തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചക്കെത്തിയ ധനമന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മാണിയെ കരിങ്കൊടി കാട്ടിയത്. ബജറ്റ് ചര്‍ച്ച നടക്കുന്ന ദര്‍ബാര്‍ ഹാളിനു മുന്നിലായിരുന്നു സംഭവം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
10 മണിക്ക് നിശ്ചയിച്ചിരുന്ന ചര്‍ച്ച പത്തരയോടെയാണ് ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് പുറത്തേക്കിറങ്ങിയ ശേഷം മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ദര്‍ബാര്‍ ഹാളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരെ തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് സൗത്ത് ഗേറ്റിലും പ്രതിഷേധമുണ്ടായി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടത്താന്‍ നിശ്ചയിച്ച പ്രീ ബജറ്റ് ചര്‍ച്ചകള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ കൊച്ചിയിലും മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു. കണയന്നൂര്‍ താലൂക്ക് ഓഫീസിലേയ്ക്ക് മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: