ചേര്‍ത്തല: ബാങ്ക് സെക്രട്ടറിയെ കേസില്‍ കുടുക്കിയത് സിപിഎമ്മുകാരനായ മുന്‍ ബാങ്ക് സെക്രട്ടറിയെ സഹായിക്കാനാണെന്ന് ആക്ഷേപം. സിപിഎമ്മിന്റെ ഗൂഢാലോചനയ്ക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഒത്താശ ചെയ്തതായി ആക്ഷേപം. ജോലി തട്ടിപ്പു കേസിലാണ് കല്ലങ്ങാപ്പള്ളി ബാങ്ക് സെക്രട്ടറിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് അരൂര്‍ സ്വദേശികളായ അദ്ധ്യാപകരില്‍ നിന്ന് ജോലി നല്‍കാം എന്ന് പറഞ്ഞ് പണം വാങ്ങിയ വയലാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കൃഷ്ണാലയത്തില്‍ ആര്. സേതുനാഥ്, ഇടനില നിന്ന കല്ലങ്ങാപ്പള്ളി ബാങ്ക് സെക്രട്ടറി നഗരസഭ അഞ്ചാം വാര്‍ഡ് കൊല്ലപ്പുരയ്ക്കല് പി. ബിജു എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
സേതുവാണ് ജോലി നല്‍കാമെന്ന് പറഞ്ഞ് അദ്ധ്യാപകരില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ നിരന്തരം ബഹളം വച്ച് സേതുവിന്റെ വീട്ടില്‍ എത്തിയ അദ്ധ്യാപകരോട് താന്‍ പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇടനില നിന്ന കല്ലങ്ങാപ്പള്ളി ബാങ്ക് സെക്രട്ടറി കൂടിയായ ബിജുവിനെ സിപിഎമ്മിലെ ചേര്‍ത്തലയിലെ ഒരു വിഭാഗം കേസില്‍ കുടുക്കുകയായിരുന്നുവത്രെ. ജോലി നല്‍കുന്നതിനായി 1,30,000 രൂപയും, ജോലിയുടെ വ്യാജരേഖ കാണിച്ച് ഏഴ് ലക്ഷവും തട്ടിയെടുത്തെന്ന രണ്ട് കേസാണ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. രണ്ട് കേസിലും കോടതി ജാമ്യം അനുവദിച്ചു.
ബാങ്ക് സെക്രട്ടറിയായ ബിജുവിനെ കേസില്‍പ്പെടുത്തി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഒരു വിഭാഗത്തിന്റെ ചതിയില്‍ ബിജു വീഴുകയായിരുന്നു. നേരത്തെ ബാങ്കിലെ പണം തിരിമറി കേസില്‍ നടപടിക്ക് വിധേയനായ, വരുന്ന മാര്‍ച്ചില്‍ വിരമിക്കുവാന്‍ പോകുന്ന പഴയ സെക്രട്ടറിയെ തിരികെയെത്തിക്കാനുള്ള പാര്‍ട്ടിയിലെ ചിലരുടെ തന്ത്രമാണ് ഇതെന്ന് ആക്ഷേപമുണ്ട്. ബോര്‍ഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിട്ട സെക്രട്ടറിയെ മാര്‍ച്ചിന് മുമ്പ് തിരിച്ചെടുത്ത് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാനുള്ള ശ്രമവും ഒപ്പം നിലവിലെ സെക്രട്ടറിയെ ഒതുക്കാനുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയ്ക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂട്ടുനിന്നതായി പറയപ്പെടുന്നു.
സിഐടിയുവിന്റെ പ്രമുഖ സ്ഥാനത്ത് നിന്നൊഴിവാക്കപ്പെട്ട സിപിഎം ജില്ലാ നേതാവിന്റെ അടുപ്പക്കാരനായിരുന്നു മുന്‍ ബാങ്ക് സെക്രട്ടറി. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി ഇയാളെ സംരക്ഷിച്ചെങ്കിലും ബഹുഭൂരിപക്ഷം അണികളും രംഗത്തുവന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: