ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വണ്ടാനം മെഡിക്കല്‍ കോളേജ് അംഗീകാരം നഷ്ടമാകുന്നതിന്റെ പടിവാതില്ക്കലെത്തിയപ്പോഴും സംസ്ഥാന സര്‍ക്കാരിന് താത്പര്യം സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിനെ തകര്‍ത്ത് സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ പ്രഖ്യാപനങ്ങളല്ലാതെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രീയാത്മകമായി യാതൊന്നും ചെയ്യാന്‍ തയാറായിട്ടില്ല.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയെ തുടര്‍ന്ന് 150 എംബിബിഎസ് സീറ്റില്‍ അമ്പത് സീറ്റ് നഷ്ടപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. അറുപത്തിയെട്ട് പിജി സീറ്റുകളില്‍ 38 സീറ്റുകളുടെ അംഗീകാരവും പ്രതിസന്ധിയിലാണ്. മൂന്നു മാസത്തിനുള്ളില്‍ ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാത്ത പക്ഷം കോളേജിന്റെ അംഗീകാരം തന്നെ നഷ്ടമാകുന്ന സ്ഥിതിവിശേഷമാണുള്ളത്.
മെഡിസിന്, സര്‍ജറി, ഇഎന്‍ടി, യൂറോളജി, ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗങ്ങളിലും ക്ലിനിക്കല്‍, പാരാക്ലിനിക്കല്‍ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ പോലും നിയമനങ്ങള്‍ നടത്താന്‍ തയാറായിട്ടില്ല. നഴ്സുമാരുടെ ഒഴിവുകളും നികത്തുന്നില്ല. 2.8 കോടി രൂപയുടെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം പോലും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
400 കിടക്കകളുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും തുറന്നുകൊടുക്കാനും തയാറായിട്ടില്ല. വണ്ടാനം ആശുപത്രിയെ തകര്‍ത്ത് സ്വകാര്യ മേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വലയുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളാണ്. ആലപ്പുഴ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: