ധിഷണാപരമായ ജീവിതത്തിന്റെ സമഗ്രസാരസര്വസ്വമാണ് ഉത്തമസാഹിത്യമെന്ന ബോധതലത്തിലാണ് ഉമ്മന്നൂര്‍ ബാലചന്ദ്രന് കവിത കുറിക്കുന്നത്. ഇദ്ദേഹത്തിന്റെ ദേവീപ്രസാദം, കാവ്യക്ഷേത്രം, വിജ്ഞാനമുത്തുകള്‍ എന്നീ കൃതികള്‍ ഇതിന് തെളിവാണ്.
ദേവീപ്രസാദത്തില്‍ പതിനഞ്ചുകവിതകളാണുള്ളത്. അവയെല്ലാം വൃത്തനിബദ്ധവും അലങ്കാരസമ്പുഷ്ടവുമാണ്. ഇതിലെ ഗീതാമാഹാത്മ്യം, കര്‍മ്മഫലം, ഭാഗവതമാഹാത്മ്യം തുടങ്ങിയ കവിതകള്‍ ഏതു സഹൃദയനേയും ചിന്താസാഗരത്തിലേക്ക് നയിക്കാന്‍ പോരുന്നവയാണ്. ത്രിമൂര്‍ത്തികള്‍, വിഘ്നേശ്വരന്, ശ്രീമുരുകന്, സരസ്വതിദേവി, വ്യാസമഹര്‍ഷി എന്നിവരെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും വിവരണങ്ങളും അപദാനങ്ങളും ഭക്തജനങ്ങളെ ആകര്‍ഷിക്കാന്‍ പോരുന്നവയാണ്. കവി പറയുന്ന പൊതുസത്യം ഏവരുടെയും ഹൃദയത്തില്‍ തങ്ങിനില്ക്കുന്നു.
കാവ്യക്ഷേത്രം എന്ന ദാര്‍ശനിക കാവ്യഗ്രന്ഥത്തിലും പതിനഞ്ചുകവിതകളാണുള്ളത്. ഇതിലുള്ള മതവും മനുഷ്യരും, യുദ്ധകാരണങ്ങള്‍, മൂല്യച്യുതി, ഈശ്വരസ്വരൂപം എന്നീ കവിതകള്‍ ആരുടെയും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ഭാരതീയേതിഹാസങ്ങളെപ്പറ്റിയുള്ള കവിയുടെ അവബോധമാണ് വായനക്കാരില്‍ കൂടുതല്‍ മതിപ്പുളവാക്കുന്നത്. ധാര്‍മ്മികമൂല്യങ്ങളെ ധ്വംസിച്ചുകൊണ്ട് നമുക്ക് ജീവിക്കുവാന്‍ കഴിയില്ല എന്ന ആശയമാണ് ഉമ്മന്നൂര്‍ ബാലചന്ദ്രന് തന്റെ മിക്ക കവിതകളിലും വ്യക്തമാക്കുന്നത്.
വിജ്ഞാനമുത്തുകള്‍ എന്ന ഗ്രന്ഥത്തില്‍ അറുപത്തിയാറ് കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവയുടെ കൂട്ടത്തില്‍ വായും വാക്കുകളും, അഗ്നിപ്രഭാവം, വായനയ്ക്ക് മരണമില്ല പുസ്തകങ്ങള്‍ക്കും തുടങ്ങിയവയില്‍ കുടികൊള്ളുന്ന വിചാരവീചികള്‍ അവാച്യമത്രെ. വാക്ക് സ്വതന്ത്രവും വിചാരം അനിയന്ത്രിതവുമാകയാല് നാക്കിനെ നല്ലതുപോലെ സൂക്ഷിച്ചുകൊള്ളുക. ചുണ്ടുകള്‍ വഴുതിപ്പോകാതിരിക്കുമെങ്കില് ആരെപ്പറ്റി ആരോട് സംസാരിക്കുന്നു, എങ്ങനെ, എപ്പോള്‍, എവിടെ ഈ അഞ്ചുകാര്യങ്ങള്‍ കരുതലോടെ വീക്ഷിക്കുക.
അനേകം ഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുന്ന അനശ്വരാശയങ്ങള് ദീര്‍ഘകാലത്തെ തീവ്രയത്നത്തിലൂടെ സമാഹരിച്ച് സ്വകാര്യമായി വയ്ക്കാതെ വായനക്കാരുമായി പങ്കുവയ്ക്കാനാണ് ഉമ്മന്നൂര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: