തിരുവനന്തപുരം: തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഭൂപരിഷ്കരണനിയമത്തിലെ ഭേദഗതി സര്‍ക്കാര്‍ ഭൂമാഫിയക്ക് അനുകൂലമായി അട്ടിമറിച്ചു. തോട്ടഭൂമി 5 ശതമാനമോ പരമാവധി 10 ഏക്കറോ തരംമാറ്റി ഉപയോഗിക്കാമെന്ന ഭേദഗതിയാണ് സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്നത്. ഇത്തരമൊരു നിര്‍ദ്ദേശമാണ് പ്ലാനിംഗ് ബോര്‍ഡും ലാന്റ് ബോര്‍ഡും തയ്യാറാക്കി നിയമവകുപ്പിന് നല്‍കിയിരുന്നത്. ഇതനുസരിച്ചാണ് 1963 ലെ കേരള ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി തയ്യാറാക്കിയ ആക്ടിലാണ് നിയമവകുപ്പ് അട്ടിമറി നടത്തിയത്. നിയമവകുപ്പ് തയ്യാറാക്കിയ ആക്ട് സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്കു വന്നശേഷം നിയമസഭ പാസാക്കി ഗവര്‍ണ്ണര്‍ മുഖേന രാഷ്ട്രപതിയുടെ അംഗീകാരത്തിനയയ്ക്കുകയായിരുന്നു. ഇങ്ങനെ തയ്യാറാക്കിയ ആക്ടില്‍ പരമാവധി 10 ഏക്കര്‍ എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു.
തോട്ടത്തിന്റെ 5 ശതമാനം വാനിലകൃഷിക്കോ മരുന്നു നിര്‍മ്മാണത്തിനാവശ്യമായ കൃഷിക്കോ ടൂറിസത്തിനോ ഹോട്ടല്‍ വ്യവസായത്തിനോ റിസോര്‍ട്ടിനോ ഉപയോഗിക്കാമെന്നാണ് ഭേദഗതി ആക്ടില്‍ പറയുന്നത്. പരമാവധി 10 ഏക്കര്‍ എന്നത് ബോധപൂര്‍വ്വം ഒഴിവാക്കിയതിലൂടെ വന്‍കിട തോട്ട ഉടമകള്‍ക്കാണ് നിയമം നടപ്പാക്കുമ്പോള്‍ ഇതിന്റെ മറവില്‍ പ്രയോജനം ലഭിക്കുക.
നിയമവകുപ്പ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ആക്ട് അതുപോലെ പ്രാവര്‍ത്തികമാക്കിയാല്‍ പതിനായിരക്കണക്കിന് ഏക്കര്‍ കൈവശമുള്ള ടാറ്റ, ഹാരിസണ്‍, പോബ്സണ്, ട്രാവന്‍കൂര്‍ എസ്റ്റേറ്റ് തുടങ്ങിയ വന്‍കിട കുത്തകകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
64000 ഏക്കര്‍ കൈവശമുള്ള ടാറ്റയ്ക്ക് 5 ശതമാനം ഇളവ് ലഭിച്ചാല്‍ തന്നെ 3200 ഏക്കര്‍ ഭൂമി സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാം. ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാര്‍ ഇളവ് വാങ്ങി കൈവശം വച്ചിരിക്കുന്ന തോട്ടഭൂമി തരം മാറ്റിയാല്‍ അത് മിച്ചഭൂമിയായി മാറും. ഭേദഗതി ആക്ടില്‍ തരം മാറുന്ന ഭൂമിയില്‍ സര്‍ക്കാരിന് എന്തെങ്കിലും അവകാശമുന്നയിക്കാന്‍ കഴിയുന്ന ഒരു ഭേദഗതി നിര്‍ദ്ദേശം ചേര്‍ത്തിട്ടുമില്ല.
ഇതോടെ കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി യഥേഷ്ടം സ്വന്തമാക്കാന്‍ വന്‍കിട കുത്തകകള്‍ക്ക് കഴിയും. നിയമത്തിന്റെ ആനുകൂല്യം സ്വന്തമാക്കാന്‍ ആദ്യ അപേക്ഷ നല്കിയതും ടാറ്റയാണെന്നതാണ് മറ്റൊരു വസ്തുത. റൂള്‍സ് രൂപീകരണം കൂടി കഴിഞ്ഞാല്‍ നിയമം നടപ്പാവും. ഇതോടെ ടാറ്റയ്ക്ക് 3200 ഏക്കര്‍ ഭൂമി വാണിജ്യ ആവശ്യത്തിനായി സ്വന്തമാകും.
സെന്റിന് ഒരു ലക്ഷം രൂപ വിലമതിച്ചാലും 3200 കോടിയുടെ ഭൂമിയാവും ടാറ്റയുടെ കൈവശം വരിക. ആക്ടിലെ ഈ തിരിമറിക്കെതിരെ പ്ലാനിംഗ് ബോര്‍ഡ് രംഗത്തെത്തിയതോടെയാണ് അട്ടിമറി പുറത്തായത്. റൂള്‍സ് രൂപീകരിക്കുമ്പോള്‍ പരമാവധി 10 ഏക്കര്‍ എന്നത് കൂട്ടിച്ചേര്‍ക്കണമെന്നും വ്യക്തത വരുത്തണമെന്നും പ്ലാനിംഗ് ബോര്‍ഡ് നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: