കൊട്ടിയം: സിപിഎം ജില്ലാകമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണ കേസില്‍ പാര്‍ട്ടി അന്വേഷണം തുടങ്ങി. ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച മൂന്നംഗകമ്മീഷനാണ് പരാതിക്കാരില്‍ നിന്നും കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയത്.
ചാത്തന്നൂര്‍ ഏരിയായില്‍ പരവൂരില്‍ നിന്നുള്ള ഒരു ജില്ലാകമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. അച്യുതാനന്ദന് ഗ്രൂപ്പിലെ ശക്തനായ നേതാവാണ് ജില്ലാകമ്മിറ്റി അംഗം. സ്വന്തം നാട്ടിലെ ലോക്കല്‍ കമ്മിറ്റി പരിധിയിലുള്ള രണ്ടംഗങ്ങളാണ് നേതാവിന് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ജില്ലാകമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കും പരാതികള്‍ നല്‍കിയത്. ജില്ലാകമ്മിറ്റിക്ക് നല്കിയ പരാതി ജില്ലാകമ്മിറ്റി മാറ്റിവച്ചെങ്കിലും സംസ്ഥാനകമ്മിറ്റിക്ക് കിട്ടിയ പരാതിയില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ജില്ലാകമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് അന്വേഷണകമ്മീഷനെ നിയോഗിച്ചത്. സംസ്ഥാനകമ്മിറ്റി അംഗമായ കെ.എന്‍.ബാലഗോപാല്‍ എംപി, ജില്ലാസെക്രട്ടറി കെ.രാജഗോപാല്‍, ജില്ലാസെക്രട്ടറിയേറ്റംഗമായ കൊല്ലായില്‍ സുദേവന് എന്നിവരാണ് അന്വേഷണകമ്മീഷന് അംഗങ്ങള്‍. പരാതി നല്കിയവര് ഉള്‍പ്പെടുന്ന ലോക്കല്‍കമ്മിറ്റി കഴിഞ്ഞ ആഴ്ചയില്‍ അന്വേഷണകമ്മീഷന് ഇടപെട്ട് വിളിച്ചുകൂട്ടുകയും പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പരാതിക്കാരെ ജില്ലാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണകമ്മീഷന് തെളിവെടുപ്പ് നടത്തി. പരാതിക്കാര്‍ ശക്തമായ തെളിവുകളാണ് നല്‍കിയതെന്ന് അറിയുന്നു. സംഘടനാപ്രവര്ത്തകന് നിരക്കാത്ത തരത്തിലുള്ള ബന്ധങ്ങളുടെ തെളിവുകളാണ് പരാതിക്കാര്‍ നല്‍കിയിട്ടുള്ളത്.
ലൈംഗിക വാദത്തില്‍ അന്വേഷണം നേരിടുന്ന ഈ ജില്ലാകമ്മിറ്റി അംഗത്തിനെതിരെ ഒരു കത്തും ജില്ലാ സമ്മേളനപ്രതിനിധികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജില്ലാകമ്മിറ്റി അംഗത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഈ കത്ത് ജില്ലാസമ്മേളന പ്രതിനിധികള്‍ക്ക് ലഭിച്ചതും അന്വേഷണകമ്മീഷന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: