കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ എണ്ണം വര്‍ധിക്കുമെന്നു സൂചന.
കഴിഞ്ഞ ദിവസം പിടിയിലായ എമിഗ്രേഷന്‍ എസ്ഐമാരായ മനു, കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം താമസിച്ചിരുന്ന മറ്റൊരു എമിഗ്രേഷന്‍ എസ്ഐയായ സജീന്ദ്രന്പിള്ളയോടു ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ഭയന്നു സജീന്ദ്രന്‍പിള്ള മെഡിക്കല്‍ ലീവെടുത്തിരിക്കുകയാണ്.
സ്വര്‍ണക്കടത്തുമായി നേരിട്ടു ബന്ധമുള്ള എസ്ഐ ഇ.എം. മനുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്ഐ കൃഷ്ണകുമാറിനെയും അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എസ്ഐ സജീന്ദ്രന് പിള്ള ചിത്രത്തില്‍ വന്നത്. ഇവര്‍ മൂവരും ഒരേ ബാച്ചില്‍ കയറിയവരാണ്.
അതേസമയം നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വകുപ്പില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന, മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ കേരള പോലീസ് സേനാംഗങ്ങളെ ഒഴിവാക്കാനുള്ള നീക്കം ആരംഭിച്ചു. ഇതിനായി 68 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നിലവില്‍ 235 പേരാണു എമിഗ്രേഷനിലുള്ളത്. ഇതില്‍ 130 പേര് കേരള പോലീസില്‍ നിന്നും ഡപ്യൂട്ടേഷനിലെത്തിയവരാണ്.
എമിഗ്രേഷന്‍ വകുപ്പില്‍ മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നു പൊതുതത്വമുണ്ട്. എന്നാല്‍ പലരും ഉന്നത സ്വാധീനം ഉപയോഗിച്ചു സേവനകാലാവധി നീട്ടുകയാണു പതിവ്. കഴിഞ്ഞ ദിവസം പിടിയിലായ എമിഗ്രേഷന്‍ എസ്ഐ മനു നാല് വര്‍ഷമായി നെടുമ്പാശേരിയില്‍ തുടരുകയായിരുന്നു.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: