കേരളത്തിലെ ഹൈന്ദവ നവോത്ഥാനത്തിന് ശക്തമായ അസ്ഥിവാരമുണ്ടാക്കിയവരില് പ്രധാനമായ പങ്കുവഹിച്ച മുന്‍ പ്രാന്തപ്രചാരകന് ഭാസ്കര്‍റാവുജിയുടെ സ്മൃതി ദിനത്തില്‍, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കാനും തങ്ങളുടെ കര്‍മപഥങ്ങളെ കൂടുതല്‍ സുഗമമാക്കാനുമുള്ള ആഗ്രഹത്തോടെ ആ സാന്നിദ്ധ്യത്തില്‍ സാന്ത്വനമനുഭവിച്ച മുന്‍ പ്രചാരകന്മാരുടെ സമാഗമങ്ങള്‍ കേരളത്തിലെ പല കേന്ദ്രങ്ങളിലും നടക്കുകയുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ അത്തരം അവസരം സംസ്ഥാനതലത്തിലാണ് നടന്നതെങ്കില്‍ ഇക്കുറി വിഭാഗ് അടിസ്ഥാനത്തിലായിരുന്നു. കോട്ടയം വിഭാഗിലെ പരിപാടി നടന്ന പൊന്‍കുന്നത്തായിരുന്നു എനിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. പഴയ കോട്ടയം ജില്ല ഇന്നത്തെ കോട്ടയം ഇടുക്കി റവന്യൂ ജില്ലകള്‍ ചേര്ന്നതായിരുന്നല്ലൊ. കേരള സംസ്ഥാനം നിലവില്‍ വരുന്നതിനുമുമ്പുള്ള കോട്ടയം ജില്ലയില്‍ ഇന്നത്തെ കണയന്നൂര്‍ താലൂക്ക് ഒഴികെയുള്ള എറണാകുളം ജില്ലയിലെ താലൂക്കുകള്‍ കൂടിയുണ്ടായിരുന്ന സംഘത്തിന്റെ സംഘടനാ സംവിധാനത്തിന്റെ സൗകര്യത്തിനായി ചെയ്തിട്ടുള്ള വ്യവസ്ഥയനുസരിച്ച് കോട്ടയം വിഭാഗില്‍ കോട്ടയം, പൊന്‍കുന്നം, ഇടുക്കി, ദേവികുളം എന്ന മൂന്നു ജില്ലകളാണുള്ളത്. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്ക് മൂവാറ്റുപുഴ സംഘജില്ലയുടെ ഭാഗമായി എറണാകുളം വിഭാഗിലാണ്.
പൊന്‍കുന്നം ഭഗവതീക്ഷേത്രത്തിന്റെ പരിസരത്തുള്ള നായര്‍ സര്‍വീസ് സൊസൈറ്റി മന്ദിരത്തിന്റെ ഒരു ഹാളിലായിരുന്നു സംഗമം. എന്നെ സംബന്ധിച്ചിടത്തോളം പ്രചാരകജീവിതത്തിലെ സുപ്രധാനമായ ഏതാനും വര്‍ഷങ്ങള്‍ ചെലവഴിച്ച പ്രദേശങ്ങളായിരുന്നു അത്. അക്കാലത്ത് അവിടെ സ്വയംസേവകരായിരുന്ന ധാരാളം പേരെ കാണാന്‍ അവസരമുണ്ടായി എന്നതാണ് ജനുവരി 11-ാം തീയതിയിലെ ഏറ്റവും ആനന്ദകരമായ അനുഭവം. അവരൊക്കെ ഏതാനും വര്‍ഷക്കാലം പ്രചാരകരായി കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചശേഷം കുടുംബജീവിതത്തിലേക്കു തിരിച്ചുവന്നവരാണ്. ഭാസ്കര്‍ റാവുജിയുമായുള്ള സ്വാനുഭവങ്ങളെ ഓരോ ആളും വിവരിക്കുകയുണ്ടായി. അച്ഛനും അമ്മയും മാര്‍ഗദര്‍ശിയും എന്ന രീതിയിലാണ് ഭാസ്കര്‍റാവുജി തങ്ങളെ നയിച്ചതെന്ന് അവരുടെയും ഹൃദയത്തില്‍നിന്നു വന്ന വാക്കുകള്‍ വിളിച്ചോതി.
ഭാസ്കര്‍ റാവുവിന്റെ ജീവിതത്തിലെ ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടത് കോട്ടയം ജില്ലാപ്രചാരകനായിട്ടായിരുന്നു. ബര്‍മയില്‍ (മ്യാന്മര്) ജനിച്ച് മുംബൈയില്‍ വളര്‍ന്ന് സംഘസ്ഥാപകന് പൂജനീയ ഡോക്ടര്‍ജിയുടെ നേരിട്ടുള്ള സമ്പര്‍ക്കത്താല്‍ മെനഞ്ഞെടുക്കപ്പെട്ട സ്വയംസേവകത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീഗുരുജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് പ്രചാരകനായി എറണാകുളത്തെത്തിയപ്പോള്‍ കേരളത്തെപ്പറ്റി വളരെയൊന്നും അനുഭവമില്ലാത്ത അദ്ദേഹം 10 വര്‍ഷത്തിനുശേഷമാണ് തനി മലയാളി അന്തരീക്ഷം നിലനില്‍ക്കുന്ന കോട്ടയത്തിന്റെ ചുമതല ഏറ്റെടുത്തത്. കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമീണജീവിതത്തിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഭാസ്കര്‍റാവുജി അവിടുത്തുകാരുടെ ഉള്ളുകവര്ന്നുവെന്നു പറയുന്നതാവും ശരി. മലയാള ഭാഷ സുഗമമായി അദ്ദേഹത്തിനു വഴങ്ങിയതും അക്കാലത്തായിരുന്നു. കുന്നും താഴ്വരകളും നിറഞ്ഞ താരതമ്യേന ഗതാഗത സൗകര്യങ്ങള്‍ കുറവായിരുന്ന ആ ഉള്‍പ്രദേശങ്ങളിലെ ഇടവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് ശാഖകളും സംഘബന്ധുക്കളുടെ ഭവനങ്ങളും സന്ദര്‍ശിച്ചത്. ആ വീടുകളും ഊടുവഴികളും അവസാനകാലത്തും അദ്ദേഹം മറന്നിട്ടില്ല എന്നത് അത്ഭുതകരമായിരുന്നു.
ഭാസ്കര്‍ റാവുജിയെക്കുറിച്ചുള്ള ഹൃദയംഗമമായ അനുസ്മരണങ്ങള്ക്കുശേഷം ഭക്ഷണത്തോടെ കാര്യക്രമം അവസാനിപ്പിച്ചപ്പോള്‍ പഴയ ചില സുഹൃത്തുക്കളെയെങ്കിലും സന്ദര്ശിക്കണമെന്നുതോന്നി. 1965-66 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം അതിനോടുള്ള ആഭിമുഖ്യം കുറഞ്ഞ് സംഘത്തോടടുത്ത ഏതാനുംപേര്‍ ഉണ്ടായിരുന്നു. ചിറക്കടവുകാരനായ ശ്രീധരന് നായര്‍, പിന്നീട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കണ്ണില്കരടായിത്തീര്ന്നു. അദ്ദേഹത്തെ അവര്‍ പൊന്‍കുന്നത്തിനടുത്ത് ഇളങ്ങുളത്ത് വെച്ച് കൊലപ്പെടുത്തി. ശ്രീധരന് നായരോടൊപ്പം പാര്‍ട്ടി വിട്ട് സംഘപ്രവസ്ഥാനങ്ങളിലേക്കു വന്ന ചെല്ലപ്പന് എന്ന പാര്ത്ഥസാരഥിപ്പണിക്കര് പ്രായാധിക്യവും ശാരീരികാവശതയും മൂലം വാഴൂര്‍ വിദ്യാധിരാജാശ്രമത്തില് താമസിക്കുകയാണ്. ആശ്രമത്തില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിക്കണമെന്ന ആഗ്രഹം സാധിച്ചു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ആശ്രമത്തില്‍ പോകാനും അവസരമുണ്ടായി. ദശകങ്ങള്‍ക്കുമുമ്പ് വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ആശ്രമാധിപതിയായിരുന്നപ്പോള് അവിടുത്തെ പതിവുസന്ദര്ശകനായിരുന്നതിനാല് ആ പരിസരങ്ങള്‍ ഒരോര്‍മ പുതുക്കലായി. ഗരുഡധ്വജാനന്ദ സ്വാമികള്‍ അവിടെയുണ്ടായിരുന്നു. പാര്‍ത്ഥസാരഥി പണിക്കര്‍ ജനസംഘകാലത്തും പിന്നീടും സജീവമായി രംഗത്തുണ്ടായിരുന്ന ആളാണ്. പൊടുന്നനെ അദ്ദേഹത്തിന്റെ മുറിയിലെത്തിയ എന്നെ കണ്ടതിന്റെ വിസ്മയം ആ മുഖത്ത് മിന്നിത്തിളങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു ലഭിച്ച പ്രായോഗികാനുഭവങ്ങളും സംഘ സ്വയംസേവകനായശേഷം കൈവരിച്ച ഹൃദയംഗമമായ ആത്മീയതയും അദ്ദേഹത്തില്‍ സമ്മേളിച്ചത് ജനസംഘകാലത്തും അടിയന്തരാവസ്ഥയിലും അതിനുശേഷവും സമാജത്തിനു പ്രയോജനപ്പെട്ടു.
മീനച്ചില്‍ താലൂക്കില്‍പ്പെട്ട ഭരണങ്ങാനത്തുനിന്നും ജില്ലാകാര്യാലയത്തിലേക്കു 1966 ല്‍ വന്ന ഒരു കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ചെന്നു കണ്ട് പരിചയപ്പെട്ട കെ.പി.എസ്. മാരാരെ സന്ദര്‍ശിക്കാനും ഈയവസരം ഉപയോഗിക്കാന്‍ കഴിഞ്ഞു. താലൂക്ക് സംഘചാലകനും വിഭാഗം പ്രചാരകനും വേഴങ്ങാനും എന്ന സ്ഥലത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുപോയി. രോഗാതുരനായി കഴിയുന്ന മാരാര്‍ക്ക് പഴയ ചരിത്രങ്ങള്‍ ഒട്ടേറെ അയവിറക്കാനുണ്ടായിരുന്നു. ഭരണങ്ങാനത്തുനിന്നും ഞങ്ങള്‍ ഒരുമിച്ച് കിലോമീറ്ററുകള്‍ നടന്നു. ചിലരെ കണ്ടതും അളനാട് എന്ന സ്ഥലത്തെ അനാഥമായിക്കിടന്ന ക്ഷേത്രപരിസരത്ത് ശാഖാ പ്രവര്‍ത്തനമാരംഭിച്ചതും അദ്ദേഹം അനുസ്മരിച്ചു. പാലായില്‍ പ്രചാരകനായി പ്രവര്‍ത്തിച്ച എളങ്ങുളം ദാമോദരന്‍ അനുഭവിക്കേണ്ടി വന്ന ഭീഷണികളും കഷ്ടതകളും അതിനെ തരണം ചെയ്ത രീതികളും മാരാര്‍ വിവരിച്ചപ്പോള്‍ അതിനൊക്കെ സാക്ഷിയായിരുന്ന അക്കാലവും സ്മരണയില്‍ വന്നു. കുറേക്കാലം സംഘപ്രചാരകനും പിന്നീട് ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തനുമായിരുന്ന ദാമോദരന്‍ പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ ശ്രദ്ധയില്‍പ്പെടുകയും ഇരിങ്ങാലക്കുടയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിയുക്തനാകുകയും ചെയ്തു. തൃശിവപേരൂര് ജില്ലയിലെ എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഇപ്പോള്‍ ഗുരുവായൂരില്‍ താമസിച്ച് പൊതുരംഗത്ത് സജീവമായി തുടരുന്നു. ദാമോദരനെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ട് കെ.പി.എസ്. മാരാരും ഏറെ സന്തുഷ്ടനായി. ഭാസ്കര്‍ റാവുജിയെക്കുറിച്ച് അദ്ദേഹത്തിനെ കോരിത്തരിപ്പിച്ച ഒരനുഭവം ഉണ്ടായി. 1993 ലോ മറ്റോ ആണ്, ഭാസ്കര്‍ റാവു ആയുര്‍വേദ ചികിത്സക്കായി ചമ്പക്കരയിലെ ശ്രീധരക്കുറുപ്പിന്റെ വീട്ടില്‍ കഴിയവേ എന്റെ അച്ഛനും തൊടുപുഴയിലെ ആദ്യസംഘചാലകനുമായിരുന്ന എം.എസ്.പത്മനാഭന് നായരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ചികിത്സ കഴിഞ്ഞ് എറണാകുളത്തേക്കുള്ള യാത്ര തൊടുപുഴ വഴിയാക്കി. ഡ്രൈവര്‍ക്കു വഴി പറഞ്ഞുകൊടുത്തത് മറ്റാരുമായിരുന്നില്ല. ചമ്പക്കരനിന്ന് പാലായിലേക്കുള്ള കുറുക്കുവഴികളിലൂടെ വന്ന് തൊടുപുഴ റോഡില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ അവിടെ അല്പമകലെ ഒരു പഴയ പ്രവര്‍ത്തകനെ കാണണമെന്ന് പറഞ്ഞ് ഇടറോഡിലൂടെ പോയി ഒരാളെ കണ്ട വിവരം, തൊടുപുഴയിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ആളെ അവര്‍ക്കാര്‍ക്കും മനസ്സിലായില്ല. വിവരം ഭാസ്കര്റാവുജിയോടന്വേഷിച്ചപ്പോഴാണ് അത് കെ.പി.എസ്. മാരാരാണെന്ന് മനസ്സിലായത്. കുറേ കുന്നുകള്‍ നിറഞ്ഞ ഭാഗത്ത് മോശമായ റോഡുകളിലൂടെയായിരുന്നു യാത്ര എന്നുമാത്രമേ അവര്‍ക്കു പറയാന്‍ കഴിഞ്ഞുള്ളൂ. ഭാസ്കര്‍ റാവു കാണാനെത്തിയ അനുഭവത്തെ അമൂല്യസ്മരണയായി മാരാര്‍ മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു.
ഈ വര്‍ഷം പാലായില്‍ നടന്ന മീനച്ചില്‍ നദീതട ഹിന്ദുസംഗമത്തിന്റെ ഡോ.ചിദംബരനാഥ സ്മാരക പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്ത വിവരം അറിഞ്ഞപ്പോള്‍, കാണണമെന്ന ആഗ്രഹം മകന് മോഹനോട് പറഞ്ഞത് അദ്ദേഹമാണ് എന്നെ ഫോണില്‍ വിളിച്ചറിയിച്ചത്. കുറേക്കാലമായി അല്‍പ്പം ഇടതുചായ്വില് നില്ക്കുന്ന മോഹനന് ഞങ്ങള്‍ എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. പാലായില്‍ പരിപാടിക്കുവരുമെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ പാലായിലെ ഹിന്ദുസംഗമത്തില്‍ അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ മൂലം എത്താന്‍ കഴിഞ്ഞില്ല. മകന് ”മോഹനന് കൊട്ടാരത്തില്‍” വരികയും കുറേ സൗഹൃദ സ്മരണകള്‍ അയവിറക്കുകയും ചെയ്തു. ഇടതും വലതുമല്ലാതെ നേരെ മുന്നോട്ടുള്ള പെരുവഴിയിലൂടെ മുന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്. ബാലനായിരിക്കെ എന്റെ കൈപിടിച്ചു നടന്ന ആളായതിനാല്‍ അത്രയും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
ഭാസ്കര്‍ റാവു അനുസ്മരണം ഒട്ടേറെ ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. അന്നത്തെ മുപ്പതോളം പേരില്‍ പലരുടേയും പേരുകള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ത്തന്നെ ഓര്‍ക്കുന്നവരുടെ പേരുകളും പറയാതെ വിടുകയാണ്. പൊന്‍കുന്നത്തു ഉയര്‍ന്നുവരുന്ന പുതിയ ജില്ലാ കാര്യാലയം കൂടി കണ്ടിട്ടാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: