ആത്മീയ മാര്‍ഗ്ഗദര്‍ശിയും സാമൂഹ്യപരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ ശ്രീ എം തിരുവനന്തപുരത്ത് സാധാരണ മുസ്ലീംകുടുംബത്തില് ജനിച്ചു. 9-ാം വയസ്സില്‍ മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ സാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടായി. ഒന്‍പത് വയസ്സുള്ള ബാലനില്‍ നിന്ന് യോഗിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസ്ഥാന്തരയാത്രയുടെ കഥ ഏവരിലും വിസ്മയം ജനിപ്പിക്കും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണ മനോഭാവത്തിന്റെയും ഉത്തമപ്രതീകമാണ് ശ്രീഎംന്റെ ധന്യജീവിതം .
19-ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് ഒട്ടനവധി ഋഷികളെയും യോഗിവര്യന്മാരെയും കാണുകയും അവരുമായി അടുത്ത് ഇടപഴകുകയും ചെയ്ത അദ്ദേഹം, ഗുരുവായ മഹേശ്വര്‍നാഥ് ബാബാജിയുടെ ഉപദേശമനുസരിച്ച് ആത്മീയതയുടെ വിവിധ പന്ഥാവുകളില്‍ സഞ്ചരിച്ച് ആത്മാനുഭൂതി കൈവരിച്ചു. തുടര്‍ന്ന് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ തികച്ചും ലളിതമായ ജീവിതം
ശ്രീ എം നടത്തുന്ന പ്രത്യാശയുടെ പദയാത്ര കേരളത്തിലൂടെ കടന്നുപോവുകയാണ്.
സമാധാനവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കി നടത്തുന്ന യാത്രയ്ക്ക് ജാതിമത വര്‍ണ്ണ വര്‍ഗ്ഗ ഭേദമില്ലാതെ പിന്തുണ ലഭിക്കുന്നുണ്ട്. യാത്രയ്ക്കിടെ ജന്മഭൂമി പ്രതിനിധി പി.ശ്രീകുമാറിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രീഎം. യാത്രയെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമാക്കുന്നു.
പ്രത്യാശയുടെ പദയാത്ര
വൈരുദ്ധ്യങ്ങളാലും അസമാനതകളാലും സങ്കീര്‍ണ്ണമാക്കപ്പെട്ട ഒരു സമസ്യയാണ് ഭാരതം. കാലഘട്ടങ്ങള്‍ മറി മാറി വരുമ്പോഴും സങ്കീര്‍ണ്ണതകള്‍ കുറയുന്നില്ല. ഇത് നല്ലതോ ചീത്തയോ ആയ പ്രവണതകള്‍ക്ക് കളമൊരുക്കുന്നു. തെറ്റായ പ്രവണതകളുടെ അനന്തരഫലമായി ഇടയ്ക്കിടെ സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.
പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം കലാപങ്ങളില്‍ ഏറെ ഭദ്രം എന്ന് നാം കരുതിപ്പോരുന്ന സമാധാനവും സമൃദ്ധിയും കൈമോശം വരുന്നത് ക്ഷണനേരം കൊണ്ടാണ്. എണ്ണമറ്റ ജീവിതങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. സമൂഹത്തിന്റെ ആത്മാവിനാണ് മുറിവേല്‍ക്കുന്നത്. ഇവിടെ നിലച്ചുപോകുന്നത് രാഷ്ട്രത്തിന്റെ അഭിവൃദ്ധിയാണ്. കലാപത്തിന്റെ കനലുകളെല്ലാം ക്രമേണ കെട്ടടങ്ങി, ജനജീവിതം സാധാരണനിലയിലേക്ക് എത്തുമ്പോഴേയ്ക്ക് വികസനത്തിന്റെ നിര്‍ണ്ണായകമായ നല്ല അവസരങ്ങളാണ് രാഷ്ട്രത്തിന് എന്നന്നേക്കുമായി നഷ്ടമാകുന്നത്.
മനുഷ്യന്റെ ഏകതയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്തിയ പരിഗണന നല്‍കേണ്ടത്. സ്വാഭാവികമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കേണ്ടത് രാജ്യത്തിനുള്ളില്‍ നിന്നു തന്നെയാണ്. വരാനിരിക്കുന്ന തലമുറകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി രാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ടത്, അതിന്റെ ആത്മാവിനേറ്റ മുറിവുണക്കിക്കൊണ്ടാവണം. അതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചേ മതിയാവൂ.
കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്നദ്ധതയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അതുകൊണ്ട്, മതമൈത്രിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് പദയാത്രകൊണ്ട് പ്രത്യാശിക്കുന്നത്. അറബി നാടുകളില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. അറബി എന്ന വികാരം അതിനുമേലെയാണ്. ഓരോ ഭാരതീയരിലും ഭാരതീയന് എന്ന വികാരം ഒന്നാമതാവുകയാണ് ലക്ഷ്യം.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ
മതമൈത്രിയുടെ പ്രഘോഷകനായ സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷിക ദിനമായ ജനുവരി 12ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച കാല്‍നട യാത്ര ഒന്നരവര്‍ഷം കൊണ്ട് ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ സാംസ്കാരിക ഭൂമിയിലൂടെ 6500 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് സമാപിക്കുക. ദലൈലാമയെപ്പോലുള്ള ആദ്ധ്യാത്മികാചാര്യന്മാര് അണ്ണാഹസാരെയേപ്പോലുള്ള സാമുഹ്യപ്രവര്‍ത്തകര്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള രാഷ്ടീയ നേതാക്കള്‍ അണിചേരുന്ന യാത്ര പ്രതിദിനം 15-20 കിലോമീറ്ററാണ് പിന്നിടുക. പ്രതിദിനയാത്ര അവസാനിക്കുന്നിടത്ത് ആരാധനാ മന്ദിരങ്ങളില്‍ സര്‍വമത പ്രാര്‍ത്ഥനയും സംവാദങ്ങളും ഉണ്ടാകും.
മതമൈത്രി,സര്‍വ്വസമത്വം,പ്രകൃതിയോടിണങ്ങിയ ജീവിതം,സ്ത്രീശാക്തീകരണം,സാമൂഹിക ആരോഗ്യം,വിദ്യാഭ്യാസവും യുവജനക്ഷേമവും എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തുന്ന യാത്ര തമിഴ്നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകും.
മതമൈത്രി
മതമൈത്രിയും ഏകതാബോധവും പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനുമുള്ള മുന്നിരപ്രവര്ത്തനങ്ങള്വേണം. മതബോധത്തിന്റെ വൈവിധ്യങ്ങള്‍ക്കതീതമായി, എന്നാല്‍ അവയെ പരസ്പരം സ്നേഹിച്ചും ആദരിച്ചുംകൊണ്ട് നടത്തപ്പെടുന്ന ഹൃദയം തുറന്ന സംവാദങ്ങളാണ് അതില്‍ പ്രധാനം. മതവിശ്വാസം സമാധാനത്തിന്റെ ചാലകശക്തിയാകണം. അതൊരിക്കലും വിഭാഗീയതയുടെയോ പാര്ശ്വവല്ക്കരണത്തിന്റെയോ ആയുധമാകരുത്. വേദപുരാണേതിഹാസങ്ങളും ഉപനിഷത്തുകളും നമുക്ക് കൈമാറിയ മതമൈത്രിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
സര്‍വ്വസമത്വം
ജാതിമതവര്ഗ്ഗ വര്ണ്ണഭാഷ ലിംഗഭേദങ്ങള്‍ക്കതീതമായ തുല്യതയാണ് ലക്ഷ്യമിടുന്നത്. തുല്യത കൈവരിച്ചാല്‍ ലഭ്യമാകുന്നത് സുരക്ഷയാണ്. ഇതിലൂടെ ഓരോ വ്യക്തികളും എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിമുക്തമാകുന്നു. വിവേചനത്തിനെതിരായ ഉറച്ചകാല്വയ്പുകളാണിതെന്ന് ഉറപ്പിച്ച് പറയാനാകും. ഏതൊരാള്‍ക്കും അയാളുടെ ജീവിതസാഹചര്യങ്ങളെന്തു തന്നെയായാലും സമൂഹത്തില്‍ തനിക്ക് ലഭിക്കേണ്ട തുല്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഒരു അലംഭാവവും ഉണ്ടാകരുത്.
പ്രകൃതിയോട് ഇണങ്ങിയ ജീവിതം
ഓരോരുത്തര്‍ക്കും സമീപസ്ഥമായ പരിസ്ഥിതിയെ അതിന്റെ സഹജാവസ്ഥയില്‍ തന്നെ നിലനിര്‍ത്താനും പ്രകൃതിചൂഷണം പരമാവധി കുറയ്ക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും കഴിയണം. ലളിതജീവിതവും മിതമായ ഉപഭോഗവും നീതിപൂര്‍വ്വമായ വളര്‍ച്ചയും കരുതലോടെയുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനവും വഴി സര്‍വ്വതോമുഖമായ അഭിവൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണം.
സ്ത്രീശാക്തീകരണം
സ്ത്രീകള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്കി അവരെ ശക്തരാക്കിയെങ്കില് മാത്രമേ മാറിവരുന്ന ജീവിതസാഹചര്യങ്ങളെ നേരിടാനുള്ളപ്രാപ്തി അവര്‍ക്കുണ്ടാവുകയുള്ളു. ഈ ശാക്തീകരണത്തിലൂടെ നാടിന്റെ ഭരണ നിര്‍വഹണ പ്രക്രിയയില്‍ അവരുടെ ഭാഗഭാഗിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും വരുമാനം തീരെയില്ലാത്ത ദരിദ്രവിഭാഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സ്ത്രീശാക്തീകരണം കൂടിയേ കഴിയൂ. സമൂഹത്തിന്റെ സമഗ്ര നന്മയെ ലക്ഷ്യമാക്കിയുള്ളതും വ്യക്തിഗത ആരോഗ്യത്തിലും ശുചിത്വത്തിലും ഊന്നല്‍ നല്‍കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സാമൂഹിക ആരോഗ്യം
ശുചിത്വവും രോഗപ്രതിരോധവും പ്രാഥമിക ആരോഗ്യ സംരക്ഷണവും വ്യക്തിതലത്തില്‍ നിന്ന് സാമൂഹ്യതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലവത്താകണമെങ്കില്‍ പ്രാദേശിക സമൂഹവുമായി ദീര്‍ഘകാലബന്ധം നിലനിര്‍ത്തേണ്ടതുണ്ട്.
സമൂഹത്തെ പൊതുവായി ബാധിക്കുന്ന ശാരീരിക മാനസിക വൈകല്യങ്ങളെയും തെറ്റായ ശുചിത്വ- ആരോഗ്യ പ്രവണതകളെയും നിരന്തരം വീക്ഷിക്കാനും വിലയിരുത്താനും ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുവാനും സ്വയം സന്നദ്ധരായ കുറച്ചുപേര്‍ പ്രാദേശികതലത്തില്‍ സജീവമായിരിക്കണം. ശുചിത്വവും ആരോഗ്യപരിരക്ഷയും സംബന്ധിച്ച് അവബോധം സാധ്യമാകുകയും പകര്‍ച്ചവ്യാധികള്‍ പടിക്കുപുറത്ത് നില്‍ക്കുകയും ചെയ്യും.
വിദ്യാഭ്യാസവും യുവജനക്ഷേമവും
സമൂഹത്തിലെ പാര്ശ്വവല്കൃത വിഭാഗങ്ങളില്‍പ്പെട്ട യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കി അവരെ ഭാരതത്തിന്റെ ദേശീയ പൊതുധാരയില്‍ കൊണ്ടുവരണം. നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട യുവജനങ്ങളുടെ യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്താനുതകുന്ന സാമൂഹ്യസമ്പര്‍ക്ക പരിപാടികളും പ്രവൃത്തി പരിചയമേളകളും സംഘടിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്താനും തൊഴില്‍ പരിശീലനം നേടാനും മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേണം.
ശ്രീഎം എന്ന പേരിന്റെ പിന്നില്‍
യഥാര്‍ത്ഥ പേര് മുംതാസ് അലി ഖാന്. ഗുരു മഹേശ്വര്‍നാഥ്. അദ്ദേഹം എനിക്കു നല്കിയ പേര് മധുകര്‍ നാഥ്. മധു എന്ന് ഗുരു മധുരമായി നീട്ടി വിളിക്കുന്നത് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഇതിനെല്ലാം പുറമെ ഞാന്‍ ഒരു മനുഷ്യനാണ്. സ്വാമി എന്ന് വിളിക്കണോ സാര്‍ എന്ന് വിളിക്കണോ എന്നൊക്കെ പലര്‍ക്കും സംശയമുണ്ടായിരുന്നു. രാജസ്ഥാനിലെ ജയസല്മീര് രാജകുടുംബത്തിലെ ലക്ഷ്മി പത്താഡിയോ രാജ്ഞിയാണ് ആദ്യമായി ശ്രീ എം എന്ന് അഭിസംബോധന ചെയ്തത്. അതു പിന്നെ പേരായി സ്വീകരിക്കുകയായിരുന്നു.
ആദ്ധ്യാത്മികത ; ആള്‍ദൈവം
ആദ്ധ്യാത്മികത ഒരു അനുഭൂതിയാണ്. എന്നെപ്പോലെ സാധാരണക്കാരനായ ഒരാള്‍ക്ക് അത് നേടാനായെങ്കില്‍ ആര്‍ക്കും അതിനു കഴിയും. ആള് ദൈവം എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവുമില്ല. ആള് ഉണ്ട്. ദൈവവും ഉണ്ട്. രണ്ടും രണ്ടാണ്. ചില ആളുകള്‍ക്ക് ദൈവത്തിന്റെ മഹത്വത്തിലേക്ക് എത്താന്‍ പറ്റിയേക്കാം. എന്നെ ആള്‍ദൈവം എന്ന് ഇതുവരെ വിശേഷിപ്പിക്കാത്തതു ഭാഗ്യം.
നരേന്ദ്രമോദി
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ട്. യാത്രയെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം തേടണമെന്ന് ആഗ്രഹിച്ചിരുന്നു. പദയാത്രയുടെ വിശദമായ വിവരങ്ങളുമായിട്ടാണ് പോയത്. ചെറിയ ചെറിയ കാര്യങ്ങള്‍ വരെ വിശദമായി ചോദിച്ചു. റൂട്ട് മികച്ചതാണെന്നു പറഞ്ഞു. ഓരോ പ്രദേശത്തെയും പ്രത്യേകതയും മോദി പറഞ്ഞു.
യാത്രയില്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളും പൂര്‍ത്തീകരിക്കേണ്ട ചില ലക്ഷ്യങ്ങളും മോദി ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തേക്കും പ്രവേശിക്കും മുമ്പ് അതത് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുകയും സംസ്ഥാനം വിടുമ്പോള്‍ കണ്ടകാര്യങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച് കത്തെഴുതണമെന്നും പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശിച്ചത്. കന്യാകുമാരിയില്‍ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചപ്പോള്‍ വന്നാലുള്ള കുഴപ്പം ചൂണ്ടിക്കാട്ടുകയായിരുന്നു മോദി.
‘വന്നാല്‍ അത് കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ യാത്രയുടെ വിജയത്തിന് കോട്ടം വരും. .മത, വര്‍ഗ്ഗ, ദേശ, സംസ്കാര, പ്രത്യയശാസ്ത്ര വൈവിധ്യങ്ങള്‍ക്കതീതമായ യാത്ര എന്ന രീതിയില്‍ ദക്ഷിണേന്ത്യയില്‍ സ്വീകാര്യത കിട്ടിയെന്നുവരില്ല. മോദിയുടെ യാത്ര എന്ന നിലയിലാകും . പ്രചരണം ലഭിക്കുക. ദല്‍ഹിയിലോ ഗുജറാത്തിലോ വച്ച് യാത്രയില്‍ അണിചേരാം എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം എങ്ങനെ വ്യത്യസ്തനും മഹാനുമായി എന്നത് അടിവരയിടുകയായിരുന്നു.
കുടുംബം
ഗുരു മഹേശ്വര്‍നാഥ് ബാബാജിയാണ് കുടുംബജീവിതം നയിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഉഡുപ്പിയിലെ ഗൗഡസാരസ്വത വിഭാഗത്തില്‍പ്പെട്ട സുനന്ദയാണ് ഭാര്യ. മകന് റോഷന് ഗ്രാഫിക് ഡിസൈനറാണ്. ജയ്പൂരിലെ റാവത്ത് കുടുംബത്തില്‍ നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്. മകള്‍ ഐഷയ്ക്ക് മ്യൂസിക്കാണ് ഇഷ്ടം. അവളുടെ വിവാഹം ഉറപ്പിച്ചു. പഞ്ചാബിയാണ് വരന്. രാമാനന്ദ സാഗറിന്റെ കൊച്ചുമകന്. എന്റെ യാത്ര കര്‍ണാടകയില്‍ എത്തുമ്പോള്‍ ഏപ്രിലിലായിരിക്കും കല്യാണം. യാത്രയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ഉദാഹരണം കൂടിയാകും കേരളീയ രീതിയില്‍ നടത്തണമെന്ന് ഉദ്ദേശിക്കുന്ന കല്യാണം
വിവാദങ്ങളോട് വിമുഖതയും എതിര്‍പ്പുകളോടും പുഞ്ചിരിയും കാട്ടുന്ന ശ്രീ എം തന്റെ യാത്രക്ക് പറ്റിയ മികച്ച സമയം എന്ന തിരിച്ചറിവോടെ പറയുന്നു. നമുക്കൊരുമിച്ച് നടക്കാം. പരസ്പരം കൈ കോര്‍ത്ത്. ഏതെങ്കിലും സംഘത്തിന്റേയോ രാഷ്ട്രീയ കക്ഷിയുടേയോ അംഗങ്ങളായിട്ടോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റേയോ വക്താക്കളായിട്ടല്ല; ഒരു മനുഷ്യജീവിയായിട്ട്, ഭയവും അരക്ഷിതബോധവുമില്ലാതെ, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ലിംഗ ഭേദമില്ലാതെ ഏവര്‍ക്കും തുല്യതയും അവസരസമത്വവുമുള്ള ഒരു സമൂഹനിര്‍മ്മിതിക്കായി ഒരുമിച്ച് യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: