ഇടുക്കി: സംസ്ഥാന പോലീസില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഐ ആപ്സ് ( ഇന്റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രൊസസിംങ് സിസ്റ്റം) പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. സേനയില്‍ കമ്പ്യൂട്ടര്‍ പരിചയമുള്ള അംഗങ്ങള്‍ കുറവായതാണ് കാരണം.
സ്റ്റേഷനുകളില്‍ എഫ്.ഐ.ആര് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടറാണുള്ളത്. ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍ ഇല്ലാത്തതും പദ്ധതിക്ക് തടസമാകുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഈ സംവിധാനം ആരംഭിച്ചത്. സംസ്ഥാന പോലീസിനെ കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതി സേനയ്ക്ക് ഏറെ പ്രയോജനകരമായിരുന്നു.
എന്നാല്‍ പല സ്റ്റേഷനുകളിലും ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസുകളിലും ഇപ്പോഴും പേഴ്സണല്‍ രജിസ്റ്റര്‍, തപാല്‍ വിതരണ രജിസ്റ്റര്‍ എന്നിവ ഇപ്പോഴും എഴുതി തയ്യാറാക്കുകയാണ്. പോലീസ് വകുപ്പുകളിലെ ഓഫീസുകളില്‍ നിന്നും ഡിപ്പാര്‍ട്ട്മെന്റിനകത്ത് തീര്‍പ്പുകല്‍പ്പിക്കേണ്ട തപാലുകള്‍ പുതിയ സംവിധാനത്തിലൂടെ മാത്രമേ പോലീസ് ആസ്ഥാനത്ത് സ്വീകരിക്കാവൂ എന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിക്ക ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനം ഉണ്ടെങ്കിലും ഫയലുകള്‍ എഴുതി തയ്യാറാക്കുന്ന രീതി നിലനില്‍ക്കുകയാണെന്ന ജനുവരി പത്തിന് പുറത്തിറക്കിയ ഉത്തരവില്‍ ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു.
ൃ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ പോലും ഐ ആപ്സ്് സംവിധാനത്തിലൂടെ നടപ്പാക്കാന്‍ സ്റ്റേഷന് ഓഫീസര്‍മാര്‍ ശ്രദ്ധിക്കുന്നില്ല. പരാതി സ്വീകരിച്ചെന്ന രസീത് ഇപ്പോഴും എഴുതി നല്‍കുകയാണെന്നും ഉത്തരവില്‍ ഡി.ജി.പി കുറ്റപ്പെടുത്തുന്നു. പോലീസുകാര്‍ ലീവ് അപേക്ഷകള്‍, ലീവ് സറണ്ടറുകള്, പി.എഫ് വായ്പാ അപേക്ഷകള്‍ എന്നിവ പുതിയ സംവിധാനത്തിലൂടെ മാത്രമേ അയക്കാവൂ എന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.
കമ്പ്യൂട്ടര്‍ സാക്ഷതരയില്ലാത്തതാണ് പുതിയ പദ്ധതി താളം തെറ്റാന്‍ കാരണമെന്നാണ് സ്റ്റേഷന് ഓഫീസര്‍മാര്‍ പറയുന്നത്. പോലീസില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കായിക ക്ഷമതയുടെ അടിസ്ഥാനത്തിലാണ്. ആധുനീകരണത്തിന് വേണ്ടി കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാനറിയാവുന്നവരെ നിയമിക്കണമെന്നാണ് പോലീസുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: