പത്തനംതിട്ട: ആറന്മുളയിലെ തോടുകള്‍ പുനഃസ്ഥാപിക്കാനായി വീണ്ടും തെളിവെടുപ്പ് നടത്താനുള്ള പത്തനംതിട്ട ജില്ലാകളക്ടര്‍ എസ്. ഹരി കിഷോറിന്റെ നടപടി നീതിനിഷേധമാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി. വിവാദ വിമാനത്താവള പദ്ധതിക്കായാണ് അനധികൃതമായി തോടുകള്‍ നികത്തിയത്. തോടുകള്‍ പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാതെ ഹര്‍ജിക്കാരനെ ജില്ലാകളക്ടര്‍ വീണ്ടും 22ന് തെളിവെടുപ്പിന് വിളിച്ചിരിക്കുകയാണ്.
ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആറന്മുള, മല്ലപ്പുഴശ്ശേരി വില്ലേജുകളിലെ ആറന്മുളചാല്, കരിമാരംതോട,് കോഴിത്തോട് എന്നിവയാണ് വിമാനത്താവള കമ്പനി അനധികൃതമായി മണ്ണിട്ട് നികത്തിയത്. ഇത് പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന ലാന്റ് റവന്യു കമ്മീഷണറുടെ 2012- ലെ ഉത്തരവ് നടപ്പാക്കാതിരുന്നതിനെതിരെ ആറന്മുള സ്വദേശി വി. മോഹനന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനകം നികത്തിയ തോട് പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നികത്തിയ സ്ഥലങ്ങള്‍ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വേ വകുപ്പ് അളന്ന് തിട്ടപ്പെടുത്തുകയും തുടര്‍ന്ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
മണ്ണെടുത്ത് മാറ്റുന്നതിന് റെയില്‍വേ വകുപ്പുമായി കളക്ടര്‍ ചര്‍ച്ച നടത്തുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നോട്ടീസ് നല്കി ജൂലൈ മാസത്തില്‍ ഹര്‍ജിക്കാരനായ വി. മോഹനനെയും കെജിഎസ് കമ്പനിപ്രതിനിധികളേയും കളക്ടര്‍ നേരില്‍ കണ്ടിരുന്നു.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ് ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതിനിടയില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് നാലുമാസം സമയം ആവശ്യപ്പെട്ട് കളക്ടര്‍ കോടതിയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യുകയുണ്ടായി. കെജിഎസ്സ് നല്കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തളളുകയും ചെയ്തു.
സമയ പരിധി കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ വി. മോഹനന് നല്കിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയും പത്തനംതിട്ട ജില്ലാ കളക്ടറില്‍ കോടതിയലക്ഷ്യം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും തെളിവെടുപ്പ് നടത്തുന്നതിനായി കളക്ടര്‍ തീരുമാനിക്കുകയായിരുന്നു. തെളിവെടുപ്പിനായി ഹര്‍ജിക്കാരനായ വി. മോഹനനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കളക്ടറുടെ ഈ നടപടി കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ പരമോന്നത കോടതി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ കമ്പനിക്കുവേണ്ടി ജില്ലാ കളക്ടര്‍ കോടതിയെപോലും ധിക്കരിക്കുന്നത് ഭരണഘടനാലംഘനമാണ.് കളക്ടറുടെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വിമാനത്താവള വിരുദ്ധ സമിതി വിലയിരുത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തോടുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കളക്ടറോട് വിമാനത്താവള വിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: