ടുവിധത്തിലുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ ആദ്യത്തേതിനും സാഹിത്യകലാവിഷയങ്ങളില് രണ്ടാമത്തേതിനുമാണ് പ്രാധാന്യം. രണ്ടുതരം ബുദ്ധിയും പരസ്പരം പോഷകങ്ങളാണെങ്കിലും അവയെ പ്രത്യേകം വികസിപ്പിക്കുകതന്നെവേണം. അതിനുള്ള പരിശീലനങ്ങള്‍ ഏറ്റവും ചെറുപ്രായത്തില്‍തന്നെ അതാതു പ്രായത്തിനുയോജിച്ച മാര്‍ഗ്ഗങ്ങളിലൂടെ ആരംഭിയ്ക്കണം. ആശയവിശ്ലേഷണപരമായ ബുദ്ധിയുടെ അടിസ്ഥാനം ഭാഷയാണ്. ശൈശവത്തില്‍ ഭാഷ പഠിക്കുന്ന അത്രയും വേഗത്തില്‍ പഠിക്കാന്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ സാധ്യമല്ല. മാതൃഭാഷയോടൊപ്പം തന്നെ അതേ രീതിയിലൂടെത്തന്നെ ജീവിതായോധനത്തിന് അത്യാവശ്യമായ ഭാഷകളെല്ലാം ശൈശവത്തില്‍ത്തന്നെ പഠിപ്പിച്ചുതുടങ്ങണം. അതുപോലെ തന്നെ സംഖ്യാബോധവും ശൈശവത്തില്‍ത്തന്നെ പരമാവധി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശീലന തന്ത്രങ്ങളും പ്രചരിപ്പിക്കേണ്ടതാണ്. കുഞ്ഞുവിരലുകളില്‍ തൊട്ട് ഒന്ന്, രണ്ട് എന്ന് എണ്ണിപ്പറഞ്ഞും ചിത്രദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെയും കുഞ്ഞുമനസ്സിനെ ഒട്ടും അസ്വസ്ഥമാക്കാതെ വളരെ രസകരമായും സ്വഭാവികമായും അവരിലേക്ക് സംഖ്യാബോധത്തെ സന്നിവേശിപ്പിയ്ക്കാന്‍ കഴിയും. ഈ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കു പരിശീലനം നല്കുന്നതായാല് ബാലവാടികളില്‍ പോയിത്തുടങ്ങുന്നതിനുമുമ്പുതന്നെ ബുദ്ധിവികാസത്തിന് തറക്കല്ലിടാന്‍ കഴിയും.
മനുഷ്യബുദ്ധിയുടെ വികസനസാദ്ധ്യതകള്‍ അനന്തമാണെന്ന് മുമ്പുവായിച്ചു. നിരന്തരപഠനവും പരിശീലനവുമല്ലാതെ അതിന് എളുപ്പവഴികളൊന്നുമില്ല. ധാരണാശേഷിയും ഓര്‍മശക്തിയും മെച്ചപ്പെടുത്തുവാന്‍ പഠനനിരീക്ഷണങ്ങളും ആവര്‍ത്തനവും കൂടാതെ ആഹാരങ്ങളും ഔഷധങ്ങളും സഹായിച്ചേക്കാം. എന്നാല്‍ ബുദ്ധിവര്‍ദ്ധനവിന് ആഹാരൗഷധങ്ങള്‍ നേരിട്ട് ഉപകരിക്കില്ല. ശരീരപേശികളെ പുഷ്ടിപ്പെടുത്താന്‍ ആഹാരൗഷധങ്ങള്ക്കാകും. എന്നാല്‍ പേശികളുടെ ബലവും കാഠിന്യവും വര്‍ദ്ധിപ്പിയ്ക്കാന്‍ അവയ്ക്കുകഴിയില്ല. അതിന് വ്യായാമംതന്നെ വേണം. അതുപോലെയാണിവിടെയും. വിശേഷബുദ്ധിയെ ഔഷധത്താല്‍ മെച്ചപ്പെടുത്താമെന്ന വ്യാമോഹം വേണ്ട.
ധാരണാശേഷി, ഓര്‍മശക്തി, വിശേഷബുദ്ധി എന്നീ മൂന്നുഘടകങ്ങള്‍ ചേര്‍ന്ന സാമാന്യബുദ്ധിയുടെ ബാഹ്യപ്രകടനമാണ് ധൈര്യം. മാനസികമായ കഴിവുകള്‍ ഊതിക്കത്തിച്ച് ആളിപ്പടര്ത്തണമെങ്കില് അത് ഉള്ളില്‍ വച്ചുകൊണ്ടിരുന്നാല്പ്പോരാ, പുറമെ പ്രകാശിപ്പിക്കണം. ധീരന് എന്നവാക്കിലെ ‘ധീഃ’എന്നാല്‍ ബുദ്ധി എന്നര്‍ത്ഥം. ‘രഃ’എന്നാല്‍ പ്രകാശവും അഗ്നിയുമാണ്. ധീരഃ എന്നാല്‍ ബുദ്ധിയുടെ പ്രകാശം/ബുദ്ധിയാകുന്ന അഗ്നി. ബുദ്ധിയ്ക്കുപ്രകാശമുള്ളവന്റെ അതായത് ധീരന്റെ അവസ്ഥയാണ് ധൈര്യം. ബുദ്ധിയില്‍ നിന്നും പുറപ്പെടുന്ന നന്മയുടെ പ്രകാശമാണത്. ഹിംസയ്ക്കു പ്രേരകമായ രജോഗുണ പ്രധാനമായ ധൈര്യമോ മോഷ്ടാവിന്റേതായ തമോഗുണ പ്രധാനമായ ധൈര്യമോ അല്ല അത്. അഥവാ ഈ പറഞ്ഞ രണ്ടുകൂട്ടരുടെയും ഭാവങ്ങളെ ധൈര്യമെന്നുവിശേഷിപ്പിക്കാനാകില്ല. ക്രോധവും കുടിലതയുമാണ് ആ ഭാവങ്ങള്‍. പ്രശ്നസങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ ശരിയായ തീരുമാനങ്ങളെടുക്കാനുതകുന്ന ശാന്തതയും ക്ഷമയും വിനയവും നര്‍മബോധവുമെല്ലാം ഒത്തുചേര്‍ന്ന സത്വഗുണപ്രധാനമായ ധൈര്യമാണ് യഥാര്‍ത്ഥ ധൈര്യം. ധൈര്യം എന്നത് പ്രകാശവും അഗ്നിയുമായതിനാല് അതുവര്ദ്ധിപ്പിക്കുന്നതിന് അതിനെ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കണം. നമ്മുടെ ബുദ്ധിയെ എല്ലാകാര്യങ്ങളിലേക്കും വ്യാപരിപ്പിച്ച് എല്ലാവര്ക്കും അനുഭവപ്പെടുന്ന വിധത്തില്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കണം. അത് നമ്മുടെ തെറ്റുകളും പോരായ്മകളും തിരുത്തി കഴിവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഒരുവന് ബുദ്ധിയുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാതെ ഉള്‍വലിയുന്നതു ശീലമാക്കിയാല്‍ ക്രമേണ അവന്റെ മാനസികമായ കഴിവുകളെല്ലാം മുരടിച്ചുപോകും.
വര്‍ദ്ധിതമായ മാനസിക ശേഷിയുടെ ബഹിര്മുഖയാത്രയാണു ധൈര്യമെങ്കില്‍ ആ മാനസിക ശേഷിയെ ഉപയോഗിച്ചുകൊണ്ടുള്ള അന്തര്മുഖയാത്രയുടെ ഫലമാണ് മുമ്പ് ശ്ലോകത്തില്‍ പറഞ്ഞ ആത്മാദി വിജ്ഞാനം. വിജ്ഞാനമെന്നാല്‍ ഭൗതികമായ വിശേഷ വസ്തുക്കളിലുള്ള അറിവാണ്. സ്വയം താനാരെന്നുള്ള ആത്യന്തികമായ അറിവിനെയാണ് ദാര്‍ശനിക ഭാഷയില്‍ ജ്ഞാനം എന്നുപറയുന്നത്. ഉത്തരേന്ത്യന്‍ ഭാഷയില്‍-ഹിന്ദിയില്‍- അത് ‘ജ്ഞാന്‍’ ആണ്. സംസ്കൃതത്തില്‍നിന്നും ഹിന്ദിവഴി മലയാളത്തിലെത്തിയപ്പോള്‍ അതിലെ ‘ജ്’പോയി ‘ഞാന്‍’ആയി. അതായത് ‘ഞാന്‍’ എന്നത് ജ്ഞാനം അഥവാ അറിവ് തന്നെയാണ്. ‘ഞാന്‍’ ഒരു പ്രത്യേക വ്യക്തിയാണെന്ന അറിവിന്റെയും ആ അറിവിന്റെ ഭൗതിക ഇരിപ്പിടമായ മസ്തിഷ്കത്തിലേയ്ക്ക് ചുറ്റുപാടും നിന്ന് സ്വീകരിയ്ക്കപ്പെടുന്ന അറിവുകളുടെയും ആകെത്തുകയാണ് ഞാന്‍ എന്ന വ്യക്തിത്വം. അറിവിന്റെ വ്യക്തീഭാവമായ ‘ഞാന്‍’ എന്ന ബോധത്തിന് സ്വയം വളര്‍ന്ന് പ്രാപഞ്ചിക ബോധമായ പരമാത്മാവ്, പരമജ്ഞാനം, പരബ്രഹ്മം എന്നെല്ലാം അറിയപ്പെടുന്ന ഈശ്വരന് തന്നെയായിത്തീരാന്‍ കഴിയും. വര്ദ്ധിതവീര്യമായ സ്വന്തം മാനസികശേഷിയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആന്തരികയാത്രയെ ഈശ്വരമാര്ഗ്ഗത്തിലേക്കു തിരിച്ചുവിട്ട് ബ്രഹ്മ ജിജ്ഞാസയെ ശമിപ്പിക്കുകയെന്ന ലക്ഷ്യം തുടരാന്‍ കഴിയുമെങ്കിലും ഈ ലോകത്തിലെ ജീവിത വിജയത്തിന് ഭൗതികമായ വിജ്ഞാനമാണ് ആവശ്യം. ‘ധീധൈര്യാത്മാദി വിജ്ഞാനം…..’ എന്നതിലെ ആത്മന് എന്നത് സ്വന്തം ശരീര മനസ്സുകള്‍ തന്നെയാണ്. അനുയോജ്യമായ പരിസ്ഥിതിയില്ലാതെ ശരീരമനസ്സുകള്‍ക്ക്-ജീവന്-നിലനില്‍പ്പില്ല. അങ്ങനെ നമ്മുടെ ചുറ്റുപാടുകളും ശരീര മനസ്സുകളുടെ ഭാഗം തന്നെയാണെന്നതിനാല്‍ അതിനെക്കൂടി ആത്മനില്‍ ഉള്‍പ്പെടുത്താം. ഇങ്ങനെയുള്ള ആത്മനെക്കുറിച്ചുള്ള അറിവാണ് അഥവാ അതിന്റെ സുഖദുഃഖങ്ങള്‍, ഹിതാഹിതങ്ങള്‍, അതിജീവനോപായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവാണ് ആത്മാദിവിജ്ഞാനം. ഈ അറിവ് ബോധതലത്തിലും ഉപബോധതലത്തിലും നേടിയെടുക്കാം. രണ്ടുതലത്തിലും വര്‍ദ്ധിതമായ ബുദ്ധിശക്തി അത്യാവശ്യമാണ്. അദ്ധ്യയനം, പരീക്ഷണ നിരീക്ഷണങ്ങള്‍, അനുഭവങ്ങള്‍, അനുമാനങ്ങള്‍ എന്നിവയാണ് ബോധതലത്തിലുള്ള മാര്‍ഗ്ഗങ്ങള്‍. ശ്രദ്ധയെ അന്തര്മുഖമാക്കിക്കൊണ്ടുള്ള അഥവാ സ്വന്തം ശരീര മനസ്സുകളിലേക്കും പരിസ്ഥിതിയില്‍ നിന്നുള്ള ഇന്ദ്രിയാനുഭവങ്ങളിലേക്കും ശ്രദ്ധയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ധ്യാനമാണ് ഉപബോധ മനസ്സിലേയ്ക്കുള്ള വിജ്ഞാന സമ്പാദന മാര്‍ഗ്ഗം. നാം എവിടേക്കാണോ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നത് അവിടേക്ക് നമ്മുടെ ശരീരത്തിലെ എല്ലാ ആന്തരിക സംവേദന-നിയന്ത്രണ-ശുദ്ധീകരണ-പോഷണ വ്യൂഹങ്ങളുടെയും ശ്രദ്ധ സ്വയംപതിയുന്നു. ഒരു പ്രശ്നം പരിഹരിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് പ്രശ്നത്തെ ശരിയായി പഠിക്കുക എന്നതാണ്. പ്രശ്നബാധിതമായ ഭാഗത്തേക്ക്-അത് ശരീരമായാലും മനസ്സായാലും- എല്ലാ പുനര്ന്നവീകരണ വ്യൂഹങ്ങളുടെയും ശ്രദ്ധപതിയുന്നതിലൂടെ ശരീരം സ്വയം അതിലെ പ്രശ്നങ്ങളെ ബോധമനസ്സറിയാതെ തന്നെ പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ സ്വയം സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും വിജ്ഞാനത്തെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ശുദ്ധീകരണ പോഷണക്രിയകളിലൂടെ ശാരീരികവും മാനസികവുമായ ഔന്നത്യത്തെ പ്രാപിയ്ക്കാന്‍ കഴിയുന്നു. ഇത്തരം ആത്മനിഷ്ഠമായ മാര്‍ഗ്ഗങ്ങള്‍ ശരീരത്തേക്കാള്‍ മനസ്സിനാണ് കൂടുതല്‍ കരുത്തുപകരുന്നത്.
ബുദ്ധി, ധൈര്യം, ആത്മാദിവിജ്ഞാനം എന്നിവയുടെ കാണാപ്പുറങ്ങളും ഭാവിയിലെ മഹാമസ്തിഷ്കങ്ങളുടെ നിര്‍മാണത്തിന് അവയെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ എന്നതിന്റെ ആയുര്‍വേദപ്രകാരമുള്ള പ്രാഥമിക പാഠങ്ങളുമാണ് ഇവിടെ പറഞ്ഞുതുടങ്ങിയത്. അതിവിപുലമായ പഠനഗവേഷണങ്ങളും പരിശീലന പദ്ധതികളും അടിയന്തരമായി ആരംഭിക്കേണ്ട ഒരു മേഖലയാണിതെന്നും പറയേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: