കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ തൊഴിലാളി പീഡനവും മതപരിവര്‍ത്തനവും നടക്കുന്നതായി തൊഴിലാളികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം പൂര്‍ണമായി നല്കണമെങ്കില് ബിലീവേഴ്സ് ചര്‍ച്ചിന്റെ അരാധനകളില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളി ഹസന് വെട്ടിയാനിക്കലിനെ ഹൃദയസംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചികിത്സാ ചെലവ് ലഭിക്കുന്നതിനായി മാനേജ്മെന്റിനെ സമീപിച്ചപ്പോഴാണ് മതംമാറാന്‍ തയ്യാറായാല്‍ ആശുപത്രിച്ചെലവ് പൂര്‍ണമായും നല്‍കാമെന്നും കുടുംബകാര്യങ്ങള്‍ നോക്കിക്കോള്ളാമെന്നുമുള്ള മറുപടി ലഭിച്ചത്. ഇത്തരത്തില്‍ എസ്റ്റേറ്റിലെ നിരവധി തൊഴിലാളികളെ ഇതിനുമുമ്പും മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
ഹാരിസണ്‍ മലയാളത്തില്‍ നിന്നും ബിലീവേഴ്സ് ചര്‍ച്ച് എസ്റ്റേറ്റ് വാങ്ങിയതിനുശേഷം ഇവിടെ ആരാധനാലയം നിര്‍മ്മിക്കുകയും നിലവില്‍ പതിനഞ്ചിലേറെ കുടുംബങ്ങളെ വിശ്വാസികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇസ്ലാംമത വിശ്വാസിയായ ഹസനെ മതപരിവര്‍ത്തനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചതിനെതിരെ പരാതി നല്‍കിയിട്ടും എരുമേലി പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
എസ്റ്റേറ്റില്‍ മൂന്നു നഴ്സുമാരും ഡോക്ടറുമടങ്ങിയ ആശുപത്രി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോക്ടറുടെ സേവനം നിര്‍ത്തലാക്കി. ഒപ്പം തൊഴിലാളികളുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചു. ഒരു തൊഴിലാളി ഒരു ദിവസം 500 മരങ്ങള്‍ ടാപ്പുചെയ്യണമെന്നാണ് പുതിയ നിയമം. എന്നാല്‍ ഇതിനനുസരിച്ചുള്ള കൂലി നല്‍കുന്നില്ല.
പത്തും പതിനാറും വര്‍ഷമായി താത്കാലിക തൊഴിലാളികളായി ജോലി ചെയ്യുന്നവരെപ്പോലും സ്ഥിരപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി. പത്തുവര്‍ഷം പ്രായമായ ടാപ്പിങ് നടത്താതെ നില്ക്കുന്ന റബ്ബര്‍ മരങ്ങള്‍ ടാപ്പുചെയ്യുക, എസ്റ്റേറ്റില്‍ അംഗന്‍വാടി അനുവദിക്കുക, ജോലിയില്‍ നിന്നും പിരിച്ചുവിട്ട രണ്ടു തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
പത്രസമ്മേളനത്തില്‍ ഇല്യാസ് വെട്ടിയാനിക്കല്‍, ഹസന് വെട്ടിയാനിക്കല്‍, ഇസ്മയില്‍, അഷറഫ്, ഗോപി എന്നീ തൊഴിലാളികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: