ഇടുക്കി : കൈക്കൂലിയിടപാടില്‍ ജില്ലയിലെ രണ്ട് എസ്.ഐമാര്‍ക്കെതിരെ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്കി. ഹൈറേഞ്ച് മേഖലയിലെ രണ്ട് എസ്.ഐമാര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. കൈക്കൂലിക്കാരായ ഈ എസ്.ഐമാര്‍ പ്രമോഷനിലൂടെ എസ്.ഐക്കസേരയിലെത്തിയവരാണ്.
ഒരു എസ്.ഐ തമിഴ്നാട്ടില്‍ നിന്നും ഏലത്തോട്ടത്തിലേക്ക് ജോലിക്കെത്തന്നവരെ കൊണ്ടുവരുന്ന വാഹന ഉടമകളോട് കൈമടക്ക് വാങ്ങിയാണ് കുപ്രസിദ്ധനായത്. വിവാദനായകനായ മറ്റൊരു എസ്.ഐ പരാതി അന്വേഷിക്കുന്നതിന് കൈക്കൂലി അവശ്യപ്പെടുകയാണ്. രണ്ട് എസ്.ഐമാരും പൊതുജനത്തിന് ദുരിതമുണ്ടാക്കുന്നു എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.ഐമാര്‍ക്കെതിരെ സസ്പെന്ഷനുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പോലീസ് സൂപ്രണ്ട് അലക്സ് എം.വര്‍ക്കി ഐ.ജിക്ക് കൈമാറിയാല്‍ സസ്പെന്ഷന് ഉറപ്പാണ്.
ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്ന ഒരു എസ്.ഐയെ ഇടുക്കിയില്‍ നിയമിക്കരുതെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടുള്ളതാണ്. എറണാകുളം ജില്ലയിലെ ഒരു സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ വീണ്ടും ഇടുക്കിയിലെ ഒരു മലയോര സ്റ്റേഷനിലെത്തിയത്. അവിടെ സ്വന്തമായി വാങ്ങിയ ബ്രീത്ത് അനലൈസര്‍ വച്ച് പരിശോധന നടത്തി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഇദ്ദേഹം പിടിയിലായിരുന്നു. ജില്ലയിലെ പ്രമുഖ്യനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് വീണ്ടും ഈ വിവാദ എസ്.ഐയെ ഇടുക്കി ജില്ലയിലേക്ക് പോസ്റ്റു ചെയ്തത്.
ഇവിടെ ജനങ്ങളുമായും സഹപ്രവര്‍ത്തകരുമായും പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടര്ന്നാണ് ഇപ്പോഴത്തെ സ്റ്റേഷനിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. ഇന്ന് ഇടുക്കിയിലെത്തുന്ന ആഭ്യന്തര മന്ത്രിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വിവാദ എസ്.ഐമാര്‍ക്കെതിരെ പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: