തിരുവനന്തപുരം : കൊച്ചി-മുസ്രിസ് ബിനാലെയ്ക്ക് സാമ്പത്തിക സഹായമായി നാലുകോടി രൂപ അനുവദിക്കും. കഴിഞ്ഞവര്‍ഷം രണ്ടുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സംഘാടകര്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തുക ഇരട്ടിയാക്കിയത്.
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡിന് പാട്ടകുടിശികയില് ഇളവു നല്‍കാനും 18.3 ഏക്കര്‍ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കാനും തീരുമാനിച്ചു. തൃശൂര്‍ ഔഷധിയിലെ ജനറല്‍ വര്‍ക്കേഴ്സിന്റെ വേതനം പരിഷ്കരിക്കും.
സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം സഹകരണ മെഡിക്കല്‍ കോളജില്‍ 350 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആള് ഇന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകള്‍ പ്രകാരം 832 തസ്തികകളാണ് ആവശ്യമുള്ളത്. ബാക്കിയുള്ള തസ്തികകള്‍ സംബന്ധിച്ച് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ഇതുസംബന്ധിച്ച നേരത്തേ നിയോഗിച്ച സമിതിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എറണാകുളം മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജില്‍ വടക്കേമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനായി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വാഗ്ദാനം ചെയ്ത 50 ഏക്കര്‍ ഭൂമി നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കും.
സര്‍ക്കാര്‍ 2006 ഒക്ടോബറില്പ്രഖ്യാപിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്നതിനിടെ സഹപാഠിയുടെ കൈയിലെ കത്തി തുളച്ചു കയറി ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട ശരണ്‍ വി ജിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. തിരുവനന്തപുരം ജില്ലയിലെ ചൊവ്വല്ലൂര്‍ എന്‍എസ്എസ് എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് ശരണിന് അപകടം സംഭവിച്ചത്. അന്നത്തെ സര്‍ക്കാര്‍ ശരണിന് ജോലി വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: