തൊടുപുഴ : മീനച്ചില്‍ ഹിന്ദുമഹാസംഗമം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ ഡോ. പി. ചിദംബരനാഥ് വീരമാതുതി പുരസ്കാരം ജന്മഭൂമിയുടെ മുന്‍ മുഖ്യ പത്രാധിപര്‍ പി.നാരായണന് സമ്മാനിച്ചു. മീനച്ചില്‍ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ വച്ച് സരസമ്മാള്‍ ചിദംബരനാഥാണ് പി നാരായണന് അവാര്‍ഡ് നല്‍കിയത്.
ആറര പതിറ്റാണ്ടിലേറെക്കാലം ഹൈന്ദവ നാവോദ്ധാന പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ സംഭാവനയെ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. എഴുത്തുകാരന്, പത്രപ്രവര്ത്തകന്, വിവര്ത്തകന്, കാര്‍ട്ടൂണിസ്റ്റ്, രാജനൈതികരംഗത്തെ പ്രവര്ത്തകന്, സംഘ പ്രചാരകന് തുടങ്ങി അദ്ദേഹത്തിന് അപ്രാപ്യമായ മേഖലകളൊന്നുമുണ്ടായിരുന്നില്ല.
ജന്മഭൂമി ദിനപ്പത്രം ആരംഭിച്ച് അതിന്റെ ശൈശവ, ബാല, യൗവന, കാലഘട്ടങ്ങളിലെല്ലാം ബാധിച്ച മുഴുവന്‍ കഷ്ടപ്പാടുകളിലും ജന്മഭൂമിയെ നയിക്കാന്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. ജനറല്‍ മാനേജര്‍, പ്രിന്റര്‍, പബ്ലിഷര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത ഒരു മേഖലയും ജന്മഭൂമിയിലുണ്ടായിട്ടില്ല.
തൊടുപുഴയ്ക്കടുത്ത് മണക്കാട് ഒറ്റപ്ലാക്കല്‍ പത്മനാഭന് നായരുടെയും സി. കെ ദേവകി അമ്മയുടെയും എട്ടുമക്കളില്‍ മൂത്തവനായിട്ടാണ് നാരായണ്‍ജിയുടെ ജനനം. മണക്കാട് എന്‍.എസ്.എസ് മലയാളം സ്ക്കൂളിലും തൊടുപുഴ ഗവ. ഇംഗ്ലീഷ് ഹൈസ്ക്കൂളിലുമായി പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു ഉപരിപഠനം.
കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയും സംഘപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. തിരുവനന്തപുരം പുത്തന്‍ചന്ത ശാഖയിലൂടെയാണ് സംഘ സപര്യ ആരംഭിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി മടങ്ങി എത്തിയശേഷം തൊടുപുഴയില്‍ ആദ്യമായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത് നാരായണ്‍ജിയായിരുന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ആര്.എസ്.എസ് പ്രവര്‍ത്തകനും ആദ്യത്തെ പ്രചാരകനുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: