തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ നിന്ന് ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞു.മാണിയെ രക്ഷിക്കാന്‍ മന്ത്രിമാരും മകനും എംപിയുമായ ജോസ് കെ മാണിയടക്കം ഇറങ്ങിയെങ്കിലും ശ്രമം പാളുകയായിരുന്നു.പുതിയ വെളിപ്പെടുത്തലുകളുമായി ബിജു രമേശ് രംഗത്തെത്തിയതാണ് കാരണം.
പ്രതിപക്ഷത്തെയും അന്വേഷണ ഉദ്യോഗസ്ഥരെയും ചില ബാറുടമകളെയും വരുതിയിലാക്കി കേസ് ഒതുക്കാനായിരുന്നു നീക്കം. എന്നാല്‍ കേസില്‍ ബാറുടമകളോട് മൊഴി മാറ്റി പറയാന്‍ മന്ത്രി പി.ജെ. ജോസഫും ജോസ് കെ. മാണി എംപിയും നിരന്തരം ആവശ്യപ്പെട്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തി.
ക്വിക്ക് വേരിഫിക്കേഷന്റെ ഭാഗമായി വിജിലന്‍സ് എടുത്ത മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ ബാര്‍ ഹോട്ടല്‍ ഉടമ തങ്കച്ചനെ നേരിട്ടുവിളിച്ച് പി.ജെ. ജോസഫ് സംസാരിച്ചു. വീട്ടില്‍ പണംകൊണ്ടു പോയെങ്കിലും മാണി പണം വാങ്ങിയില്ലെന്ന് പറയാനാണ് ജോസഫ് ആവശ്യപ്പെട്ടത്. ബാര്‍ ഉടമകള്‍ നല്കിയ മൊഴിയുടെ പകര്‍പ്പ് കൈയില്‍വച്ചാണ് ഇത് മാറ്റിപ്പറയാന്‍ ജോസഫ് ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തിലെ വിവരങ്ങളെല്ലാം മന്ത്രിമാരുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി പണം വാങ്ങിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ ജോണ്‍ കല്ലാട്ടിനോട് ജോസ് കെ. മാണിയാണ് ആവശ്യപ്പെട്ടത്. ബിജു രമേശ് പറഞ്ഞു.
മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍നിന്ന് ഒരു വിഭാഗം ബാറുടമകള്‍ മലക്കം മറിഞ്ഞത് ഇതിന്റെ ഭാഗമായായിരുന്നു. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുമ്പ് പറഞ്ഞ ബാര്‍ ഉടമകള്‍ ശനിയാഴ്ചയാണ് വിജിലന്‍സിന് മുന്നില്‍ നിലപാട് മാറ്റിയത്. മൊഴിയെടുപ്പിന്റെ ഒരു ഘട്ടത്തിലും കോഴയോ പാര്‍ട്ടി ഫണ്ടോ നല്‍കിയെന്ന് ഇവര്‍ പറഞ്ഞില്ല. മാണിയെ കാണാന്‍ പോയത് സഹായം അഭ്യര്‍ഥിച്ചാണെന്നും പണം നല്കാനല്ലെന്നുമാണ് ബാര്‍ ഉടമകള്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: